12:25am 25 October 2025
NEWS
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ 75 ലക്ഷം രൂപ ഗ്രാന്റ് നേടി കെഎസ് യു എം സ്റ്റാര്‍ട്ടപ്പായ നീയോക്സ് ഇക്കോ സൈക്കിൾ
23/10/2025  12:16 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ 75 ലക്ഷം രൂപ ഗ്രാന്റ് നേടി കെഎസ് യു എം സ്റ്റാര്‍ട്ടപ്പായ നീയോക്സ് ഇക്കോ സൈക്കിൾ

 

കൊച്ചി : കെ എസ് യുഎമ്മില്‍ ഇന്‍കുബേറ്റ് ചെയ്ത ഡീപ്-ടെക് കാലാവസ്ഥാ സ്റ്റാർട്ടപ്പായ നീയോക്സ് ഇക്കോ സൈക്കിളിന്, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ (സി എസ് എൽ) ഉഷസ്സ് മാരിടൈം ഇന്നൊവേഷൻ പദ്ധതിയുടെ 75 ലക്ഷം രൂപയുടെ പ്രോട്ടോടൈപ്പിംഗ് ഗ്രാന്റ് ലഭിച്ചു. കപ്പലുകളുടെ അടിത്തട്ട് തുരുമ്പെടുക്കാതിരിക്കാന്‍ പുരട്ടുന്ന വിഷരഹിത  പദാര്‍ഥം വികസിപ്പിക്കുന്നതിനായാണ് ഈ ധനസഹായം ഉപയോഗിക്കുന്നത്.

ഐ ഐ എം കോഴിക്കോട് കാമ്പസിൽ നടന്ന ചടങ്ങിൽ ഔദ്യോഗിക കരാർ ഒപ്പിടുകയും ചെക്ക് കൈമാറുകയും ചെയ്തു. ഐ ഐ എം കോഴിക്കോട് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അശുതോഷ് സർക്കാർ, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ചീഫ് ജനറൽ മാനേജർ (ഡിസൈൻ) കെ. ആർ. അഞ്ജന, സീനിയർ മാനേജർ  കൃഷ്ണ പ്രസാദ് എസ്, ലൈവ് ഐ ഐ എം കോഴിക്കോട് സീനിയർ ജനറൽ മാനേജർ ലിജോ പി. ജോസ്, അസിസ്റ്റന്റ് മാനേജർ ഡോ. ജിയോ പി. ജോസ്, മാനേജർ - പ്രോഗ്രാംസ് ആന്റ് പ്ലാറ്റ്‌ഫോംസ് ടിറ്റു എം. ജോൺ എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.

കപ്പലിന്റെ അടിത്തട്ട് തുരുമ്പെടുക്കുന്നതിനെ പ്രതിരോധിക്കാന്‍ നിലവില്‍ ഉപയോഗിക്കുന്ന വസ്തുക്കളിലെ വിഷാംശം പരിസ്ഥിതിയ്ക്ക് കോട്ടമുണ്ടാക്കുന്നതാണ്.പുതിയ കോട്ടിംഗ് വഴി കപ്പലുകളുടെ ഇന്ധനക്ഷമത വർദ്ധിപ്പിക്കാനും കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കാനും സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കാനും സാധിക്കുമെന്ന് നിയോക്സിന്റെ സ്ഥാപകനും സിഇഒയുമായ അഖില്‍ രാജ് പൊട്ടേക്കാട്ട് പറഞ്ഞു. ആഗോള തലത്തിൽ  മാതൃകാപരമായ നേട്ടമാണിത്. കൊച്ചിൻ ഷിപ്പ്‌യാർഡുമായുള്ള സഹകരണം സുസ്ഥിരമായ കപ്പൽ നിർമ്മാണ മേഖലയില്‍ കേരളത്തിന്റെ നേതൃപാടവത്തെയും പരിസ്ഥിതി സൗഹൃദമായ വ്യവസായങ്ങളും ആരോഗ്യകരമായ പൊതുസമൂഹങ്ങളും കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധതയും ദൃശ്യമാക്കുന്നു. കാർബൺ-നെഗറ്റീവ് കോട്ടിംഗ് സാങ്കേതികവിദ്യ വാണിജ്യവൽക്കരിക്കാനാണ് നിയോക്സ് ലക്ഷ്യമിടുന്നത്. ഇതിലൂടെ മറൈന്‍ ടെക് നവീകരണത്തില്‍ കേരളവും ഇന്ത്യയും ആഗോള നേതൃനിരയിലേക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്റ്റാർട്ടപ്പ് മിഷന്റെ അംഗീകാരവും കോഴിക്കോട് എൻ ഐ ടി  ടി ബി ഐ, ലൈവ് ഐ ഐ എം കോഴിക്കോട് എന്നിവയുടെ പിന്തുണയും നീയോക്സ് ഇക്കോ സൈക്കിളിനുണ്ട്. കാലാവസ്ഥാ പ്രവർത്തനം, പൊതുജനാരോഗ്യ നവീകരണം, സുസ്ഥിര വ്യാവസായിക പരിവർത്തനം എന്നിവയില്‍ മുൻനിരയിലാണ് നിയോക്സ്. സഹ-സ്ഥാപകയും വൈസ് പ്രസിഡന്റുമായ ഹേമലത രാമചന്ദ്രൻ (കെൽട്രോണിന്റെ മുൻ മാനേജിങ് ഡയറക്ടർ), സഹ-സ്ഥാപകനും സി ടി ഓ യുമായ ഡോ. സജിത് വി (എൻ ഐ ടി കോഴിക്കോട് മെറ്റീരിയൽ സയൻസ് എഞ്ചിനീയറിംഗ് വകുപ്പിലെ പ്രൊഫസറും മേധാവിയും), സഹ-സ്ഥാപകയും സി ഓ ഓ യുമായ ഏകതാ വി (എൻ ഐ ടി കോഴിക്കോട് റിസർച്ച് സ്കോളർ) എന്നിവരടങ്ങുന്നതാണ് നിയോക്സ് ഇക്കോ സൈക്കിള്‍ നേതൃ നിര.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img