01:12am 13 November 2026
NEWS
സീറ്റു കിട്ടാത്തതിൽ പ്രതിഷേധിച്ച് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ രാജിവച്ചു
19/03/2026  04:14 PM IST
nila
സീറ്റു കിട്ടാത്തതിൽ പ്രതിഷേധിച്ച് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ രാജിവച്ചു

തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ രാജിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജി. നിയമസഭാ സീറ്റു വിഭജനത്തിൽ കെഎസ്‌യു സംസ്ഥാന ഭാരവാഹികളെ അവഗണിച്ചെന്നും അർഹമായ പ്രാതിനിധ്യം നൽകിയില്ല എന്നുമാണ് അലോഷ്യസ് സേവ്യറുടെ ആരോപണം. എൻഎസ്‌യു ദേശീയ അധ്യക്ഷന് രാജിക്കത്ത് കൈമാറിയെന്നാണ് റിപ്പോർട്ട്. 

കെഎസ്‌യു നിർദേശിച്ച അഞ്ചുപേരുടെ പട്ടികയിൽ അലോഷ്യസ് സേവ്യറും ഉൾപ്പെട്ടിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെ രണ്ട് ഭാരവാഹികൾക്ക് മത്സരിക്കാൻ അവസരം നൽകിയിരുന്നു. എന്നാൽ, ഇക്കുറി കെ എസ് യു വിന് ആ പരി​ഗണന ലഭിച്ചില്ല. 

പീരുമേട് മണ്ഡലത്തിലാണ് അലോഷ്യസിനെ പരിഗണിച്ചത്. എന്നാൽ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ എതിർപ്പിനെ തുടർന്ന് ആ സാധ്യത നഷ്ടമായി. ട്രേഡ് യൂണിയൻ പരിചയമുള്ള വ്യക്തിയെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു അവരുടെ നിലപാട്. പിന്നീട് ഇടുക്കി മണ്ഡലത്തിൽ അദ്ദേഹത്തെ പരിഗണിച്ചെങ്കിലും, അവിടെ മുതിർന്ന കോൺഗ്രസ് നേതാക്കൾ പട്ടികയിൽ ഉണ്ടായിരുന്നതിനാൽ അവസാനം അവിടെയും അവസരം ലഭിക്കാതെ പോയി.

രാജി അറിയിച്ചുള്ള അലോഷ്യസ് സേവ്യറുടെ കത്ത്

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റായി ഞാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കാലയളവിൽ, പാർട്ടിയുടെ മൂല്യങ്ങൾക്കും, ജനാധിപത്യത്തിനും, മതനിരപേക്ഷതയ്ക്കും വേണ്ടി അനവധി സമരങ്ങൾ നയിക്കാൻ എനിക്ക് അവസരം ലഭിച്ചു. കഴിഞ്ഞ പത്ത് വർഷങ്ങളായി സംസ്ഥാനത്ത് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ തെരുവുകളിൽ പോരാടി, പോലീസ് അതിക്രമങ്ങൾ നേരിട്ട്, ജയിലുകളിൽ കിടന്നത് കെ.എസ്.യു വും പ്രവർത്തകരാണ്.
എന്നാൽ, ഈ സമരങ്ങളുടെ ആത്മാവും ത്യാഗവും പരിഗണിക്കാതെ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.എസ്.യുവിന് അർഹമായ പ്രാതിനിധ്യം നൽകാതിരുന്നതിൽ ഞാൻ അതീവ നിരാശയും പ്രതിഷേധവും രേഖപ്പെടുത്തുന്നു.

യുവജനങ്ങളുടെ രാഷ്ട്രീയ പങ്കാളിത്തം ഉറപ്പാക്കേണ്ട ഈ ഘട്ടത്തിൽ, അവരുടെ സ്വരവും ത്യാഗവും അവഗണിക്കപ്പെട്ടത് സംഘടനയുടെ ആത്മവിശ്വാസത്തെ തന്നെ ബാധിക്കുന്ന കാര്യമാണ്.

കെ.എസ്.യു പ്രവർത്തകരുടെ രക്തവും വിയർപ്പും ചേർന്ന പോരാട്ടങ്ങളുടെ ഫലമായി വളർന്ന ഈ പ്രസ്ഥാനത്തിന് നീതിയുള്ള പരിഗണന ലഭിക്കാത്ത സാഹചര്യത്തിൽ, സംഘടനയുടെ ആത്മാഭിമാനം കാത്തുസൂക്ഷിക്കുന്നതിനായി ഞാൻ എന്റെ സ്ഥാനത്ത് തുടരുന്നത് യുക്തിസഹമല്ലെന്ന് ഞാൻ വിശ്വസിക്കുന്നു.

അതുകൊണ്ട്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റിന്റെ സ്ഥാനത്ത് നിന്ന് ഞാൻ രാജിവെക്കുന്നതായി അറിയിക്കുന്നു. പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽ ഈ വിഷയത്തിന്റെ ഗൗരവം എത്തിക്കുകയും, ഭാവിയിൽ യുവജനങ്ങൾക്ക് കെ എസ് യു പ്രവർത്തകർക്കും യഥാർത്ഥ അംഗീകാരം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കപ്പെടുമെന്ന പ്രതീക്ഷയും രേഖപ്പെടുത്തുന്നു.
വരാനിരിക്കുന്ന തലമുറയിലെ കെഎസ്‍യു പ്രവർത്തകരുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനു വേണ്ടി എന്റെ രാജി സമർപ്പിക്കുന്നു….!

വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ കെ എസ് യു പ്രവർത്തകരും തങ്ങളുടെ നിയോജകമണ്ഡലത്തിൽ സജീവമായി പ്രവർത്തനം നടത്തി ഈ മുന്നണിയെ അധികാരത്തിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്ന് അഭ്യർഥിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img