
തിരുവനന്തപുരം: ശബരിമല സീസൺ ഒഴികെയുള്ള കാലയളവിൽ ഏറ്റവും ഉയർന്ന പ്രതിദിന ടിക്കറ്റ് വരുമാനം സ്വന്തമാക്കി കെഎസ്ആർടിസി. ഓഗസ്റ്റ് 31ന് ടിക്കറ്റ് വിൽപനയിലൂടെ മാത്രം കോർപറേഷന് ലഭിച്ചത് 10.82 കോടി രൂപ. ടിക്കറ്റ് ഇതര വരുമാനം കൂടി കണക്കിലെടുത്തതോടെ അന്നത്തെ ആകെ വരുമാനം 11.66 കോടി രൂപയായി. കഴിഞ്ഞ വർഷം ഓഗസ്റ്റ് 31ന് രേഖപ്പെടുത്തിയ 10.19 കോടി രൂപയുടെ റെക്കോർഡാണ് ഇത്തവണ കെഎസ്ആർടിസി മറികടന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 62.62 ലക്ഷം രൂപയുടെ അധിക വരുമാനം ലഭിച്ചു.
വരുമാനത്തിൽ മാത്രമല്ല, സർവീസ് കാര്യക്ഷമതയിലും ഇത്തവണ മുന്നേറ്റമുണ്ടായി. ഒരാഴ്ചയ്ക്കിടെ ടിക്കറ്റ് വിൽപനയിൽ 22.7 ശതമാനം വർധന രേഖപ്പെടുത്തി. ഓഗസ്റ്റ് 31ന് കെഎസ്ആർടിസി ബസുകൾ ആകെ 15.66 ലക്ഷം കിലോമീറ്റർ സർവീസ് നടത്തി.
ഒരു കിലോമീറ്ററിന് ലഭിച്ച ശരാശരി വരുമാനം 69.09 രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ ദിവസം ഇത് 64.89 രൂപയായിരുന്നു. ഒരു ബസിന് ലഭിച്ച ശരാശരി വരുമാനവും വർധിച്ചു. കഴിഞ്ഞ വർഷത്തെ 22,123 രൂപയിൽ നിന്ന് 23,477 രൂപയായാണ് ശരാശരി വരുമാനം ഉയർന്നത്.
കൂടുതൽ ബസുകൾ സർവീസ് നടത്തിയത് വരുമാന വർധനയ്ക്ക് പ്രധാന കാരണമായി. കഴിഞ്ഞ വർഷം 4,528 ബസുകൾ നിരത്തിലിറങ്ങിയപ്പോൾ ഇത്തവണ 4,641 ബസുകളാണ് സർവീസ് നടത്തിയത്. അതായത് 113 ബസുകൾ അധികമായി ഓപ്പറേറ്റ് ചെയ്തു. കൂടുതൽ സർവീസുകളും ഉയർന്ന യാത്രക്കാരുടെ എണ്ണവും റെക്കോർഡ് വരുമാനത്തിന് പിന്തുണയായെന്നാണ് കെഎസ്ആർടിസിയുടെ വിലയിരുത്തൽ.










