
എന്നും നഷ്ടത്തിന്റെയും പ്രാരാബ്ധത്തിന്റെയും കണക്കുകളാണ് കെഎസ്ആർടിസിയിൽ നിന്നും പുറത്തുവന്നിരുന്നത്. എന്നാൽ, ഇപ്പോഴിതാ, കളക്ഷൻ ചലഞ്ചിൽ കേരളത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് കെ എസ് ആർ ടി സി യൂണിറ്റുകൾ. ചരിത്ര നേട്ടമാണ് കെ എസ് ആർ ടി സി സ്വന്തമാക്കിയിരിക്കുന്നത്. തിങ്കളാഴ്ച മാത്രം ലഭിച്ചത് 10.19 കോടി രൂപയുടെ ടിക്കറ്റ് വരുമാനമാണ്. ആനവണ്ടിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒറ്റ ദിവസം ഇത്രയും കളക്ഷൻ നേടുന്നത്. ഓണം അവധി കഴിഞ്ഞ് യാത്രക്കാരുടെ എണ്ണം വർധിച്ചതാണ് ചരിത്ര ഈ നേട്ടത്തിന് പിന്നിൽ.
ഒരിക്കലും കഴിയില്ല എന്ന സ്വപ്നമാണ് കെഎസ്ആർടിസി ജീവനക്കാരും സൂപ്പർ വൈസർമാരും ഓഫിസർമാരും ചേർന്ന് സാക്ഷാത്ക്കരിച്ചിരിക്കുന്നത്.
ജീവനക്കാരുടെ ആത്മഭിമാനം ഉയർത്തിയ നടപടികളും കെഎസ്ആർടിസിക്ക് തിളക്കമാർന്ന ഇമേജ് നൽകിയ സംസ്ഥാന സർക്കാരും ഗതാഗത വകുപ്പും ഈ നേട്ടത്തിന്റെ നേരവകാശികൾ തന്നെയാണ്. കോർപ്പറേഷനു വേണ്ടി പുതിയ ബസ്സുകൾ നിരത്തിലെത്തിക്കാൻ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ കാട്ടിയ താത്പര്യവും കെ എസ് ആർ ടിസിയുടെ ഈ പുതിയ പ്രതാപത്തിന് കാരണമാകുകയാണ്. സർക്കാരും മാനേജ്മെന്റും ജീവനക്കാരും ഒരുമിച്ച്, ഒരേമനസ്സോടെ നടത്തിയ പ്രവർത്തനങ്ങളാണ് ഒറ്റ ദിവസം കൊണ്ട് 10.19 കോടി രൂപയുടെ വരുമാനം എന്ന ചരിത്ര നേട്ടം കൈവരിക്കാൻ നമ്മുടെ സ്വന്തം ആനവണ്ടിയെ പ്രാപ്തമാക്കിയത്.
അതേസമയം തന്നെ മറ്റൊരു വാർത്തയും കെഎസ്ആർടിസിയിൽ നിന്നും പുറത്തുവരുന്നുണ്ട്. ഓണക്കാല വരുമാനത്തിൽ സംസ്ഥാനത്ത് തന്നെ ഒന്നാം സ്ഥാനം നേടിയിരുന്ന കെഎസ്ആർടിസി ഡിപ്പോ ഇത്തവണ വരുമാനത്തിന്റെ കാര്യത്തിൽ പത്തിൽ താഴെ സ്ഥാനത്തെത്തി. പത്തനാപുരം ഡിപ്പോയാണ് ജീവനക്കാർ കൂട്ടത്തോടെ അവധി എടുത്തതോടെ വരുമാനത്തിൽ പിന്നിൽ പോയത്. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മണ്ഡലമാണ് പത്തനാപുരം എന്നതും ശ്രദ്ധേയമാണ്. ഓണക്കാലത്ത് പല ദിവസങ്ങളിലും പകുതിയോളം ബസുകളും സർവീസ് നടത്തിയില്ല. മന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിലേക്ക് അനുവദിച്ച പുതിയ ബസുകളാകട്ടെ ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് മന്ത്രിയുടെ തീയതി കാത്തു കിടക്കുകയാണ്.
ഡിപ്പോയ്ക്ക് കൂടുതൽ വരുമാനം നേടിക്കൊടുക്കാറുള്ള അവിട്ടം ദിനത്തിൽ ആകെയുള്ള 52 സർവീസിൽ 19 ബസുകളുടെ സർവീസാണ് മുടങ്ങിയത്. ജീവനക്കാർ എത്താത്തതാണ് സർവീസ് മുടങ്ങാൻ കാരണമായി ഡിപ്പോ അധികൃതർ പറയുന്നത്. ഇത്രയും പ്രാധാന്യമുള്ള ദിവസങ്ങളിൽ അവധി നൽകാതെ മറ്റു ദിവസങ്ങളിൽ അവധി നൽകുന്ന രീതിയെ ചില ജീവനക്കാർ അട്ടിമറിച്ചതാണെന്ന് ആക്ഷേപം ഉണ്ട്. എന്നാൽ, ഇത്രയും ബസുകൾ റദ്ദാക്കിയിട്ടും പത്നാപുരം ഡിപ്പോയിലെ അന്നത്തെ ടിക്കറ്റ് വരുമാനം 7,83,000 രൂപയാണ്. 13 ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനം നേടുമായിരുന്നിടത്താണ് എട്ടു ലക്ഷം രൂപയിൽ താഴെ വരുമാനം നേടിയത് എന്നും ഓർക്കണം. കഴിഞ്ഞ വർഷം അവിട്ടം ദിവസത്തെ വരുമാനത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം പത്തനാപുരം ഡിപ്പോയ്ക്കായിരുന്നു. അന്ന് 47 സർവീസ് മാത്രമായിരുന്നു ആകെയുണ്ടായിരുന്നത്.
ചതയം ആഘോഷ ദിവസമായ ഞായറാഴ്ച 17 ബസുകളാണ് റദ്ദാക്കിയത്. ഇതിൽ അഞ്ച് ബസുകൾ സർവീസ് ഇടയ്ക്ക് നിർത്തി (ബിടിസി) ടൂറിസം സെല്ലിന്റെ ഭാഗമായി കല്യാണത്തിന് മാറ്റി വിട്ടു. ഇതു മൂലം ഓരോ സർവീസിനും അയ്യായിരത്തോളം രൂപയുടെ വരുമാന നഷ്ടമുണ്ടായെന്നാണ് വിവരം. പതിനായിരത്തോളം രൂപ ദിവസ വരുമാനം ലഭിക്കേണ്ട സർവീസ്, കല്യാണ ഓട്ടത്തിന് മാറ്റിയത് വഴി ലഭിച്ചത് 3500 രൂപ മാത്രമാണ്. ആകെ 35 സർവീസുകൾ നടത്തി 7,88,548 രൂപയാണ് കലക്ഷൻ ലഭിച്ചത്.
ഇന്നലെ ഡിപ്പോയിൽ ഓടാതെ കിടന്നത് 12 ബസുകളാണ്. ഒരു സർവീസ് മാത്രമേ റദ്ദാക്കിയിട്ടുള്ളുവെന്നാണ് ഔദ്യോഗിക വിശദീകരണം. ശനി, ഞായർ ദിവസങ്ങളിൽ ഇത്രയധികം ബസുകൾ വെറുതേ കിടന്നിട്ടും മറ്റു ഡിപ്പോകൾക്ക് കൈമാറുക പോലും ചെയ്യാത്തത് ഉദ്യോഗസ്ഥർക്കിടയിലെ ശീതസമരം കാരണമെന്നാണ് വിവരം.
അതേ സമയം ഡിപ്പോയ്ക്ക് പുതുതായി അനുവദിച്ച 2 ലിങ്ക് ബസുകൾ, ഒരു ഫാസ്റ്റ് പാസഞ്ചർ ബസ്, മൂന്ന് ഓർഡിനറി ബസുകൾ എന്നിവ ഒരാഴ്ചയായി വെറുതേ കിടക്കുകയാണ്. ഇതോടൊപ്പം എറണാകുളം–കന്യാകുമാരി സർവീസ് നടത്തി വന്ന സൂപ്പർ ഫാസ്റ്റ് ബസ്, പത്തനാപുരം –കന്യാകുമാരി സർവീസാക്കി മാറ്റി ഉത്തരവിറക്കുകയും രണ്ടാഴ്ച മുൻപ് ബസുകൾ എത്തുകയും ചെയ്തെങ്കിലും സർവീസ് തുടങ്ങിയിട്ടില്ല.
ഇനി രണ്ട് സൂപ്പർഫാസ്റ്റ് ബസുകൾ കൂടി ഡിപ്പോയ്ക്ക് അനുവദിച്ചിട്ടുണ്ട്. അതും കൂടി വരുന്ന മുറയ്ക്ക് മന്ത്രിയുടെ സമയം കണ്ടെത്തി ഫ്ലാഗ് ഓഫ് ചെയ്യാനാണ് തീരുമാനമെന്നാണ് ഔദ്യോഗിക വിവരം. പുതുതായി 10 ബസുകളാണ് ഡിപ്പോയിലെത്തുക. ഇത്രയും സർവീസ് നടത്താൻ പത്ത് കണ്ടക്ടർമാരും ഡ്രൈവർമാരും വേണം.
ഇവരെ നിയമിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. കോവിഡ് കാലത്തിനു ശേഷം അട്ടച്ചുപൂട്ടിലിന്റെ വക്കിലേക്ക് പോയ ഡിപ്പോയെ വീണ്ടെടുത്ത് 47 സർവീസ് വരെയെത്തിച്ചത് മുൻ എടിഒ ആയിരുന്ന രാജേഷ് ആണ്. നിലവിൽ 52 സർവീസുകളാണ് ഡിപ്പോയിൽ ഓപ്പറേറ്റ് ചെയ്യുന്നത്.











