
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ ടിക്കറ്റ് തുക ഡിജിറ്റലായി അടയ്ക്കുന്നത് കൂടുതൽ സൗകര്യപ്രദമാക്കാൻ ചലോ ആപ്പിൽ പുതിയ സംവിധാനങ്ങൾ അവതരിപ്പിച്ചു. 'സ്കാൻ ആൻഡ് പേ', 'ചലോ യുപിഐ' എന്നീ രണ്ട് ഫീച്ചറുകളാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ മറ്റ് യുപിഐ ആപ്പുകളിലേക്ക് മാറാതെ തന്നെ ചലോ ആപ്പിലൂടെ ടിക്കറ്റ് തുക അടയ്ക്കാൻ യാത്രക്കാർക്ക് കഴിയും.
കണ്ടക്ടറുടെ കൈവശമുള്ള ഇലക്ട്രോണിക് ടിക്കറ്റ് മെഷീനിൽ ലഭിക്കുന്ന ചലോ യുപിഐ ക്യൂആർ കോഡ് ആപ്പ് ഉപയോഗിച്ച് സ്കാൻ ചെയ്ത് പണമടയ്ക്കാനുള്ള സൗകര്യമാണ് 'സ്കാൻ ആൻഡ് പേ'. അതേസമയം, ചലോ ആപ്പിൽ നിന്ന് പുറത്തുപോകാതെ നേരിട്ട് യുപിഐ പിൻ നൽകി ഇടപാട് പൂർത്തിയാക്കാൻ സഹായിക്കുന്നതാണ് 'ചലോ യുപിഐ' ഫീച്ചർ.
പുതിയ പേയ്മെന്റ് സംവിധാനങ്ങൾ ഉപയോഗിക്കുന്നവർക്കായി നവംബർ 30 വരെ ക്യാഷ്ബാക്ക് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞത് അഞ്ച് രൂപയുടെ ഇടപാട് നടത്തുന്നവർക്ക് ഓരോ തവണയും 50 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഒരു ഇടപാടിന് പരമാവധി പത്ത് രൂപ വരെയാണ് ക്യാഷ്ബാക്ക് ലഭിക്കുക. ഇടപാട് പൂർത്തിയായി 24 മണിക്കൂറിനുള്ളിൽ ഭീം ആപ്പ് വഴി തുക തിരികെ ലഭിക്കും.
നിലവിൽ ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾക്ക് മാത്രമാണ് പുതിയ ഫീച്ചറുകൾ ലഭ്യമാക്കിയിട്ടുള്ളത്. ചലോ ആപ്പിൽ പുതിയ പേയ്മെന്റ് ഓപ്ഷനുകൾ കാണുന്നില്ലെങ്കിൽ ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണം.










