01:52pm 27 September 2026
NEWS
കെഎസ്ആർടിസിയിൽ വൻ മാറ്റത്തിന് സർക്കാർ; എംഎൽഎ ഫണ്ട് ഉപയോഗിച്ച് പുതിയ ബസുകൾ വാങ്ങാൻ അനുമതി
27/09/2026  12:49 PM IST
nila
കെഎസ്ആർടിസിയിൽ വൻ മാറ്റത്തിന് സർക്കാർ; എംഎൽഎ ഫണ്ട് ഉപയോഗിച്ച് പുതിയ ബസുകൾ വാങ്ങാൻ അനുമതി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പഴയ ബസുകൾക്ക് പകരം പുതിയ ബസുകൾ നിരത്തിലിറക്കാൻ വഴിയൊരുങ്ങുന്നു. പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എംഎൽഎ ഫണ്ട് ഉപയോഗിച്ച് പുതിയ ബസുകൾ വാങ്ങാൻ സർക്കാർ അനുമതി നൽകി.

2026-27 സാമ്പത്തിക വർഷത്തെ നിയമസഭാ മണ്ഡല ആസ്തിവികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബസുകൾ വാങ്ങുക. ഒരു എംഎൽഎയ്ക്ക് പരമാവധി മൂന്ന് ബസുകൾ വരെ വാങ്ങുന്നതിനാണ് അനുമതി നൽകിയിരിക്കുന്നത്. ധനകാര്യ വകുപ്പ് കർശന വ്യവസ്ഥകളോടെയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

നിലവിൽ പല റൂട്ടുകളിലും കാലാവധി കഴിഞ്ഞ ബസുകളാണ് സർവീസ് നടത്തുന്നത്. ഇത് യാത്രക്കാർക്കും കെഎസ്ആർടിസിക്കും ഒരുപോലെ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

വാങ്ങുന്ന ബസുകളുടെ സീറ്റിങ് ശേഷി, ബോഡി തരം, ഇന്ധന വിഭാഗം തുടങ്ങിയ കാര്യങ്ങൾ കെഎസ്ആർടിസിയുമായി ചർച്ച ചെയ്ത ശേഷമായിരിക്കും അന്തിമമായി തീരുമാനിക്കുക. ഓരോ മണ്ഡലത്തിലും ബസുകൾ അനുവദിക്കുമ്പോൾ യാത്രക്കാരുടെ ആവശ്യവും സമീപ പ്രദേശങ്ങളിലെ ഗതാഗത ആവശ്യകതയും പരിഗണിച്ചായിരിക്കും റൂട്ടുകൾ നിശ്ചയിക്കുക.

ബസുകളുടെ വിലയ്ക്കൊപ്പം നികുതി, രജിസ്ട്രേഷൻ ചാർജ് തുടങ്ങിയ മുഴുവൻ ചെലവുകളും ഉൾപ്പെടുത്തിയ വിശദമായ പട്ടിക സെപ്റ്റംബർ 30നകം എംഎൽഎമാർ കെഎസ്ആർടിസി എംഡിക്ക് സമർപ്പിക്കണം.

സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും പദ്ധതി നടപ്പാക്കുന്നതോടെ ഏകദേശം 400 പുതിയ ബസുകൾ കെഎസ്ആർടിസി നിരയിലെത്തുമെന്നാണ് പ്രതീക്ഷ. കാലാവധി കഴിഞ്ഞ ബസുകൾ ഘട്ടംഘട്ടമായി മാറ്റി പുതിയ ബസുകൾ എത്തിക്കുന്നതിലൂടെ സർവീസുകളുടെ നിലവാരം ഉയർത്താനും യാത്രാസൗകര്യം മെച്ചപ്പെടുത്താനും കഴിയുമെന്നാണ് വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img