04:52pm 23 November 2026
NEWS
കെഎസ്ആർടിസിയിൽ ശുചിമുറിയും വീൽചെയർ സൗകര്യവുമുള്ള പുതിയ ദീർഘദൂര ബസുകൾ
23/11/2026  04:12 PM IST
nila
കെഎസ്ആർടിസിയിൽ ശുചിമുറിയും വീൽചെയർ സൗകര്യവുമുള്ള പുതിയ ദീർഘദൂര ബസുകൾ

കെഎസ്ആർടിസിയുടെ ദീർഘദൂര യാത്രകൾ കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമാക്കാൻ ശുചിമുറി, വീൽചെയർ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളുമായി പുതിയ എസി സ്ലീപ്പർ കം സീറ്റർ ഫാസ്റ്റ് പാസഞ്ചർ ബസുകൾ എത്തുന്നു. റിട്ടാർഡർ സംവിധാനമുള്ള ഡീസൽ ബസുകളാണ് വാങ്ങാൻ ഉദ്ദേശിക്കുന്നത്. ഇതിന് പുറമെ പുതിയ നോൺ എസി ഫാസ്റ്റ് പാസഞ്ചർ ബസുകളും നിരത്തിലിറക്കും.

പുതിയ നോൺ എസി ബസുകളിൽ 10 ശതമാനത്തിൽ വീൽചെയർ ഉപയോഗിക്കുന്നവർക്ക് കയറാനും ഇറങ്ങാനും കഴിയുന്ന സംവിധാനമുണ്ടാകും. യാത്രക്കാരുടെ സൗകര്യം മുൻനിർത്തി ബസിന്റെ പിൻഭാഗത്തോ മധ്യഭാഗത്തോ ശുചിമുറി ക്രമീകരിക്കും. ശുചിമുറിയുമായി ബന്ധപ്പെട്ട വാട്ടർ ടാങ്കും വേസ്റ്റ് ടാങ്കും ഷാസിക്ക് അടിയിൽ സ്ഥാപിക്കുന്ന രീതിയിലാണ് രൂപകൽപ്പന.

സുരക്ഷയ്ക്കായി ഫയർ ഡിറ്റക്ഷൻ ആൻഡ് സപ്രഷൻ സംവിധാനം, എമർജൻസി എക്സിറ്റ്, സീറ്റ് ബെൽറ്റ് എന്നിവയും ബസുകളിൽ ഉൾപ്പെടുത്തും. വായനയ്ക്കുള്ള പ്രത്യേക ലൈറ്റുകൾ, മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ചാർജ് ചെയ്യാനുള്ള പോയിന്റുകൾ തുടങ്ങിയ സൗകര്യങ്ങളും പുതിയ ബസുകളിലുണ്ടാകും.

ഇറക്കങ്ങളിൽ കൂടുതൽ സുരക്ഷ; റിട്ടാർഡർ സംവിധാനം

പുതിയ ബസുകളിൽ സാധാരണ ബ്രേക്കിന് പുറമെ വേഗം നിയന്ത്രിക്കാൻ സഹായിക്കുന്ന റിട്ടാർഡർ സംവിധാനവും ഉണ്ടായിരിക്കും. പ്രത്യേകിച്ച് ചുരങ്ങളിലൂടെയും കുത്തനെയുള്ള ഇറക്കങ്ങളിലൂടെയും യാത്ര ചെയ്യുമ്പോൾ തുടർച്ചയായി ബ്രേക്ക് ഉപയോഗിക്കേണ്ട സാഹചര്യം കുറയ്ക്കാൻ ഇത് സഹായിക്കും.

തുടർച്ചയായ ബ്രേക്കിങ് മൂലം ബ്രേക്ക് ലൈനറുകൾ അമിതമായി ചൂടാകുന്നതും ബ്രേക്കിന്റെ പ്രവർത്തനക്ഷമത കുറയുന്നതും ഒഴിവാക്കാൻ റിട്ടാർഡർ സഹായകമാണ്. ബ്രേക്ക് സംവിധാനത്തിന്റെ തേയ്മാനം കുറയുന്നതോടെ അറ്റകുറ്റപ്പണികൾക്കുള്ള ചെലവും കുറയ്ക്കാനാകും. ഇലക്ട്രോ മാഗ്നറ്റിക്, ഹൈഡ്രോളിക് എന്നീ വിഭാഗങ്ങളിലുള്ള റിട്ടാർഡറുകളാണ് വാഹനങ്ങളിൽ സാധാരണ ഉപയോഗിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img