09:15pm 14 August 2026
NEWS
വന്ദേഭാരതിനെ വെല്ലും കെഎസ്ആർടിസിയുടെ ‘എക്സിക്യൂട്ടീവ് ക്ലാസ്’; ആലപ്പുഴ–ബെംഗളൂരു സർവീസ് ഞായറാഴ്ച മുതൽ
14/08/2026  08:27 PM IST
nila
വന്ദേഭാരതിനെ വെല്ലും കെഎസ്ആർടിസിയുടെ ‘എക്സിക്യൂട്ടീവ് ക്ലാസ്’; ആലപ്പുഴ–ബെംഗളൂരു സർവീസ് ഞായറാഴ്ച മുതൽ

തിരുവനന്തപുരം: ദീർഘദൂര യാത്രക്കാർക്ക് വിമാന-ട്രെയിൻ യാത്രയ്ക്ക് സമാനമായ സൗകര്യങ്ങളുമായി കെഎസ്ആർടിസിയുടെ പുതിയ ആഡംബര ബസ് സർവീസ്. ‘എക്സിക്യൂട്ടീവ് ക്ലാസ്’ എന്ന പേരിലുള്ള സർവീസ് ആലപ്പുഴ–ബെംഗളൂരു റൂട്ടിൽ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും.

വന്ദേഭാരത് ട്രെയിനിന് സമാന്തരമായി രാത്രിയാത്രയ്ക്ക് അനുയോജ്യമായ രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ആലപ്പുഴയിൽ വൈകിട്ട് 5.30ന് സർവീസ് പുറപ്പെടും. വൈറ്റില, തൃശൂർ മണ്ണുത്തി ബൈപ്പാസ്, പാലക്കാട് ചന്ദ്രനഗർ, കോയമ്പത്തൂർ എൽ ആൻഡ് ടി ബൈപ്പാസ്, സേലം വഴി സഞ്ചരിച്ച് പിറ്റേദിവസം രാവിലെ 5.55ന് ബെംഗളൂരുവിലെത്തും.

തിരികെ ബെംഗളൂരുവിൽ നിന്ന് രാത്രി 8ന് പുറപ്പെടുന്ന ബസ് പിറ്റേദിവസം രാവിലെ 8ന് ആലപ്പുഴയിലെത്തും. നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും സർവീസ്.

യാത്രയിൽ ആഡംബര സൗകര്യങ്ങൾ

സെമി സ്ലീപ്പർ സീറ്റുകളാണ് ബസിലെ പ്രധാന ആകർഷണം. ഓരോ നിരയിലും രണ്ട് സീറ്റുകൾ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാർക്ക് വിനോദത്തിനായി ഓരോ സീറ്റിനും പിന്നിൽ പ്രത്യേകം സ്ക്രീനും ഒരുക്കിയിട്ടുണ്ട്.

എയർ സസ്‌പെൻഷൻ, മൊബൈൽ ചാർജിങ് പോയിന്റ്, ബോട്ടിൽ ഹോൾഡർ, ലഗേജ് റാക്ക് എന്നിവയ്ക്കൊപ്പം ശുചിമുറി സൗകര്യവും ബസിലുണ്ട്. ചായ ഉൾപ്പെടെയുള്ള ലഘുഭക്ഷണം ലഭിക്കുന്നതിനായി പാൻട്രി, കഫെറ്റീരിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ആലപ്പുഴയിൽ വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങിൽ കെ.സി. വേണുഗോപാൽ എംപി പുതിയ സർവീസ് ഉദ്ഘാടനം ചെയ്യും. യാത്രക്കാർക്ക് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ആരംഭിച്ചിട്ടുണ്ട്.

യാത്രക്കാർക്ക് www.onlineksrtcswift.com എന്ന വെബ്‌സൈറ്റിലും 9447071021 എന്ന വാട്‌സാപ്പ് നമ്പർ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രാ മാർഗം, തീയതി, സർവീസ്, സീറ്റ് എന്നിവ തിരഞ്ഞെടുക്കാനും ഓൺലൈനായി പണമടയ്ക്കാനും ഇതിലൂടെ സാധിക്കും. ബുക്കിങ് പൂർത്തിയായാൽ ഇ-ടിക്കറ്റും പിഎൻആർ വിവരങ്ങളും ഇതേ ചാറ്റിൽ തന്നെ ലഭ്യമാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img