
കേരളത്തിലെ ജനങ്ങൾക്ക് കെ എസ് ആർ ടി സിക്ക് വേണ്ടി പരസ്യം പിടിച്ച് പണം സമ്പാദിക്കാൻ അവസരം ഒരുങ്ങുന്നു. ആർക്കും കെഎസ്ആർടിസിക്ക് വേണ്ടി പരസ്യങ്ങൾ പിടിക്കാമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി. നൂതനമായ 'തൊഴിൽ ദാന പദ്ധതി' ഉടൻ നിലവിൽ വരും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെ.എസ്.ആർ.ടി.സി.യെ രക്ഷിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
ഈ പദ്ധതി പ്രകാരം, ഒരു ലക്ഷം രൂപയുടെ പരസ്യം കെഎസ്ആർടിസിക്ക് നേടി നൽകുന്ന ഏതൊരാൾക്കും അതിൻ്റെ 15 ശതമാനം കമ്മീഷനായി സ്വന്തം അക്കൗണ്ടിലേക്ക് ലഭിക്കും. കെഎസ്ആർടിസിയിൽ പരസ്യം പിടിച്ചുകൊണ്ട് ഏതൊരു ചെറുപ്പക്കാരനും മാന്യമായി ജീവിക്കാനുള്ള ഒരു പുതിയ തൊഴിലവസരമാണ് ഇതിലൂടെ തുറന്നു കൊടുക്കുന്നതെന്നും മന്ത്രി അറിയിച്ചു.
പരസ്യ കമ്പനികൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളും മന്ത്രി ഉയർത്തി. പരസ്യ കമ്പനികൾ കാരണം കോടികളുടെ നഷ്ടമാണ് കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകുന്നതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ 6-7 വർഷങ്ങൾക്കുള്ളിൽ 65 കോടി രൂപയെങ്കിലും ഈ വകയിൽ കോർപ്പറേഷന് നഷ്ടമുണ്ടായിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.