
കെഎസ്ആർടിസി പന്തളം ഡിപ്പോയിൽ ജീവനക്കാരെയും പരിശോധകരെയും വട്ടംകറക്കി ബ്രത്തലൈസർ. മദ്യപിക്കാത്ത മൂന്നു ജീവനക്കാർ മദ്യപിച്ചെന്നായിരുന്നു ബ്രത്തലൈസർ പരിശോധനയിൽ കണ്ടെത്തിയത്. എന്നാൽ, തങ്ങൾ മദ്യപിച്ചിട്ടില്ലെന്ന് ജീവനക്കാർ കട്ടായം പറഞ്ഞതോടെ പരിശോധകരും സംശയത്തിലായി. തങ്ങൾ മൂന്നുപേരും മദ്യമല്ല, ചക്കപ്പഴമാണ് കഴിച്ചതെന്ന് ബ്രത്തലൈസർ കുടുക്കിയ ജീവനക്കാർ മൂന്നുപേരും പറഞ്ഞതോടെ പരിശോധകർക്ക് ഒരുപായം തോന്നി. അത് വിജയിച്ചതോടെയാണ് ബ്രത്തലൈസറും ചക്കപ്പഴവും ചതിച്ച മൂന്നു ജീവനക്കാരുടെയും നിരപരാധിത്വം തെളിഞ്ഞത്.
മദ്യപിച്ചിട്ടില്ലെന്ന് കട്ടായം പറയുന്ന ജീവനക്കാരെ വിശ്വസിക്കണോ അതോ മദ്യപാനം കണ്ടെത്താനുള്ള ഉപകരണത്തെ വിശ്വസിക്കണോ എന്ന ചോദ്യത്തിന് മുന്നിൽ പരിശോധകരും പകച്ചുപോയ അവസ്ഥയിലായിരുന്നു. സംഭവം ആകെ കുഴഞ്ഞുമറിഞ്ഞതോടെ ബ്രത്തലൈസറിനെ ഒന്നു പരീക്ഷിക്കാൻ പരിശോധകർ തീരുമാനിച്ചു. ആദ്യം നടത്തിയ പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്നു തെളിഞ്ഞ ഒരു ജീവനക്കാരനെ വിളിച്ചു ചക്കപ്പഴം കഴിപ്പിച്ചു. പിന്നീടുള്ള പരിശോധനയിൽ അദ്ദേഹവും ഫിറ്റാണെന്ന് ബ്രത്തലൈസർ പറഞ്ഞതോടെ തേൻവരിക്കയാണു പ്രതിയെന്നുറപ്പിച്ചു. ഇതോടെ ബ്രത്തലൈസറിൽ കുടുങ്ങിയവരെല്ലാം നിരപരാധികളെന്ന് പരിശോധകർ തീരുമാനിക്കുകയായിരുന്നു.
പന്തളം കെഎസ്ആർടിസിയിലെ ജീവനക്കാരനായ കൊട്ടാരക്കര സ്വദേശി ഇന്നലെ ചക്കപ്പഴവുമായെത്തിയതാണ് ആകെ കുഴപ്പമായത്. മധുരമുള്ള പഴുത്ത തേൻ വരിക്ക സഹപ്രവർത്തകർക്ക് കൂടി നൽകണമെന്നു കരുതിയാണ് ഇദ്ദേഹം എത്തിയത്. രാവിലെ 6ന് ഡ്യൂട്ടിക്കിറങ്ങും മുൻപ് ഡ്രൈവർമാരിലൊരാളാണ് ആദ്യം ചക്കപ്പഴം കഴിച്ചത്. ഇദ്ദേഹമാണ് ആദ്യം ബ്രത്തലൈസറിൽ കുടുങ്ങിയത്.
നല്ല മധുരമുള്ള പഴങ്ങൾ പഴക്കം മൂലം പുളിച്ചാൽ അതിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ കഴിയും. പുളിക്കാൻ സഹായിക്കുന്ന ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നീ ഘടകങ്ങൾ ചക്കപ്പഴത്തിലുണ്ട്. എന്നാൽ ചക്കപ്പഴം ആ അവസ്ഥയിൽ കഴിക്കാൻ പോലും പ്രയാസമായിരിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.











