06:43pm 09 November 2026
NEWS
കട്ടപ്പുറത്തേക്ക് 2050 ബസുകൾ; KSRTC-യിൽ വീണ്ടും പ്രതിസന്ധി, ദുരിതത്തിലായി യാത്രക്കാർ
27/07/2026  08:59 AM IST
ന്യൂസ് ബ്യൂറോ
കട്ടപ്പുറത്തേക്ക് 2050 ബസുകൾ; KSRTC-യിൽ വീണ്ടും പ്രതിസന്ധി, ദുരിതത്തിലായി യാത്രക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പുതിയ വാഹനങ്ങൾ വാങ്ങാൻ പണമില്ലാത്ത കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടിയായി കാലാവധി തീരുന്ന 2050 ബസുകൾ. കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം 15 വർഷം കഴിഞ്ഞ വാഹനങ്ങൾ സർവീസ് നടത്താൻ പാടില്ല. ഇതിൽ 18 വർഷമായി കാലാവധി നീട്ടി സർവീസ് നടത്തിയിരുന്ന 1200 ബസുകൾ വരുന്ന സെപ്തംബറോടെ പൂർണ്ണമായും പിൻവലിക്കേണ്ടി വരും. ശേഷിക്കുന്നവ അടുത്ത ആറു മാസത്തിനുള്ളിലും നിരത്തൊഴിയും.
​ദിനംപ്രതി ശരാശരി 4500 ബസുകൾ സർവീസ് നടത്തുന്ന കോർപ്പറേഷനിൽ നിന്ന് ഇത്രയധികം ബസുകൾ പെട്ടെന്ന് പിൻവലിക്കുന്നത് വരുംദിവസങ്ങളിൽ രൂക്ഷമായ യാത്രാക്ലേശത്തിന് വഴിവെക്കും. വരാനിരിക്കുന്ന ഓണം, ശബരിമല സീസണുകളിൽ ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.
​പ്രതിസന്ധി മറികടക്കാൻ വിദേശ വായ്പയും വാടക ബസുകളും
​1400 കോടിയുടെ വിദേശ വായ്പ: നിർണായക പ്രതിസന്ധി മറികടക്കാൻ വിദേശ ബാങ്കുകളിൽ നിന്ന് (KFW, AIIB, ADB) 1400 കോടി രൂപ വായ്പ ലഭ്യമാക്കാൻ അനുമതി തേടി എം.ഡി പി.എസ്. പ്രമോജ് ശങ്കർ സർക്കാരിന് കത്തയച്ചു.
​പുതിയ ബസുകൾ: വായ്പ അനുവദിച്ചാൽ 2300 ബി.എസ്-6 ബസുകളും 200 ഇലക്ട്രിക് ബസുകളും വാങ്ങാനാണ് തീരുമാനം. ഇതിന് സംസ്ഥാന സർക്കാരിന്റെ ഗ്യാരന്റയും കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതിയും ആവശ്യമാണ്.
​600 സ്വകാര്യ ബസുകൾ വാടകയ്ക്ക്: സർവീസുകൾ മുടങ്ങാതിരിക്കാൻ ആദ്യഘട്ടമായി 600 സ്വകാര്യ ബസുകൾ മൊത്ത വാടക വ്യവസ്ഥയിൽ സർവീസിനിറക്കാൻ ഗതാഗത മന്ത്രാലയം ആലോചിക്കുന്നു. ഡ്രൈവറെ ബസുടമയും കണ്ടക്ടറെ കെ.എസ്.ആർ.ടി.സിയും നൽകും.
​തട്ടിപ്പ് തടയാൻ വനിതകൾക്ക് സ്മാർട്ട് കാർഡ്
​പ്രിയദർശിനി പദ്ധതിയിലുള്ള ബസുകളിൽ പുരുഷന്മാർക്ക് സീറോ വാല്യൂ ടിക്കറ്റുകൾ നൽകി തട്ടിപ്പ് നടത്തുന്നത് മിന്നൽ പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്ന് വനിതാ യാത്രക്കാർക്ക് സ്മാർട്ട് കാർഡ് നൽകാനും കെ.എസ്.ആർ.ടി.സി ആലോചിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img