
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം പൊതുഗതാഗത സ്ഥാപനമായ കെഎസ്ആർടിസി പുതിയ 143 ബസുകൾ പുറത്തിറക്കുന്നതിന്റെ ഭാഗമായി കനകക്കുന്നിൽ 'ട്രാൻസ്പോ' എന്ന പേരിൽ ഒരു പ്രദർശനമേള സംഘടിപ്പിക്കുന്നു. സാധാരണ ബസ് ഫ്ലാഗ് ഓഫ് ചടങ്ങുകൾ മാത്രമാണ് ഉണ്ടാകാറുള്ളതെങ്കിൽ, ഇത്തവണ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഒരു ആഘോഷം തന്നെയാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്.
പുതിയ ബസുകൾക്ക് പുറമെ, വിവിധ വാഹനനിർമാതാക്കളുടെ കാറുകൾ, ബൈക്കുകൾ, ട്രക്കുകൾ എന്നിവയും ഇവിടെ പ്രദർശിപ്പിക്കും. കെഎസ്ആർടിസിയുടെ ചരിത്രം വിളിച്ചോതുന്ന ചിത്രപ്രദർശനവും മേളയുടെ ഭാഗമായുണ്ട്. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സെമിനാറുകളും, സിനിമാതാരങ്ങൾ അണിനിരക്കുന്ന കലാപരിപാടികളും എല്ലാ ദിവസവും വൈകുന്നേരം നടക്കും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ നാളെ രാവിലെ 10 മണിക്ക് പ്രദർശനം ഉദ്ഘാടനം ചെയ്യും.
പുതിയ ബസുകളുടെ ഫ്ലാഗ് ഓഫ് നാളെ വൈകുന്നേരം 5.30ന് ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സമ്പൂർണ ഡിജിറ്റലൈസേഷൻ പദ്ധതിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. പ്രത്യേക ക്ഷണിതാവായി നടൻ മോഹൻലാൽ ചടങ്ങിൽ പങ്കെടുക്കുകയും പുതിയ സ്ലീപ്പർ ബസിൽ യാത്ര ചെയ്യുകയും ചെയ്യും.
ദീർഘദൂര യാത്രക്കായി സ്ലീപ്പർ എ.സി., സെമി സ്ലീപ്പർ എ.സി., പ്രീമിയം സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് കെഎസ്ആർടിസി നിരത്തിലെത്തിക്കുന്നത്. ഇതിനുപുറമെ, രണ്ട് ജില്ലകളിലേക്കായി ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസുകളും, സാധാരണ സർവീസുകൾക്കായി മിനി ബസുകളും തയ്യാറാക്കിയിട്ടുണ്ട്.











