
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ നടപ്പാക്കാൻ സർക്കാർ ഒരുങ്ങുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിലാണ് സൗജന്യ യാത്ര അനുവദിക്കുക. മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കി അതിന്റെ ഫലപ്രാപ്തിയും യാത്രാ രീതികളും വിലയിരുത്തിയ ശേഷമാകും ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള മറ്റ് സർവീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
ഉയർന്ന ശ്രേണിയിലുള്ള ബസുകളിലും ദീർഘദൂര സർവീസുകളിലും തുടക്കം മുതൽ സൗജന്യ യാത്ര അനുവദിക്കുന്നത് വരുമാന നഷ്ടത്തിനും പ്രവർത്തനപരമായ ബുദ്ധിമുട്ടുകൾക്കും ഇടയാക്കുമെന്ന വിലയിരുത്തലാണ് കെഎസ്ആർടിസി വിദഗ്ധ സമിതി സർക്കാരിന് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിലേക്ക് മാത്രം പദ്ധതി പരിമിതപ്പെടുത്താൻ തീരുമാനിച്ചത്.
അതേസമയം, സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം സർക്കാർ പൂർണമായും ഏറ്റെടുക്കുമെന്ന് അധികൃതർ അറിയിച്ചു. ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പാക്കിയാലും പ്രതിമാസം ഏകദേശം 57 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് കെഎസ്ആർടിസിയുടെ കണക്ക്.
പദ്ധതിമൂലമുള്ള നഷ്ടം എങ്ങനെ നികത്താമെന്നും ആവശ്യമായ ഫണ്ട് എങ്ങനെ കണ്ടെത്താമെന്നും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ധനകാര്യ സെക്രട്ടറിയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആദ്യ 100 ദിവസത്തെ പ്രവർത്തനാനുഭവവും സാമ്പത്തിക പ്രത്യാഘാതങ്ങളും വിലയിരുത്തിയ ശേഷമാകും രണ്ടാംഘട്ട വിപുലീകരണത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം.










