
ചാലക്കുടി: കെഎസ്ആർടിസി ബസിൽ രാത്രി യാത്ര ചെയ്ത രണ്ട് വിദ്യാർഥിനികൾക്ക് ഗുരുതരമായ അവഗണന നേരിടേണ്ടിവന്നതായി പരാതി. പെൺകുട്ടികൾ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്താൻ ജീവനക്കാർ തയ്യാറായില്ല എന്നാണ് പരാതി. തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലാണ് പെൺകുട്ടികൾക്ക് ദുരനുഭവമുണ്ടായത്.
പൊങ്ങം നൈപുണ്യ കോളജിലെ വിദ്യാർഥിനികളായ ഐശ്വര്യ എസ്. നായർ (ഇടുക്കി), ആൽഫ പി. ജോർജ് (പത്തനംതിട്ട) എന്നിവർ അങ്കമാലിയിൽനിന്നാണ് ബസിൽ കയറിയത്. എറണാകുളത്ത് പഠനാവശ്യത്തിനായി പോയി മടങ്ങുന്നതിനിടെയാണ് സംഭവം. രാത്രി ഒമ്പതരയോടെ കൊരട്ടിക്ക് സമീപം പൊങ്ങത്ത് ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഡ്രൈവറും കണ്ടക്ടറും അത് നിരസിച്ചു. കുട്ടികൾ കരഞ്ഞ് അപേക്ഷിച്ചിട്ടും ജീവനക്കാർ വഴങ്ങാതിരുന്നതോടെ ബസിലുണ്ടായിരുന്ന യാത്രക്കാർ ഇടപെട്ടു. വിദ്യാർഥിനികളോടു മാനുഷിക സമീപനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാരുടെ നിലപാടിൽ മാറ്റമുണ്ടായില്ല.
അവസാനം യാത്രക്കാർ കൊരട്ടി പൊലീസിനെ വിവരം അറിയിച്ചു. മുരിങ്ങൂരിൽ ബസ് നിർത്താമെന്ന് പിന്നീട് കണ്ടക്ടർ അറിയിച്ചെങ്കിലും, അവിടെ ഇറങ്ങിയാൽ വഴിയറിയില്ലെന്ന് കുട്ടികൾ പറഞ്ഞു. തുടർന്ന് ഇവരെ ചാലക്കുടി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണ് ഇറക്കിയത്.
രാത്രി സമയത്ത് യാത്ര ചെയ്യുന്ന വിദ്യാർഥിനികളോടുള്ള കെഎസ്ആർടിസി ജീവനക്കാരുടെ സമീപനം പ്രതിഷേധത്തിന് ഇടയാക്കി. വിവരം അറിഞ്ഞ് ചാലക്കുടി എസ്‌എച്ച്‌ഒ എം.കെ. സജീവിന്റെ നേതൃത്വത്തിൽ പൊലീസ് ബസ് സ്റ്റാൻഡിലെത്തി. കുട്ടികളെ പൊങ്ങത്ത് എത്തിക്കാൻ പൊലീസ് തയ്യാറായിരുന്നെങ്കിലും, കോളജ് അധികൃതർ എത്തുമെന്ന് അറിയിച്ചതോടെ അവരുടെ കൂടെ വിട്ടയച്ചു. സംഭവത്തിൽ വിദ്യാർഥിനികൾ സ്റ്റേഷൻ മാസ്റ്റർക്കു പരാതി നൽകി.











