05:20am 06 November 2026
NEWS
ലോജിസ്റ്റിക് സർവീസ് നിരക്ക് വർധിപ്പിച്ച് കെ.എസ്.ആർ.ടി.സി
10/02/2025  06:31 PM IST
nila
ലോജിസ്റ്റിക് സർവീസ് നിരക്ക് വർധിപ്പിച്ച് കെ.എസ്.ആർ.ടി.സി

കൊല്ലം: ‌ലോജിസ്റ്റിക് സർവീസ് കൊറിയർ, പാഴ്‌സൽ നിരക്കുകൾ വർധിപ്പിച്ച് കെഎസ്ആർടിസി. ഇന്നു മുതലാണ് വർധിപ്പിച്ച നിരക്ക് പ്രാബല്യത്തിൽ വന്നത്. അഞ്ച് കിലോയ്ക്ക് മുകളിലുള്ള പാഴ്സലുകളുടെ നിരക്കിലാണ് വർധനവുള്ളത്.  ഭാരത്തെ 15 കിലോ വീതം കണക്കാക്കിയാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. 200, 400, 600, 800 കിലോമീറ്റർ എന്നിങ്ങനെയാണ് ദൂരം നിജപ്പെടുത്തിയിട്ടുള്ളത്. 

അഞ്ചു മുതൽ 15 വരെ കിലോ വരെയുള്ള ഭാരത്തിന് 132രൂപ മുതൽ 516 രൂപ വരെയാണ് ചാർജ്ജായി നൽകേണ്ടി വരിക. 200 കിലോമീറ്റർ ദൂരത്തിന് 110 രൂപ, 400 കിലോമീറ്ററിന് 215 രൂപ, 600 കിലോമീറ്ററിന് 325 രൂപ , 800 കിലോമീറ്ററിന് 430 രൂപ എന്നിങ്ങനെയാണ് നിരക്ക്. ദൂരത്തിനും ഭാരത്തിനും അനുസരിച്ചാണ് നിരക്ക് നിശ്ചയിച്ചത്. ഈ നിരക്കുകൾക്കൊപ്പം 18 ശതമാനം ജി.എസ്.ടിയും ഉപഭോക്താക്കൾ അടയ്ക്കണം.

കെഎസ്ആർടിസിയിൽ പാഴ്സലായി അയക്കാവുന്ന പരമാവധി ബാരം 120 കിലോയാണ്. ഇതിനെ സ്ലാബുകളായി തിരിച്ചിട്ടുണ്ട്. ഓരോ സ്ലാബിലെ ഭാരവും ദൂരവും കണക്കാക്കിയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. 200 കിലോമീറ്റർ വരെ അഞ്ച് കിലോയ്ക്ക് 110 രൂപ, 15 കിലോവരെ 132 രൂപ, 30 കിലോവരെ 158 രൂപ, 45 കിലോവരെ 250 രൂപ, 60കിലോ വരെ 309 രൂപ, 75 കിലോവരെ 390രൂപ, 90 കിലോവരെ 460 രൂപ, 105 കിലോവരെ 516 രൂപ, 120 കിലോവരെ 619 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. 

ഒന്നരവർഷം മുമ്പാണ് കെ എസ് ആർടിസി സ്വന്തമായി ലോജിസ്റ്റിക് സർവീസ് ആരംഭിച്ചത്. 800 കിലോമീറ്റർ ദൂരം വരെയാണ് ലോജിസ്റ്റിക് സർവീസ്‌കൊറിയർ പാഴ്‌സലുകൾ എത്തിക്കുന്നത്. അതിന് സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെ കൊറിയർ സർവീസ് നടത്തിയിരുന്നെങ്കിലും അത് പരാജയമായി കലാശിച്ചു. സ്വന്തമായി ലോജിസ്റ്റിക് സർവീസ് തുടങ്ങിയപ്പോൾ അത് വൻലാഭകരമായി മാറി. കെ എസ് ആർടിസിയുടെ ടിക്കറ്റിതര വരുമാന നേട്ടത്തിൽ ലോജിസ്റ്റിക് സർവീസിന് ഇപ്പോൾ മുഖ്യ പങ്കുണ്ട്. ഒന്നര വർഷത്തിന് ശേഷം ആദ്യമായാണ് ലോജിസ്റ്റിക് സർവീസ് നിരക്ക് വർധിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img