
ഡ്രൈവറുമായി അവിഹിതബന്ധം ആരോപിച്ച് വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത കെഎസ്ആർടിസി നടപടിയിൽ ട്വിസ്റ്റ് . വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്യാനുള്ള നിർദ്ദേശം പിൻവലിക്കാൻ ഗതാഗത വകുപ്പ് നിർദ്ദേശം നൽകുകയായിരുന്നു. കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ നടപടി ജീവനക്കാർക്കിടയിലും പൊതു സമൂഹത്തിലും വലിയ വിമർശനം നേരിട്ടതോടെയാണ് തിരുത്തൽ നടപടി.
അവിഹിതബന്ധം ആരോപിച്ച് വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ നടപടി കണ്ടക്ടറെയും കെഎസ്ആർടിസിയിലെ വനിതാ ജീവനക്കാരെയും അപമാനിക്കുന്ന തരത്തിലുളളതാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതോടെയാണ് സംഭവത്തിൽ ഗതാഗത വകുപ്പ് ഇടപെട്ടത് തിരുത്തൽ ആവശ്യപ്പെട്ടത്.
വനിതാ കണ്ടക്ടറും ഡ്രൈവറും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഡ്രൈവറുടെ ഭാര്യ ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാറിന് പരാതി നൽകിയിരുന്നു. ഇതിന് തെളിവായി ഭർത്താവിന്റെ വാട്സാപ്പ് ചാറ്റുകളും ചില ദൃശ്യങ്ങളും അവർ നൽകിയിരുന്നു. കഴിഞ്ഞ ജനുവരിയിൽ ഇരുവരും ഡ്യൂട്ടിയിലുണ്ടായിരുന്ന സർവീസിലെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളായിരുന്നു തെളിവുകളായി ഭാര്യ നൽകിയത്.
ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറും കണ്ടക്ടറും തമ്മിലുളള സംസാരത്തിന്റെ ദൃശ്യങ്ങളുൾ തെളിവായെടുത്താണ് കെഎസ്ആർടിസി നടപടിയെടുത്തത്. ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയിൽ കണ്ടക്ടർ പെരുമാറിയെന്ന് കണ്ടെത്തിയായിരുന്നു സസ്പെൻഷൻ. പക്ഷേ അതിലേക്കെത്തിയ അവിഹിത ബന്ധം വിവരിച്ചെഴുതിയ കെഎസ്ആർടിസി വിജിലൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവാണ് വിവാദത്തിലായത്.











