10:14am 16 May 2026
NEWS
സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്താത്തതിൽ പ്രകോപിതയായ യുവതി കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്തു
15/05/2026  05:03 PM IST
nila
സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്താത്തതിൽ പ്രകോപിതയായ യുവതി കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്തു

കോഴിക്കോട്: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തണമെന്ന ആവശ്യം ജീവനക്കാർ നിരാകരിച്ചതോടെ യുവതി കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്തു. സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ മുൻവശത്തെ ഡോറിനോടു ചേർന്ന സൈഡ് ഗ്ലാസാണ് യുവതി അടിച്ചുപൊട്ടിച്ചത്. മൂന്നു ദിവസം മുമ്പു നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. 

മിംസ് ആശുപത്രിക്ക് സമീപത്ത് ബസ് നിർത്തണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാൽ അവിടെ സ്റ്റോപ്പില്ലെന്ന് ഡ്രൈവറും കണ്ടക്ടറും അറിയിച്ചതോടെ യുവതി പ്രകോപിതയായി ബഹളം വയ്ക്കുകയായിരുന്നു. സംഭവത്തിനിടെ ജീവനക്കാരുടെ ദൃശ്യങ്ങളും യുവതി മൊബൈലിൽ പകർത്തിയിരുന്നു. തുടർന്ന് ബസിനുള്ളിലുണ്ടായിരുന്ന ഗ്ലാസ് ബ്രേക്കിങ് ഹാമർ ഉപയോഗിച്ച് ചില്ല് തകർക്കുകയായിരുന്നു. 

“കാൻ യു സ്റ്റോപ്പ് ദി വെഹിക്കിൾ” എന്ന് യുവതി ആവശ്യപ്പെടുന്നതും, സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വാഹനം നിർത്താനാകില്ലെന്ന് ജീവനക്കാർ മറുപടി പറയുന്നതും വീഡിയോയിൽ വ്യക്തമായി കേൾക്കാം. സംഭവത്തിന് പിന്നാലെ കെഎസ്ആർടിസി ജീവനക്കാരും യുവതിയും കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെത്തി. നഷ്ടപരിഹാരം നൽകാമെന്ന ഉറപ്പിനെ തുടർന്ന് യുവതിയെ വിട്ടയച്ചതായാണ് പൊലീസിന്റെ വിശദീകരണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img