
കോഴിക്കോട്: കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത സംഭവത്തിൽ പ്രതികരണവുമായി യുവതി മുംതാസ് ബീഗം. സംഭവസമയത്ത് ഉണ്ടായ അടിയന്തര സാഹചര്യത്തിലാണ് അത്തരമൊരു നടപടി കൈക്കൊള്ളേണ്ടി വന്നതെന്നും, ചെയ്ത തെറ്റ് നേരത്തേ സമ്മതിച്ച് പിഴ അടച്ചതായും അവർ വ്യക്തമാക്കി. എന്നാൽ ഇപ്പോൾ നേരിടുന്നത് കടുത്ത സൈബർ ആക്രമണമാണെന്നും മുംതാസ് ആരോപിച്ചു.
“ഞാൻ ചെയ്ത കാര്യം ന്യായീകരിക്കുന്നില്ല. പാനിക്ക് സിറ്റുവേഷനിൽ സംഭവിച്ച അബദ്ധമാണ്. പൊലീസ് സ്റ്റേഷനിൽവെച്ച് 28,000 രൂപ പിഴ അടച്ചു. ബസിന് സംഭവിച്ച നഷ്ടവും ട്രിപ്പ് മുടങ്ങിയതിന്റെ തുകയും നൽകി. ക്ഷമാപണവും എഴുതി നൽകി,” മുംതാസ് പറഞ്ഞു.
കോട്ടയ്ക്കലിൽ നിന്ന് കോഴിക്കോട് വരുന്നതിനിടെയായിരുന്നു സംഭവം. അടിയന്തരമായി ഇറങ്ങേണ്ട സാഹചര്യമുണ്ടായതിനെ തുടർന്ന് ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ തയ്യാറായില്ലെന്നാണ് മുംതാസിന്റെ വിശദീകരണം. ലുലു മാളിനരികിലോ മിംസ് ആശുപത്രി സ്റ്റോപ്പിലോ ഇറക്കാമോ എന്ന് ചോദിച്ചെങ്കിലും അത് സാധ്യമല്ലെന്ന് അറിയിച്ചതായും അവർ പറഞ്ഞു.
“ടോയ്‌ലെറ്റിൽ പോകേണ്ട അത്യാവശ്യ സാഹചര്യം ആയിരുന്നു. പക്ഷേ അത് തുറന്ന് പറയാൻ കഴിയാത്ത അവസ്ഥയായിരുന്നു. ബസിൽ ഞാൻ ഒറ്റയ്ക്കായിരുന്നു. ആരുടെയും പിന്തുണ ലഭിച്ചില്ല. അതുകൊണ്ടാണ് മാനസികമായി തളർന്ന് എമർജൻസി എക്‌സിറ്റ് ഉപയോഗിക്കാൻ ശ്രമിച്ചത്,” മുംതാസ് പറഞ്ഞു.
എമർജൻസി വാതിൽ തുറന്ന് പുറത്തിറങ്ങാമെന്ന് കരുതിയെങ്കിലും ബസ് നിർത്താതെ സ്റ്റാൻഡിലേക്കാണ് പോയതെന്ന് അവർ പറഞ്ഞു. തുടർന്ന് പൊലീസ് എത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സ്വന്തം ഫോണിൽ എടുത്ത വീഡിയോ പോലും ഡിലീറ്റ് ചെയ്തതായും അവർ കൂട്ടിച്ചേർത്തു.
സംഭവം നടന്നതിന് അഞ്ചു ദിവസങ്ങൾക്കുശേഷമാണ് വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതെന്നും, അതിന് പിന്നാലെ കടുത്ത സൈബർ ആക്രമണം നേരിടുകയാണെന്നും മുംതാസ് പറഞ്ഞു. വസ്ത്രധാരണം, ഹെഡ്‌ഫോൺ ഉപയോഗം, വ്യക്തിപരമായ രൂപം എന്നിവ ചൂണ്ടിക്കാട്ടി പലരും അധിക്ഷേപിക്കുന്നുവെന്നും അവർ വിമർശിച്ചു.
“ഞാൻ അവതാരകയായി ജോലി ചെയ്യുന്ന ആളാണ്. ജോലിക്കുപോകുന്നതിനിടെയായിരുന്നു സംഭവം. സോഷ്യൽ മീഡിയയിൽ ഒരാളെ കിട്ടിയാൽ കൂട്ടത്തോടെ ആക്രമിക്കുന്ന പ്രവണതയാണ് ഇപ്പോൾ കാണുന്നത്. ഞാൻ തെറ്റ് ഏറ്റുപറഞ്ഞിട്ടും ഇത്തരത്തിൽ അധിക്ഷേപിക്കുന്നത് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്,” മുംതാസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സ്റ്റോപ്പ് ഇല്ലാത്ത സ്ഥലത്ത് ബസ് നിർത്താൻ ആവശ്യപ്പെട്ടതിനെ തുടർന്ന് യുവതി കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ ചില്ല് ‘ഗ്ലാസ് ബ്രേക്കിങ് ഹാമർ’ ഉപയോഗിച്ച് തകർത്ത ദൃശ്യങ്ങൾ വൈറലായത്. സംഭവത്തിൽ യുവതിയിൽ നിന്ന് 28,000 രൂപ പിഴ ഈടാക്കിയിരുന്നു.









