
വണ്ടിപ്പെരിയാർ: കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. കൊട്ടാരക്കര-ഡിണ്ടിഗൽ ദേശീയപാതയിൽ പുല്ലുപാറയ്ക്ക് സമീപം ഇന്നു പുലർച്ചെ ആറേകാലോടെയാണ് അപകടമുണ്ടായത്. ഒരാൾ മരിച്ചെന്നും പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമെന്നുമാണ് റിപ്പോർട്ട്. 34 യാത്രക്കാരും രണ്ട് ഡ്രൈവർമാരും ഒരു കണ്ടക്ടറുമാണ് ബസ്സിലുണ്ടായിരുന്നത്.
മാവേലിക്കരയിൽ നിന്ന് തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയി തിരികെവരികയായിരുന്ന സംഘം സഞ്ചരിച്ച ബസ് 30 അടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. മരങ്ങളിൽ തട്ടിനിന്നതിനാലാണ് വലിയ അത്യാഹിതം ഒഴിവായത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. രക്ഷാപ്രവർത്തനം തുടരുകയാണ്. രണ്ട് പേരുടെ നില ഗുരുതരമാണ്. പീരുമേടിൽ നിന്നും മുണ്ടക്കയത്ത് നിന്നും ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഒപ്പം പോലീസ് സംഘവും മോട്ടോർ വാഹന വകുപ്പിന്റെ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് യാത്രക്കാർ പറഞ്ഞു. ബ്രേക്ക് നഷ്ടപ്പെട്ട വിവരം ഡ്രൈവർ പറഞ്ഞ ഉടൻ ബസ് മറിയുകയായിരുന്നുവെന്നും യാത്രക്കാർ പറയുന്നു.











