06:04am 12 November 2026
NEWS
ടിക്കറ്റ് വരുമാനത്തിൽ സർവകാല റെക്കോർഡുമായി കെഎസ്ആർടിസി
16/12/2025  03:08 PM IST
nila
ടിക്കറ്റ് വരുമാനത്തിൽ സർവകാല റെക്കോർഡുമായി കെഎസ്ആർടിസി

തിരുവനന്തപുരം: ടിക്കറ്റ് വരുമാനത്തിൽ സർവകാല റെക്കോർഡ് സ്വന്തമാക്കി കെഎസ്ആർടിസി. ഒറ്റ ദിവസം കൊണ്ട് 10.77 കോടി രൂപയുടെ ടിക്കറ്റ് കളക്ഷനും ടിക്കറ്റിതര വരുമാനമായി 76 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 11.53 കോടി രൂപയാണ് ലഭിച്ചതെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. ശബരിമല സർവീസിൽ നിന്നുള്ള വരുമാനവും ഇതിൽ ഉൾപ്പെടുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

കഴിഞ്ഞ വർഷം ഇതേ ദിവസം 8.57 കോടി രൂപയായിരുന്നു വരുമാനം. ടിക്കറ്റ് നിരക്ക് വർധിപ്പിക്കാതെയും പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തിയും ഈ നേട്ടം കൈവരിച്ചതായി മന്ത്രി പറഞ്ഞു. മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും ഏകോപിത ശ്രമമാണ് വിജയത്തിന് പിന്നിലെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രി കെ ബി ​ഗണേഷ് കുമാറിന്റെ കുറിപ്പ് ഇങ്ങനെ:

ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് സർവ്വകാല റെക്കോർഡ്...

15.12.2025 ലെ കളക്ഷൻ 10.77 കോടി രൂപ

ടിക്കറ്റിതര വരുമാനം 0.76 കോടി രൂപ ഉൾപ്പെടെ ആകെ വരുമാനം 11.53 കോടി രൂപ...
................................................................
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം ( ഓപ്പറേറ്റിംഗ് റവന്യു ). 2025 ഡിസംബർ 15-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ ₹10.77 കോടി കെഎസ്ആർടിസി നേടിയത്. ടിക്കറ്റിതര വരുമാനം 0.76 കോടി രൂപ ഉൾപ്പെടെ 11.53 കോടി രൂപയാണ് 15.12.2025 ൽ കെഎസ്ആർടിസിയുടെ ആകെ വരുമാനം.

KSRTC CMD ഡോ.പ്രമോജ് ശങ്കറിന്റെയും മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും, സൂപ്പർവൈസർമാരുടെയും, ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് തുടർച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെഎസ്ആർടിസിക്ക് സഹായകരമാകുന്നത്. കഴിഞ്ഞവർഷം ഇതേ ദിവസം (16.12.2024) 8.57 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം. കഴിഞ്ഞവർഷം നിലനിന്നിരുന്ന സമാന സാഹചര്യത്തിലും ടിക്കറ്റ് നിരക്കിൽ വർദ്ധനവില്ലാതെയും പ്രവർത്തനം മെച്ചപ്പെടുത്തിയാണ് ഈ വലിയ ലക്ഷ്യം കെഎസ്ആർടിസി കൈവരിച്ചത്.

ഞാൻ മന്ത്രിയായി സ്ഥാനമേറ്റടുത്തതിന് ശേഷം നടത്തിയ കാലോചിതമായ പരിഷ്ക്കരണ നടപടികളും, കെഎസ്ആർടിസി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ തുടർ പ്രവർത്തനങ്ങളും സ്വയംപര്യാപ്ത കെഎസ്ആർടിസി എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ മുന്നേറ്റത്തിന് നിർണായകമായി. പുതിയ ബസുകളുടെ വരവും, സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ വൻ സ്വീകാര്യത നേടിയിട്ടുണ്ട്.

ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാണ്. മികച്ച ടിക്കറ്റ് വരുമാനം നേടുന്നതിനായി കെഎസ്ആർടിസി നിശ്ചയിച്ചു നൽകിയിരുന്ന ടാർജറ്റ് നേടുന്നതിനായി ഡിപ്പോകളിൽ നടന്ന മത്സരബുദ്ധിയോടെയുള്ള പ്രവർത്തനങ്ങളും ഓഫ് റോഡ് കുറച്ച് പരമാവധി ബസുകൾ നിരത്തിലിക്കാനായതും സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും വരുമാനം വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്.

കെഎസ്ആർടിസിയുടെ തുടർച്ചയായ, ഈ നേട്ടങ്ങൾ കൈവരിക്കുന്നതിൽ അക്ഷീണം പ്രയത്നിക്കുന്ന KSRTC CMD ഡോ.പ്രമോജ് ശങ്കറിനും മാനേജ് മെന്റിനും KSRTC യുടെ എല്ലാ വിഭാഗം ജീവനക്കാർക്കും എന്റെ അഭിനന്ദനം അറിയിക്കുന്നു.... വിശ്വാസ്യത പുലർത്തി കെഎസ്ആർടിസിയോടെപ്പം നിൽക്കുന്ന എല്ലാ യാത്രക്കാർക്കും എന്റെ നന്ദി അറിയിക്കുന്നു...

കെബി ഗണേഷ് കുമാർ
ഗതാഗത വകുപ്പ് മന്ത്രി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img