09:45pm 09 September 2026
NEWS
മത്സ്യമേഖലയിലെ 270 സംരംഭക സ്വപ്നങ്ങൾക്ക് വഴിയൊരുക്കി ക്ഷിതിജ് 2.0 (KSHITIJ 2.0 )ആരംഭിച്ചു
09/09/2026  03:29 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മത്സ്യമേഖലയിലെ 270 സംരംഭക സ്വപ്നങ്ങൾക്ക് വഴിയൊരുക്കി ക്ഷിതിജ്  2.0  (KSHITIJ 2.0 )ആരംഭിച്ചു

 

കൊച്ചി- മത്സ്യബന്ധന മേഖലയിലെ പുതിയ സംരംഭങ്ങളും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി കൊച്ചിയിലെ ഐ.സി.എ.ആർ -സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി പ്രധാന കേന്ദ്രമായി പ്രവർത്തിക്കുന്ന “ക്ഷിതിജ് 2.0 – ദി ബ്ലൂ ഹൊറൈസൺ കോഹോർട്ട് '
എന്ന ദേശീയതല സംരംഭകത്വ പരിപാടിക്ക് തുടക്കമിട്ടു. ഇന്ന് നടന്ന ഓൺലൈൻ ഉദ്ഘാടന ചടങ്ങിലാണ് പരിപാടി ആരംഭിച്ചത്. മത്സ്യബന്ധന മേഖലയിലെ നൂതന ആശയങ്ങളെ പരിപോഷിപ്പിക്കുക, സാങ്കേതികവിദ്യാധിഷ്ഠിത സംരംഭങ്ങളെ പിന്തുണയ്ക്കുക, സുസ്ഥിര സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.

രാജ്യത്തുടനീളം 35 പരിശീലന ക്യാമ്പുകൾ; 270 അപേക്ഷകർ പരിപാടിയിൽ

ക്ഷിതിജ് 2.0 -ന് രാജ്യവ്യാപകമായി മികച്ച പ്രതികരണമാണ് ലഭിച്ചത്. സിഫ്റ്റും പരിപാടിയിൽ പങ്കാളികളായ ഐ.സി.എ.ആർ ഫിഷറീസ് സ്ഥാപനങ്ങളും   രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 35 പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചു. ഇവയിലൂടെ മത്സ്യബന്ധന-മത്സ്യകൃഷി മേഖലയിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള 270 അപേക്ഷകരെ പരിപാടിയിലേക്ക് തിരഞ്ഞെടുത്തു. സെപ്റ്റംബർ–ഒക്ടോബർ മാസങ്ങളിൽ രണ്ട് മാസത്തെ ഓൺലൈൻ സംരംഭവികസന പരിപാടി നടക്കും. തുടർന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കായി ആവശ്യാനുസൃതമായി നാല് മാസത്തെ നേരിട്ടുള്ള പരിശീലനം, മേഖലതല പരിശോധന, വിദഗ്ധ മാർഗനിർദേശം എന്നിവ നൽകും. 

മത്സ്യകൃഷി, മത്സ്യബന്ധനം, വിളവെടുപ്പിനുശേഷമുള്ള സാങ്കേതികവിദ്യകൾ, മൂല്യവർധിത ഉൽപ്പന്നങ്ങൾ, മത്സ്യബന്ധന-മത്സ്യകൃഷി അവശിഷ്ടങ്ങളുടെ പുനരുപയോഗം, മത്സ്യാരോഗ്യം, മത്സ്യത്തീറ്റ, പാക്കേജിങ് തുടങ്ങിയ മേഖലകളിൽ വിദഗ്ധ പരിശീലനം നൽകും. ക്ഷിതിജ് 2.0-ന്റെ ഭാഗമായി ‘സിഫ്റ്റെക് ഐഡിയതോൺ' സംഘടിപ്പിക്കും. ഇതിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ബിസിനസ് ആശയങ്ങൾ അവതരിപ്പിച്ച് മത്സ്യ ഫിഷറീസ് ഇൻക്യുബേഷൻ സെന്റർ മുഖേന ധനസഹായവും ഇൻക്യുബേഷൻ പിന്തുണയും നേടാം. മികച്ച എട്ട് ആശയങ്ങൾക്ക് നാല് ലക്ഷം രൂപ വീതം വികസന ധനസഹായം ലഭിക്കും. അടുത്ത 20 നിർദേശങ്ങൾക്ക് 50,000 രൂപ വീതം പ്രാരംഭ ധനസഹായവും നൽകും. കൂടാതെ തിരഞ്ഞെടുക്കപ്പെടുന്ന 40 നിർദേശങ്ങൾക്ക് സൗജന്യ സംരംഭകത്വ രജിസ്ട്രേഷനും ലഭിക്കും.

പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിൽ (MoFAHD) ഫിഷറീസ് ഡെവലപ്‌മെന്റ് കമ്മീഷണർ ആയി പ്രവർത്തിക്കുന്ന ഡോ. കെ. മുഹമ്മദ് കോയ മുഖ്യാതിഥിയായി പങ്കെടുത്തു. സിഫ്റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ അധ്യക്ഷത വഹിച്ചു.

ഐ.സി.എ.ആർ-ന്റെ സാങ്കേതികവിദ്യാ പരിപാലന വിഭാഗവും സിഫ്റ്റും സംയുക്തമായാണ് ക്ഷിതിജ് 2.0 സംഘടിപ്പിക്കുന്നത്. ഐ.സി.എ.ആർ -ന്റെ എൻ.എ. ഐ.എഫ് (നാഷണൽ അഗ്രികൾച്ചർ ഇന്നോവേഷൻ ഫണ്ട്) പദ്ധതിയുടെ ഭാഗമായ സോണൽ ടെക്നോളജി മാനേജ്മെന്റ്–അഗ്രിബിസിനസ് ഇൻകുബേഷൻ സെന്ററും പി.എം.എം.എസ്.വൈ-യ്ക്ക് (പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന) കീഴിലുള്ള സിഫ്റ്റിലെ മത്സ്യ ഫിഷറീസ് ഇൻകുബേഷൻ സെന്ററും പരിപാടിക്ക് പിന്തുണ നൽകുന്നു. ഐ.സി.എ.ആർ സ്ഥാപനങ്ങളായ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ,കൊച്ചി; സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫ്രഷ്‌വാട്ടർ അക്വാകൾച്ചർ, ഭുവനേശ്വർ; സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എജ്യുക്കേഷൻ, മുംബൈ; സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രാക്കിഷ്‌വാട്ടർ അക്വാകൾച്ചർ, ചെന്നൈ; സെൻട്രൽ ഇൻലാൻഡ് ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ബാരക്‌പൂർ; സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോൾഡ്‌വാട്ടർ ഫിഷറീസ് റിസർച്ച്, ഭീംതാൽ; നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക് റിസോഴ്‌സസ്, ലഖ്‌നൗ എന്നിവർ പരിപാടിയിൽ പങ്കാളികളാണ്.

ഐ.സി.എ.ആർ-മറൈൻ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഡോ. ശുഭദീപ് ഘോഷ്, ഇന്റലക്ചൽ പ്രോപ്പർട്ടി ആൻഡ് ടെക്നോളജി മാനേജ്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഡോ. നീരു ഭൂഷൺ, സിഫ്റ്റിലെ സോണൽ ടെക്നോളജി മാനേജ്മെന്റ്-എ.ബി.ഐ സെന്റർ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. സി. ഒ. മോഹൻ, കോ-പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. രമ്യ എസ്. എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img