11:40pm 09 July 2026
NEWS
പീക്ക് സമയത്തേക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി; 25 വർഷത്തെ കരാറിന് കെഎസ്ഇബി നീക്കം
09/07/2026  10:13 AM IST
nila
പീക്ക് സമയത്തേക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി; 25 വർഷത്തെ കരാറിന് കെഎസ്ഇബി നീക്കം

 

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ആവശ്യങ്ങൾ കുറഞ്ഞ ചെലവിൽ നിറവേറ്റാൻ ലക്ഷ്യമിട്ട്, 200 മെഗാവാട്ട് പുനരുപയോഗ ഊർജം 25 വർഷത്തേക്ക് വാങ്ങുന്നതിനുള്ള പുതിയ കരാറിന് കെഎസ്ഇബി അംഗീകാരം തേടി. സോളർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യ(സെകി) മുഖേന ലഭ്യമാകുന്ന വൈദ്യുതി യൂണിറ്റിന് വെറും 2.93 രൂപ എന്ന നിരക്കിലായിരിക്കും ലഭിക്കുക.

കരാർ പ്രകാരം, ‘വെൽസ്പൺ റിന്യൂവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡ്’ നിർമിക്കുന്ന വൈദ്യുതി സെകി യൂണിറ്റിന് 2.86 രൂപയ്ക്ക് വാങ്ങി, 7 പൈസ ട്രേഡിങ് മാർജിൻ ഉൾപ്പെടുത്തി കെഎസ്ഇബിക്ക് 2.93 രൂപയ്ക്ക് കൈമാറും. സൗരോർജ നിലയങ്ങളിൽ നിന്ന് പകൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി സംഭരിച്ച് വൈകിട്ട് 6 മുതൽ അർധരാത്രിവരെ സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത ഏറ്റവും കൂടുതലുള്ള സമയത്ത് ഉപയോഗിക്കാനാണ് പദ്ധതി.

കരാറിൽ വൈദ്യുതി വിതരണം ഉറപ്പാക്കാൻ കർശന വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്. നിശ്ചയിച്ച അളവിൽ വൈദ്യുതി ലഭ്യമാക്കുന്നതിൽ വീഴ്ചവന്നാൽ കരാർ നിരക്കിന്റെ ഒന്നര ഇരട്ടി വരെ പിഴ ഈടാക്കും. പദ്ധതിക്ക് കെഎസ്ഇബി ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയതോടെ കരാർ കരട് തയ്യാറാക്കി, അന്തിമ അനുമതിക്കായി വൈദ്യുതി റഗുലേറ്ററി കമ്മിഷനെ സമീപിച്ചിട്ടുണ്ട്.

അതേസമയം, അടുത്ത വർഷം ജനുവരി മുതൽ അഞ്ച് വർഷത്തേക്ക് പീക്ക് സമയങ്ങളിൽ മാത്രം 300 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള ടെൻഡർ വ്യവസ്ഥകളിലും മാറ്റം വരുത്താൻ കെഎസ്ഇബി അപേക്ഷ നൽകി. നിലവിൽ വൈദ്യുതി ഉൽപാദന കേന്ദ്രത്തിലെ നിരക്ക് മാത്രം പരിഗണിച്ചാണ് കരാർ നൽകുന്നത്. എന്നാൽ ഇനി മുതൽ സംസ്ഥാനത്ത് വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രസരണച്ചെലവും ഉൾപ്പെടുത്തി യഥാർഥ നിരക്ക് കണക്കാക്കി കരാർ നൽകണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.

പുനരുപയോഗ ഊർജ പദ്ധതികൾക്കും ബാറ്ററി സംഭരണ സംവിധാനങ്ങൾക്കും കേന്ദ്ര സർക്കാർ സംസ്ഥാനാന്തര പ്രസരണ ചാർജിൽ ഇളവ് അനുവദിക്കുന്ന സാഹചര്യത്തിൽ, ഈ മാറ്റം നടപ്പായാൽ ഹരിത ഊർജ പദ്ധതികൾക്ക് കൂടുതൽ മത്സരക്ഷമത ലഭിക്കുമെന്നും കെഎസ്ഇബി വിലയിരുത്തുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img