04:35pm 09 September 2026
NEWS
സെപ്റ്റംബർ 30 വരെ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം; ഒക്ടോബറിൽ പ്രതിസന്ധിക്ക് പരിഹാരമെന്ന് കെഎസ്ഇബി
09/09/2026  04:12 PM IST
nila
സെപ്റ്റംബർ 30 വരെ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം; ഒക്ടോബറിൽ പ്രതിസന്ധിക്ക് പരിഹാരമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ സെപ്റ്റംബർ 30 വരെ ജനങ്ങൾ വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം. നിലവിലെ അടിയന്തര സാഹചര്യം നേരിടാൻ കെഎസ്ഇബിയുടെയും ജനങ്ങളുടെയും കൂട്ടായ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ചൂട് കൂടിയതോടെ എസികളുടെ ഉപയോഗം വർധിച്ചതാണ് വൈദ്യുതി ആവശ്യകത കുത്തനെ ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. വൈകിട്ട് ഏഴുമണിയിലുള്ളതിന് സമാനമായ വൈദ്യുതി ഡിമാൻഡാണ് പുലർച്ചെ ഒരു മണിയിലും ഇപ്പോൾ രേഖപ്പെടുത്തുന്നത്. സെപ്റ്റംബർ മാസത്തിലും ഉയർന്ന ഡിമാൻഡ് തുടരുകയാണ്.

രാത്രി വൈകിയും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് ബോർഡിന് ബോധ്യമുണ്ടെന്ന് രാജമാണിക്യം പറഞ്ഞു. പവർ കട്ടുകൾ എപ്പോൾ ഉണ്ടാകുമെന്ന് മുൻകൂട്ടി അറിയിക്കാൻ പ്രത്യേക സോഫ്റ്റ്‌വെയർ തയ്യാറാക്കുന്നുണ്ട്. ഇതിലൂടെ വൈദ്യുതി നിയന്ത്രണത്തെക്കുറിച്ച് നേരത്തെ ജനങ്ങൾക്ക് വിവരം നൽകാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

എസി ഉപയോഗത്തിലും നിയന്ത്രണം വേണം

വൈദ്യുതി ലോഡ് കുറയ്ക്കുന്നതിന്റെ ഭാഗമായി രാത്രി ഉറങ്ങുന്നതിന് അരമണിക്കൂർ മുതൽ ഒരു മണിക്കൂർ മുമ്പ് വരെ എസി പ്രവർത്തിപ്പിച്ച് മുറി തണുപ്പിച്ച ശേഷം ഓഫ് ചെയ്യണമെന്നാണ് കെഎസ്ഇബിയുടെ അഭ്യർഥന. ഉയർന്ന വൈദ്യുതി ആവശ്യകത നിയന്ത്രിക്കാൻ ഇത്തരം ചെറിയ ഇടപെടലുകൾ പോലും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഒക്ടോബറിൽ 500 മെഗാവാട്ട് അധിക വൈദ്യുതി

നിലവിലെ പ്രതിസന്ധിക്ക് ഒക്ടോബർ ഒന്നോടെ വലിയ തോതിൽ പരിഹാരമാകുമെന്നാണ് കെഎസ്ഇബി പ്രതീക്ഷിക്കുന്നത്. ഒക്ടോബറോടെ 500 മെഗാവാട്ട് അധിക വൈദ്യുതി ലഭ്യമാകും. സ്വാപ്പ് കരാറുകളിലൂടെ ലഭിക്കുന്ന വൈദ്യുതി കൂടി എത്തുന്നതോടെ നിലവിലുള്ള ഏകദേശം 900 മെഗാവാട്ടിന്റെ കുറവ് നികത്താനാകുമെന്നാണ് കണക്കുകൂട്ടൽ.

ഇതോടെ ഒക്ടോബർ, നവംബർ മാസങ്ങളിൽ വൈദ്യുതി നിയന്ത്രണമില്ലാതെ മുന്നോട്ടുപോകാൻ കഴിയുമെന്നാണ് പ്രതീക്ഷ. അതിനാൽ സെപ്റ്റംബർ 30 വരെയുള്ള നിർണായക ഘട്ടം മറികടക്കാൻ എല്ലാവരും സഹകരിക്കണമെന്ന് കെഎസ്ഇബി ചെയർമാൻ അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img