
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്നതോടെ ഇന്നും പീക്ക് സമയങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകുമെന്ന് കെഎസ്ഇബി. ഇന്ന് വൈകിട്ട് 6.45 മുതൽ രാത്രി 12.45 വരെ നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നാണ് ബോർഡിന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയിൽ വലിയ വർധനയാണ് രേഖപ്പെടുത്തുന്നത്. മഴ കുറഞ്ഞതും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതുമാണ് വൈദ്യുതി ഉപയോഗം വർധിക്കാൻ പ്രധാന കാരണങ്ങളിലൊന്ന്. എൽനിനോ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ മഴക്കുറവ് തുടരുന്നതും സ്ഥിതി രൂക്ഷമാക്കുന്നുണ്ട്.
അതേസമയം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയർന്നതോടെ പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത അവസ്ഥയാണ്. ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും ദേശീയ തലത്തിൽ നിലനിൽക്കുന്ന വൈദ്യുതി ലഭ്യതക്കുറവും പ്രതിസന്ധി വർധിപ്പിക്കുന്നതായി കെഎസ്ഇബി വ്യക്തമാക്കി.
ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടിയ 12,000 മെഗാവാട്ടിന്റെ കുറവ് പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല. ഇതിന് പുറമെ സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിലും അപ്രതീക്ഷിത കുറവ് അനുഭവപ്പെടുന്നുണ്ട്.
സെപ്റ്റംബർ മാസത്തെ മുൻകാല കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയിൽ അസാധാരണമായ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതിന്റെ പ്രതിഫലനം കേരളത്തിലും പ്രകടമാണ്. സംസ്ഥാനത്തെ പീക്ക് സമയത്തെ ഉപഭോഗം 800 മുതൽ 900 മെഗാവാട്ട് വരെ അധികരിച്ചതായാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.
മഴ മാറിനിൽക്കുകയും ഉയർന്ന ഉപഭോഗം തുടരുകയും ചെയ്താൽ മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 800–900 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് ഉണ്ടായേക്കാം. പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യമായ വൈദ്യുതി ലഭിക്കാത്ത സാഹചര്യം തുടർന്നാൽ ഗ്രിഡിന്റെ സ്ഥിരത ഉറപ്പാക്കുന്നതിനായി ഭാഗിക നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നും കെഎസ്ഇബി അറിയിച്ചു.
അതേസമയം നിയന്ത്രണം സംസ്ഥാനത്താകെ ഒരേ രീതിയിൽ സ്ഥിരമായി ഏർപ്പെടുത്തുന്നതല്ല. ഗ്രിഡിലെ സാഹചര്യം അനുസരിച്ച് ആവശ്യമായ മേഖലകളിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്താനാണ് സാധ്യത.










