
വൈദ്യുതി പ്രതിസന്ധിക്കിടെ കേരളം കൈവിട്ട അവസരം വീണ്ടും ചർച്ചയാകുന്നു. കുറഞ്ഞ നിരക്കിൽ ദീർഘകാലത്തേക്ക് വൈദ്യുതി ലഭിക്കുമായിരുന്ന കരാറാണ് കേരളം സ്വീകരിക്കാതിരുന്നത്. 184.08 മെഗാവാട്ട് വൈദ്യുതി നൽകാമെന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ തെഹ്‌രി ഹൈഡ്രോ ഡവലപ്മെന്റ് കോർപറേഷന്റെ (ടിഎച്ച്ഡിസി) വാഗ്ദാനമാണ് കെഎസ്ഇബി മുന്നോട്ട് കൊണ്ടുപോകാതിരുന്നത്.
2025 ജനുവരിയിലായിരുന്നു കേരളവുമായി കരാറിനായി ടിഎച്ച്ഡിസി സമീപിച്ചത്. ഉത്തരാഖണ്ഡിലെ തെഹ്‌രി പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയിൽനിന്ന് പീക്ക് സമയത്ത് 184.08 മെഗാവാട്ട് വൈദ്യുതി നൽകാമെന്നായിരുന്നു വാഗ്ദാനം. വർഷം മുഴുവൻ വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന പദ്ധതിയിൽനിന്നുള്ള വൈദ്യുതി കേരളത്തിന്റെ വൈദ്യുതി ആവശ്യകതയിലെ നിർണായക സമയങ്ങളിൽ ഉപയോഗപ്പെടുത്താനും കഴിയുമായിരുന്നു.
കരാർ പ്രകാരം കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നിശ്ചയിക്കുന്ന നിരക്കും പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയുടെ പമ്പിങ്ങിനായി ഉപയോഗിക്കുന്ന സോളർ വൈദ്യുതിയുടെ നിരക്കും ചേർന്ന തുകയാണ് നൽകേണ്ടിയിരുന്നത്. രണ്ട് നിരക്കുകളും കണക്കിലെടുത്താലും യൂണിറ്റിന് ഏകദേശം ആറു രൂപയായിരുന്നു ചെലവ് വരിക.
സോളർ വൈദ്യുതിയുടെ നിരക്ക് ഓരോ വർഷവും കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഭാവിയിൽ ഈ കരാർ കേരളത്തിന് കൂടുതൽ സാമ്പത്തിക നേട്ടം നൽകുമായിരുന്നുവെന്നും വിലയിരുത്തപ്പെടുന്നു.
കേരളവുമായി കരാറുണ്ടാക്കാൻ പ്രത്യേക താൽപര്യമെടുത്തിരുന്നുവെന്ന് ടിഎച്ച്ഡിസി സ്പെഷൽ ഓഫിസർ എ.കെ. വിജയകുമാർ പറഞ്ഞു. ചർച്ചകൾക്കായി കേരളത്തിലെത്തിയപ്പോഴും ഇക്കാര്യത്തിൽ ശ്രമം നടത്തിയതായി അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും കെഎസ്ഇബി കരാറുമായി മുന്നോട്ടുപോയില്ലെന്നാണ് വിജയകുമാറിന്റെ ആരോപണം.
കേരളം പിന്മാറിയതോടെ അവസരം ഗുജറാത്ത് സ്വന്തമാക്കി. ഗുജറാത്ത് സർക്കാരിന്റെ കീഴിലുള്ള ഗുജറാത്ത് ഊർജ വികാസ് നിഗം ലിമിറ്റഡ് (ജിയുവിഎൻഎൽ) ടിഎച്ച്ഡിസിയുമായി കരാറിൽ ഏർപ്പെട്ടു.
നിലവിൽ തെഹ്‌രി പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയിൽനിന്ന് 1000 മെഗാവാട്ട് വൈദ്യുതിയാണ് ഉൽപാദിപ്പിക്കുന്നത്. ഇതിൽ 200 മെഗാവാട്ട് ഉത്തരാഖണ്ഡും 100 മെഗാവാട്ട് വീതം രാജസ്ഥാനും ഹരിയാനയും വാങ്ങുന്നുണ്ട്.
ഡൽഹിയിൽ വൈദ്യുതി വിതരണം ചെയ്യുന്ന റിലയൻസ് ഗ്രൂപ്പിന് കീഴിലുള്ള ബിആർപിഎൽ 263.52 മെഗാവാട്ടും ബിവൈപിഎൽ 152.4 മെഗാവാട്ടും തെഹ്‌രി പദ്ധതിയിൽനിന്ന് വാങ്ങുന്നു.
സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയും വിലയും സംബന്ധിച്ച ആശങ്കകൾ ശക്തമാകുന്നതിനിടെയാണ്, കുറഞ്ഞ ചെലവിൽ ദീർഘകാല വൈദ്യുതി ഉറപ്പാക്കാമായിരുന്ന അവസരം കേരളം നഷ്ടപ്പെടുത്തിയതിന്റെ വിവരങ്ങൾ പുറത്തുവരുന്നത്.










