
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകാമെന്ന് കെഎസ്ഇബി. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാതിരിക്കുകയോ ഗ്രിഡ് ഫ്രീക്വൻസി താഴുകയോ ചെയ്താൽ വൈകിട്ട് 6 മുതൽ രാത്രി 12 വരെ നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നാണ് മുന്നറിയിപ്പ്.
അന്തരീക്ഷ താപനില ഉയർന്നുനിൽക്കുന്നതിനാൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി വൈദ്യുതി ആവശ്യകത ഉയർന്നതോടെ പവർ എക്സ്ചേഞ്ച് വഴിയുള്ള വൈദ്യുതി ലഭ്യതയിലും കുറവുണ്ടായതായി കെഎസ്ഇബി അറിയിച്ചു.
ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം രാജ്യത്തെ വൈദ്യുതി ലഭ്യതയിലെ 12,000 മെഗാവാട്ടിന്റെ കുറവ് പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല. ഇതിനുപുറമെ കേന്ദ്ര വൈദ്യുതി നിലയങ്ങളിൽനിന്നുള്ള വൈദ്യുതി ലഭ്യതയിലും അപ്രതീക്ഷിത കുറവ് നേരിടുന്നുണ്ട്.
അതേസമയം, സംസ്ഥാനത്തെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത സെപ്റ്റംബർ മാസത്തിലെ മുൻകാല ശരാശരിയേക്കാൾ 600 മുതൽ 800 മെഗാവാട്ട് വരെ ഉയർന്നിട്ടുണ്ട്. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ വൈദ്യുതി ആവശ്യകത ഇനിയും ഉയരാനിടയുണ്ടെന്നും കെഎസ്ഇബി വ്യക്തമാക്കി.
പവർ എക്സ്ചേഞ്ചിൽ ആവശ്യമായ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം തുടർന്നാൽ മാത്രമായിരിക്കും നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരികയെന്നും കെഎസ്ഇബി അറിയിച്ചു.










