11:58am 10 August 2026
NEWS
വൈദ്യുതി നിരക്ക് വർധനവ് വേണമെന്ന കെ.എസ്.ഇ.ബി റിപ്പോർട്ട് പരിഗണിക്കില്ല; ഇടക്കാല വർധന ഒഴിവായേക്കും
10/08/2026  06:33 AM IST
nila
വൈദ്യുതി നിരക്ക് വർധനവ് വേണമെന്ന കെ.എസ്.ഇ.ബി റിപ്പോർട്ട് പരിഗണിക്കില്ല; ഇടക്കാല വർധന ഒഴിവായേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും ഉയർത്താനുള്ള കെ.എസ്.ഇ.ബിയുടെ നീക്കത്തിന് തിരിച്ചടി. നിലവിലെ നിരക്ക് വർധന അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി സമർപ്പിച്ച റിപ്പോർട്ട് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ പരിഗണിച്ചേക്കില്ല. ഇതോടെ ഇടക്കാല വൈദ്യുതി നിരക്ക് വർധനയ്ക്കുള്ള സാധ്യതയും മങ്ങുന്നു. 2024ൽ സമർപ്പിച്ച റിപ്പോർട്ടിലാണ് നിലവിലെ നിരക്ക് വർധന പര്യാപ്തമല്ലെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കിയിരുന്നത്. എന്നാൽ റിപ്പോർട്ടിലെ കണക്കുകൾ യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് കമ്മിഷൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. പിഴവുകൾ തിരുത്തി പുതുക്കിയ റിപ്പോർട്ട് സമർപ്പിക്കാനും കെ.എസ്.ഇ.ബി തയ്യാറായിട്ടില്ല.

ഈ സാഹചര്യത്തിൽ പഴയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തന്നെ തെളിവെടുപ്പ് നടത്തി നടപടികൾ അവസാനിപ്പിക്കാനാണ് കമ്മിഷന്റെ നീക്കം. ഓഗസ്റ്റ് 18ന് തിരുവനന്തപുരത്തെ റെഗുലേറ്ററി കമ്മിഷൻ ആസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട തെളിവെടുപ്പ് നടക്കും. 2024-25ൽ യൂണിറ്റിന് 16 പൈസയും 2025-26ൽ 12 പൈസയും നിരക്ക് വർധിപ്പിക്കാനാണ് കമ്മിഷൻ അനുമതി നൽകിയത്. എന്നാൽ 2026-27 സാമ്പത്തിക വർഷത്തേക്ക് നിരക്ക് വർധന അനുവദിച്ചിരുന്നില്ല.

അനുവദിച്ച നിരക്ക് വർധനയുടെ അടിസ്ഥാനത്തിലുള്ള പ്രവർത്തനം വിലയിരുത്തി കെ.എസ്.ഇ.ബി ഇടക്കാല റിപ്പോർട്ട് നൽകേണ്ടതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിരക്ക് പുനഃപരിശോധിക്കാനായിരുന്നു കമ്മിഷന്റെ തീരുമാനം. എന്നാൽ നിശ്ചിത സമയപരിധിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ബോർഡിന് കഴിഞ്ഞില്ല. പിന്നീട് സമർപ്പിച്ച റിപ്പോർട്ടിലും കണക്കുകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തുകയായിരുന്നു.

മുൻവർഷങ്ങളിൽ അനുവദിച്ച നിരക്ക് വർധന നാമമാത്രമായതിനാൽ മുൻകാല നഷ്ടം പൂർണമായി നികത്താൻ കഴിഞ്ഞില്ലെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. കമ്മിഷൻ അനുവദിച്ചതിനേക്കാൾ അധികം വരുമാനക്കുറവുണ്ടായെന്നും ബോർഡ് വ്യക്തമാക്കിയിരുന്നു. ഇനി അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള നിരക്ക് വർധനയ്ക്കായി മാത്രമേ കെ.എസ്.ഇ.ബിക്ക് അപേക്ഷ നൽകാൻ കഴിയൂ. ഇതിനായുള്ള അപേക്ഷ നവംബറിൽ സമർപ്പിക്കണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img