09:05am 31 July 2026
NEWS
മലയാളികളെ കാത്തിരിക്കുന്നത് കൂറ്റൻ കറണ്ട് ബില്ലോ? രാത്രി വൈദ്യുതി ക്ഷാമം മറികടക്കാൻ കെ.എസ്.ഇ.ബിക്ക് കോടികളുടെ അധികച്ചെലവ്


31/07/2026  07:44 AM IST
nila
മലയാളികളെ കാത്തിരിക്കുന്നത് കൂറ്റൻ കറണ്ട് ബില്ലോ? രാത്രി വൈദ്യുതി ക്ഷാമം മറികടക്കാൻ കെ.എസ്.ഇ.ബിക്ക് കോടികളുടെ അധികച്ചെലവ്

തിരുവനന്തപുരം: സംസ്ഥാനത്തെ രാത്രികാല വൈദ്യുതിക്ഷാമം ഒഴിവാക്കാൻ കെ.എസ്.ഇ.ബി. ദിനംപ്രതി 10 മുതൽ 15 കോടി രൂപവരെ അധികമായി ചെലവഴിച്ച് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുകയാണ്. ജൂലായ് ആദ്യവാരം മുതൽ തുടരുന്ന ഈ സാഹചര്യം വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനായുള്ള നടപടികളുടെ ഭാഗമായാണ്. രാത്രി സമയങ്ങളിൽ യൂണിറ്റിന് 10 രൂപവരെ വില നൽകി പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് മുൻകൂർ പണം നൽകി വൈദ്യുതി വാങ്ങേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിലൂടെ ഉണ്ടാകുന്ന അധിക സാമ്പത്തികഭാരം ഭാവിയിൽ വൈദ്യുതിനിരക്കായി ഉപഭോക്താക്കൾക്ക് തന്നെ ബാധകമാകുമെന്ന ആശങ്കയും ഉയരുന്നു.

ജൂലായ് 18ന് ശേഷം സംസ്ഥാനത്ത് ഔദ്യോഗിക വൈദ്യുതിനിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. വൈദ്യുതി നിയന്ത്രണം നടപ്പാക്കുന്നത് പൊതുജന പ്രതിഷേധത്തിനും സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കാനുമിടയാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് കെ.എസ്.ഇ.ബി. കൂടുതൽ ചെലവഴിച്ചും വൈദ്യുതി ലഭ്യമാക്കാൻ ശ്രമിക്കുന്നത്.

അടുത്തമാസത്തേക്കായി കൂടുതൽ വൈദ്യുതി വാങ്ങാൻ ടെൻഡർ ക്ഷണിച്ചിരുന്നെങ്കിലും ആവശ്യമായ അളവിൽ വൈദ്യുതി വിതരണം ചെയ്യാൻ വിതരണക്കാർ മുന്നോട്ടുവന്നിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

അതേസമയം, ഓഗസ്റ്റ് മാസത്തിൽ വൈദ്യുതി ബില്ലിനൊപ്പം സർച്ചാർജ് ഈടാക്കേണ്ടതില്ലെന്ന് കെ.എസ്.ഇ.ബി. തീരുമാനിച്ചു. ജൂലായിൽ പ്രതിമാസ ബില്ലുകാർക്ക് സർച്ചാർജ് ഉണ്ടായിരുന്നില്ല. രണ്ടുമാസത്തിലൊരിക്കൽ ബിൽ അടയ്ക്കുന്നവർക്ക് ഒരു പൈസ മാത്രമായിരുന്നു സർച്ചാർജ്. ഓഗസ്റ്റിൽ ഇരു വിഭാഗം ഉപഭോക്താക്കൾക്കും സർച്ചാർജ് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img