08:20am 09 November 2026
NEWS
​ഉത്തരവുണ്ടായിട്ടും വെളിച്ചമില്ല; ജീവൻരക്ഷാ ഉപകരണങ്ങൾക്കുള്ള സൗജന്യ വൈദ്യുതി കെ.എസ്.ഇ.ബി മുക്കി
31/07/2026  09:48 AM IST
ന്യൂസ് ബ്യൂറോ
​ഉത്തരവുണ്ടായിട്ടും വെളിച്ചമില്ല; ജീവൻരക്ഷാ ഉപകരണങ്ങൾക്കുള്ള സൗജന്യ വൈദ്യുതി കെ.എസ്.ഇ.ബി മുക്കി

തിരുവനന്തപുരം: വീടുകളിൽ സജ്ജീകരിക്കുന്ന ജീവൻരക്ഷാ ഉപകരണങ്ങൾക്കു വേണ്ട വൈദ്യുതി പൂർണ സൗജന്യമാക്കിക്കൊണ്ടുള്ള കെ.എസ്.ഇ.ബി ഉത്തരവ് ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം അഞ്ചുവർഷമായി നടപ്പിലാകുന്നില്ല. കിടപ്പുരോഗികൾക്ക് ആശ്വാസമാകേണ്ട പദ്ധതിയാണ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കാരണം ഇരുട്ടിലായത്. ജോലിഭാരം കൂടുമെന്ന മുട്ടാപ്പോക്ക് ന്യായമാണ് പദ്ധതി നടപ്പാക്കാതിരിക്കാൻ ജീവനക്കാർ പറയുന്നത്.
​കിടപ്പുരോഗികൾക്ക് ആവശ്യമായ എയർ ബെഡ്, സക്ഷൻ ഉപകരണം, ഓക്സിജൻ കോൺസൺട്രേറ്റർ തുടങ്ങിയ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ജീവൻരക്ഷാ സംവിധാനങ്ങൾക്കാണ് സൗജന്യ വൈദ്യുതി അനുവദിച്ചിരുന്നത്.
​അട്ടിമറിക്കപ്പെട്ടത് 2021-ലെ ഉത്തരവ്
​2014-ലാണ് ഇതുസംബന്ധിച്ച ആദ്യ ഉത്തരവ് പുറത്തുവരുന്നത്. പ്രതിമാസം 100 യൂണിറ്റുവരെ സൗജന്യമായി നൽകാനായിരുന്നു അതിലെ നിർദ്ദേശം. തുടർന്ന് 2019-ൽ വൈദ്യുതി പൂർണമായി സൗജന്യമാക്കിക്കൊണ്ട് പുതിയ ഉത്തരവിറങ്ങി.  2021-ൽ വീണ്ടും ഉത്തരവിറക്കുകയായിരുന്നു. ആറു മാസത്തോളം ഭാഗികമായി നടപ്പിലായെങ്കിലും നിലവിൽ പദ്ധതി പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്.
​സൗജന്യ വൈദ്യുതി ലഭിക്കാൻ ഉപഭോക്താക്കൾ ചെയ്യേണ്ടത്:
​അപേക്ഷ സമർപ്പിക്കൽ: സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനിയർക്ക് വെള്ളക്കടലാസിൽ വിശദാംശങ്ങൾ വ്യക്തമാക്കിക്കൊണ്ട് അപേക്ഷ നൽകണം.
​ഡോക്ടറുടെ സർട്ടിഫിക്കറ്റ്: രോഗി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ജീവൻ നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണെന്ന് വ്യക്തമാക്കുന്ന ഗവ. ഡോക്ടറുടെ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം വയ്ക്കണം.
​സത്യവാങ്മൂലം: 200 രൂപയുടെ മുദ്രപത്രത്തിൽ തയ്യാറാക്കിയ സത്യവാങ്മൂലവും നൽകേണ്ടതുണ്ട്.
​ഉദ്യോഗസ്ഥരുടെ ചുമതലകൾ:
​അപേക്ഷ ലഭിച്ചാൽ ജീവൻരക്ഷാ ഉപകരണങ്ങൾക്ക് പ്രതിമാസം എത്ര വൈദ്യുതി വേണമെന്ന് അസിസ്റ്റന്റ് എൻജിനിയർ നേരിട്ട് കണക്കാക്കണം.
​ഓരോ ആറുമാസം കൂടുമ്പോഴും ജീവൻരക്ഷാ സംവിധാനം തുടർന്നും ആവശ്യമാണോ എന്ന് ഉദ്യോഗസ്ഥർ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img