
മലപ്പുറം: തിരൂരങ്ങാടിയിൽ പൊട്ടിക്കിടന്ന സ്റ്റേ കമ്പിയിൽനിന്ന് വൈദ്യുതാഘാതമേറ്റ് 13കാരൻ മരിച്ച സംഭവത്തിൽ പരസ്യമായി മാപ്പുപറഞ്ഞ് കെ.എസ്.ഇ.ബി. കുട്ടിയുടെ ജീവൻ നഷ്ടമായത് അതീവ ദുഃഖകരമാണെന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ദുരന്തമാണ് ഉണ്ടായതെന്നും കെ.എസ്.ഇ.ബി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. സംഭവത്തിൽ പൊതുജനങ്ങളോട് മാപ്പ് ചോദിക്കുന്നതായും അധികൃതർ അറിയിച്ചു.
ഇത്തരം അപകടങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി ഉറപ്പുനൽകി. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദമായി പരിശോധിക്കും. വീഴ്ച വരുത്തിയതായി കണ്ടെത്തുന്ന ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ബോർഡ് വ്യക്തമാക്കി.
തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകൻ ജുനൈദ് (13) ആണ് അപകടത്തിൽ മരിച്ചത്. വീടിന് സമീപത്തെ വയലിൽ മീൻപിടിക്കാൻ പോയതായിരുന്നു കുട്ടി. ഇതിനിടെ വൈദ്യുത പോസ്റ്റിലെ പൊട്ടിക്കിടന്ന സ്റ്റേ കമ്പിയിൽ പിടിച്ചതോടെ ഷോക്കേൽക്കുകയായിരുന്നു.
സ്റ്റേ കമ്പി വൈദ്യുതി ലൈനുമായി സമ്പർക്കത്തിൽ വന്നതാണ് അപകടത്തിന് കാരണമായത്. വൈദ്യുതാഘാതമേറ്റ ജുനൈദിനെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെത്തുടർന്ന് കെ.എസ്.ഇ.ബിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
കെ.എസ്.ഇ.ബി ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്:
മലപ്പുറം തിരൂരങ്ങാടിയിൽ വൈദ്യുത പോസ്റ്റിന്റെ സ്റ്റേ വയറിൽനിന്നും ഷോക്കേറ്റ് 14 വയസ്സുള്ള ജുനൈദ് എന്ന കുട്ടിക്ക് ജീവഹാനിയുണ്ടായത് വളരെ സങ്കടകരമാണ്. ഒരിക്കലും സംഭവിക്കരുതാത്തതാണ് സംഭവിച്ചത്. പൊതുജനസമക്ഷം മാപ്പ് പറയുന്നു. പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ അതിപ്രധാനമായാണ് കെ.എസ്.ഇ.ബി പരിഗണിക്കുന്നത്. ഇത്തരം അപകടങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ കാര്യക്ഷമമായ നടപടികൾ ഉണ്ടാകും. അപകടമുണ്ടാകാനുണ്ടായ സാഹചര്യം നിഷ്പക്ഷമായും കൃത്യമായും തിരൂർ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ അന്വേഷിച്ച് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി ഉണ്ടാകും.
എല്ലാ ലൈനുകളും പട്രോളിംഗ് നടത്തി അപകടസാധ്യത കണ്ടെത്തി ഒഴിവാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കും .
ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിൻ വൈദ്യുതി സംബന്ധമായ അപകടസാധ്യത ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയും വിശദാംശങ്ങളും 94 96 01 01 01 എന്ന നമ്പരിൽ വാട്സാപ് ചെയ്ത് മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.ഇനിയൊരിക്കൽക്കൂടി ഇത്തരമൊരു അപകടം ആവർത്തിക്കാതെയിരിക്കാൻ വേണ്ട എല്ലാ നടപടികളും ആത്മാർത്ഥമായി സ്വീകരിക്കും. ജുനൈദിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. കെഎസ്ഇബി മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും പേരിൽ ജുനൈദിന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും കൂട്ടുകാരുടെയും പൊതുജനങ്ങളുടെയും മുമ്പാകെ ഒരിക്കൽക്കൂടി മാപ്പ് പറയുന്നു.










