
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി യോഗത്തിൽ തീരുമാനം. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് മുൻകൂട്ടി അറിയിച്ച ശേഷം പവർകട്ട് ഏർപ്പെടുത്തുന്നത്. 15 മിനിറ്റ് മുതൽ അരമണിക്കൂർവരെയാകും വൈദ്യുതി നിയന്ത്രണം. ഉപഭോക്താക്കളെ എസ്എംഎസായി ആയി പവർകട്ട് സമയം അറിയിക്കും.
സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പവർ എക്സ്ചേഞ്ചുകളിൽനിന്ന് ഉയർന്ന വിലയ്ക്കു വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മിഷൻ ഉപാധികളോടെ കെഎസ്ഇബിക്ക് ഇന്നലെ അനുമതി നൽകിയിരുന്നു. യൂണിറ്റിന് 10 രൂപ വരെ വിലയുള്ള ഡേ എഹെഡ് മാർക്കറ്റിലെ (ഡിഎഎം) നിരക്കിനെക്കാൾ 50 പൈസ വരെ അധികം നൽകി മേയ് 15 വരെ 250 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാൻനാണ് അനുമതി നൽകിയത്. ഇത് എപ്പോൾ ലഭിക്കുമെന്ന് വ്യക്തമല്ല.
അതിനു മുൻപ് സാഹചര്യങ്ങൾ മെച്ചപ്പെട്ടാൽ പിന്നെ വൈദ്യുതി വാങ്ങരുതെന്നും ഉത്തരവിലുണ്ട്. വൈദ്യുതി വാങ്ങുന്നതിന്റെ ചെലവ് ഉൾപ്പെടെയുള്ള വിശദമായ റിപ്പോർട്ട് ഇടപാട് അവസാനിപ്പിച്ച് ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പ്രതിസന്ധി നേരിടുന്നതിൽ കെഎസ്ഇബിക്ക് വീഴ്ച സംഭവിച്ചെന്നും മുന്നൊരുക്കങ്ങളുണ്ടായില്ലെന്നും കമ്മിഷൻ ഉത്തരവിൽ വിമർശിച്ചു.
രാത്രിയിൽ വ്യത്യസ്ത സമയങ്ങളിലായി 10–15 മിനിറ്റ് നീളുന്ന വൈദ്യുതി നിയന്ത്രണം സംസ്ഥാനത്ത് തുടരുകയാണ്. വൈകിട്ട് 6 മുതൽ പുലർച്ചെ 2 വരെ ഒരുപോലെ വൈദ്യുതി ആവശ്യകത തുടരുന്ന സാഹചര്യമാണിപ്പോൾ. ഈ സമയത്തെല്ലാം കുറഞ്ഞത് 5500 മെഗാവാട്ട് ആണ് ആവശ്യകത. രാവിലെ സോളർ വൈദ്യുതി ഉൽപാദനം ആരംഭിക്കുന്നതുവരെ മിക്കവാറും ദിവസങ്ങളിൽ ഈ സാഹചര്യം തുടരുന്നുവെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. ശനിയാഴ്ച പീക്ക് സമയത്തെ ഉയർന്ന വൈദ്യുതി ആവശ്യകത 5770 മെഗാവാട്ട് ആയിരുന്നു. പ്രതിദിന വൈദ്യുതി ഉപയോഗം 11.5075 കോടി യൂണിറ്റായിരുന്നു.










