
പരിസ്ഥിതി സംരക്ഷണത്തോടൊപ്പം ജനങ്ങളുടെ അവകാശങ്ങളും ഉപജീവനവും സംരക്ഷിക്കണം
ഇ എസ് എ കരട് വിജ്ഞാപനത്തിൽ ജനവാസ മേഖലകൾ ഉൾപ്പെടുത്തുന്നത് പുനഃപരിശോധിക്കണമെന്നു കെ ആർ എൽ സി സി ആവശ്യപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം ജനങ്ങളുടെ അവകാശങ്ങളും ഉപജീവനവും സംരക്ഷിക്കണം. കേരളത്തിലെ പശ്ചിമഘട്ട പ്രദേശങ്ങളെ പരിസ്ഥിതി സംവേദന മേഖലയായി പ്രഖ്യാപിക്കുന്നതിനായി കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം പുറപ്പെടുവിച്ച പുതിയ കരട് വിജ്ഞാപനം സംസ്ഥാനത്തെ ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. 2026 ജൂലൈ 27-ന് പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തിൽ കേരളത്തിലെ 131 ഗ്രാമങ്ങളിലായി ഏകദേശം 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇ എസ് എ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനവാസ മേഖലകളെ ESAയിൽ നിന്ന് ഒഴിവാക്കണം
ജനങ്ങൾ തലമുറകളായി താമസിച്ചുവരുന്ന വീടുകൾ, വാസസ്ഥലങ്ങൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ, പൊതുസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, റോഡുകൾ തുടങ്ങിയ മനുഷ്യവാസത്തിന്റെ ഭാഗമായ പ്രദേശങ്ങളെ വനപ്രദേശങ്ങളുമായി ഒരേ മാനദണ്ഡത്തിൽ പരിഗണിക്കരുത്. നിലവിലെ കരട് വിജ്ഞാപനത്തിൽ നിലവിലുള്ള വാസസ്ഥലങ്ങളുടെ അറ്റകുറ്റപ്പണിക്കും വിപുലീകരണത്തിനും ചില ഇളവുകൾ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ഇ എസ് എ പദവി സൃഷ്ടിക്കുന്ന ഭരണപരവും നിയമപരവുമായ അനിശ്ചിതത്വം ജനങ്ങളിൽ ആശങ്കയ്ക്ക് കാരണമാകുന്നു .
പശ്ചിമഘട്ടത്തിലെ പല പ്രദേശങ്ങളിലും ജനങ്ങൾ പതിറ്റാണ്ടുകളായി നിയമപരമായി ഭൂമി കൈവശം വച്ച് കൃഷി ചെയ്യുകയും താമസിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് മലനാട് മേഖലയിൽ കർഷക കുടുംബങ്ങളുടെ ജീവിതവും ഭൂമിയും കൃഷിയും പരസ്പരം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഇ എസ് എ അതിർത്തി നിർണയിക്കുമ്പോൾ വനം, സർക്കാർ ഭൂമി, സ്വകാര്യ കൃഷിഭൂമി, ജനവാസ മേഖല, തോട്ടം, പരിസ്ഥിതി ലോല പ്രദേശം എന്നിവ കൃത്യമായി വേർതിരിച്ചറിയേണ്ടതാണ്. കേന്ദ്ര കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ട പ്രദേശങ്ങൾ സംബന്ധിച്ച് ഗ്രാമതലത്തിലുള്ള കൃത്യമായ ഭൗമശാസ്ത്ര-കഡസ്ട്രൽ പരിശോധനയും സ്ഥലപരിശോധനയും നടത്താതെ അന്തിമ അതിർത്തി നിശ്ചയിക്കരുത്.
ജനവാസത്തിന്റെ സ്വഭാവം നിർണയിക്കുന്നതിന് പഴയ ജനസംഖ്യാ കണക്കുകളെ മാത്രം അടിസ്ഥാനമാക്കുന്നത് യുക്തിസഹമല്ല. പ്രദേശങ്ങളുടെ നിലവിലെ ജനസംഖ്യ, ഭൂവിനിയോഗം, കെട്ടിടങ്ങൾ, കൃഷി, തോട്ടങ്ങൾ, റോഡുകൾ, പൊതുസ്ഥാപനങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി ഏറ്റവും പുതിയ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇഎസ്എ അതിർത്തി പുനർനിർണയിക്കണം. ഇഎസ്എ അതിർത്തി നിശ്ചയിക്കുന്ന പ്രക്രിയയിൽ പ്രാദേശിക ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണം. ഓരോ ബാധിത ഗ്രാമപഞ്ചായത്തിലും പ്രത്യേക ഗ്രാമസഭകൾ സംഘടിപ്പിച്ച് ജനങ്ങളുടെ അഭിപ്രായങ്ങളും ഭൂമിയുടെ ഉപയോഗവും രേഖപ്പെടുത്തണമെന്നും കെആർഎൽസിസി ആവശ്യപെട്ടു.
Photo Courtesy - Google








