
കർണാടകം: ബംഗളുരു നഗരവികസനം അനേകായിരം കോടികൾ കൈമറിയുന്ന അതിവിപുലമായ വകുപ്പാണ്. സിദ്ധരാമയ്യ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്ന ഡി കെ ശിവകുമാറാണ് ഈ വകുപ്പ് കയ്യാളിയിരുന്നത്. മുഖ്യമന്ത്രിയായ ഡി കെയുടെ സ്വപ്നപദ്ധതികൾ പലതും ഈ വകുപ്പിലാണ്. മുതിർന്ന നേതാവ് രാമലിംഗ റെഡ്‌ഡി ഈ വകുപ്പിന്റെ പേരിലാണ് ഉടക്കിയത്. എന്നാൽ ആദർശധീരനും സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവുമായ കൃഷ്ണ ബൈരെഗൗഡയ്ക്കാണ് ഡി കെ ഈ വകുപ്പ് നൽകിയത്. ആരോടും വഴക്കിടാത്ത, ഒന്നും പിടിച്ചുവാങ്ങാൻ ആഗ്രഹിക്കാത്ത വിശിഷ്ട വ്യക്തിത്വത്തിന് ഉടമയാണ് ബംഗളുരു ബൈട്ടരായനപുരയിൽ നിന്നുള്ള എംഎൽഎയായ കൃഷ്ണ ബൈരെഗൗഡ. സിദ്ധരാമയ്യ മന്ത്രിസഭയിൽ റവന്യൂ വകുപ്പ് മന്ത്രിയായിരുന്നു. ബംഗളുരു നഗരവികസന വകുപ്പ് മുഴുവനായി മുഖ്യമന്ത്രി ഇദ്ദേഹത്തിന് നൽകിയിട്ടില്ല. ഈ വകുപ്പിന്റെ കീഴിൽ വരുന്ന ബിഡിഎ, ബിഎംആർഡിഎ എന്നിവ മുഖ്യമന്ത്രി തന്നെ കൈവശം വെക്കുകയാണ് ചെയ്തത്. 27000 കോടിയുടെ ബംഗളുരു ബിസിനസ്സ് കൊറിഡോർ പദ്ധതി, ബ്രഹത്തായ ശിവരാമ കാരന്ത് ലേഔട്ട്, 1200 കോടി ചെലവ് മതിക്കുന്ന ഹെബ്ബാൾ തുരങ്കപ്പാത എന്നിവ ബിഡി എയുടെ കീഴിലാണ്. ബിഡദി ടൌൺഷിപ്പിന്റെ ചുമതല ബിഎംആർഡിഎയ്ക്കാണ്. ഇതൊന്നുമില്ലാത്ത നഗരവികസന വകുപ്പ് ശുഷ്കമാണ് എന്നുമാത്രമല്ല, ഗ്രേറ്റർ ബംഗളുരു അതോറിറ്റിയുടെ(ജിബിഎ) കീഴിൽ രൂപംകൊടുത്ത അഞ്ചു പുതിയ നഗരസഭകളിൽ ആഗസ്റ്റ് 31 ന് മുമ്പ് തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഈ നഗരസഭാ പരിധികളിൽ ബിജെപിയ്ക്കാണ് മുൻതൂക്കം. ജി ബി എയുടെ ചെയർമാൻ മുഖ്യമന്ത്രിയാണ്. അതുകൊണ്ടുതന്നെ സ്വതന്ത്രമായി പ്രവർത്തിക്കാൻ വകുപ്പ് മന്ത്രിക്ക് കഴിയില്ല. ഈ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ കൃഷ്ണ ബൈരെഗൗഡ വകുപ്പിന്റെ ചുമതല ഇതുവരെയും ഏറ്റെടുത്തിട്ടില്ല. പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഹൈക്കമാണ്ടിന്റെ നിർദ്ദേശം കാത്തിരിക്കുകയാണ് അദ്ദേഹം . ബംഗളുരു നഗരവികസനം മുഴുവനായി മുഖ്യമന്ത്രി തന്നെ വഹിച്ചോട്ടെ, തനിക്ക് മുമ്പ് കൈകാര്യം ചെയ്തിരുന്ന റവന്യൂ വകുപ്പ് കിട്ടിയാൽ മതി എന്ന നിലപാടാണ് കൃഷ്ണയ്ക്കുള്ളത്. കെ എച്ച് മുനിയപ്പയുടെ ആവശ്യത്തിന് പരിഹാരമായിട്ടില്ല. മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറിനില്ക്കാൻ താൻ ആഗ്രഹിച്ചിരുന്നെന്നും ഹൈക്കമാണ്ടിന്റെ നിർബന്ധത്താലാണ് ഉപമുഖ്യമന്ത്രി പദവി സ്വീകരിച്ചതെന്നും ഡോക്ടർ ജി പരമേശ്വര വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രധാനപ്പെട്ട ഗവണ്മെന്റ് പരിപാടിയുടെ പരസ്യത്തിൽ ഡോക്ടർ പരമേശ്വരയുടെ ഫോട്ടോ വെക്കാതിരുന്നതിൽ അദ്ദേഹത്തിന്റെ അനുയായികൾ പ്രതിഷേധിച്ചിരുന്നു. സിദ്ധരാമയ്യ മന്ത്രിസഭയിൽ ഡി കെ ഉപമുഖ്യ മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ചിത്രവും മുഖ്യമന്ത്രിയുടെ ചിത്രത്തോടൊപ്പം പരസ്യങ്ങളിൽ പ്രാധാന്യത്തോടെ സ്ഥാനംപിടിക്കാറുണ്ടായിരുന്നു. ഇപ്പോഴെന്താണ് ഉപമുഖ്യമന്ത്രി ഒഴിവാക്കപ്പെടുന്നത് എന്നാണ് അദ്ദേഹത്തിന്റെ അനുയായികൾ ചോദിക്കുന്നത്. മുഖ്യമന്ത്രി ഡി കെയെ പ്രതിസന്ധിയിലാക്കുന്ന മറ്റുചില പ്രശ്നങ്ങളും ഉരുതിരിഞ്ഞു വരുന്നുണ്ട്.
Photo Courtesy - Google










