04:33pm 12 November 2026
NEWS
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി; പാലക്കാട് എംഎൽഎയെ പിടികൂടിയത് ‘നീല ട്രോളി ബാഗ്’ വിവാദം ഉയർന്ന കെപിഎം റീജൻസി ഹോട്ടലിൽ നിന്നും
11/01/2026  08:04 AM IST
nila
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി; പാലക്കാട് എംഎൽഎയെ പിടികൂടിയത് ‘നീല ട്രോളി ബാഗ്’ വിവാദം ഉയർന്ന കെപിഎം റീജൻസി ഹോട്ടലിൽ നിന്നും

പാലക്കാട് കെപിഎം റീജൻസിയിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത രാഹുൽ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിന് ശേഷം ഇന്നുതന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഞായറാഴ്ച്ച പുലർച്ചെയാണ് മൂന്നാമത്തെ യുവതിയുടെ ബലാത്സം​ഗ പരാതിയിൽ രാഹുലിനെ കസ്റ്റഡിയിലെടുത്തത്. 

പാലക്കാട് ഉപതിരഞ്ഞെടുപ്പ് കാലത്ത് ‘നീല ട്രോളി ബാഗ്’ വിവാദം ഉയർന്ന കെപിഎം റീജൻസി ഹോട്ടലിൽ നിന്നുതന്നെയാണ് പൊലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. പുതുതായി ലഭിച്ച ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട പൊലീസ് നീക്കം പൂർണമായും രഹസ്യമായി ആസൂത്രണം ചെയ്തതായിരുന്നു. പാലക്കാട് എത്തിയ നിമിഷം മുതലേ രാഹുലിനെ പൊലീസ് നിരീക്ഷണത്തിലാക്കിയിരുന്നു. കെപിഎം റീജൻസിയെ കേന്ദ്രമാക്കിയാണ് പ്രത്യേക സംഘത്തിന്റെ നീക്കം നടന്നത്. കസ്റ്റഡി നടപടികൾക്ക് മുന്നോടിയായി വൈകുന്നേരം മുതലേ പൊലീസ് തയ്യാറെടുപ്പുകൾ ആരംഭിച്ചെങ്കിലും പുറംലോകത്തിന് സൂചനകൾ ഒന്നും നൽകിയില്ല. രാത്രി പത്ത് മണിയോടെ ജില്ലയിലെ പ്രധാന പൊലീസ് ഉദ്യോഗസ്ഥരെ ഫോണിൽ പോലും ബന്ധപ്പെടാനാകാത്ത സാഹചര്യം ഉണ്ടായി.

അർധരാത്രിയോടെ ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കെപിഎം റീജൻസിയിൽ എത്തി. നടപടികളുടെ ഭാഗമായി റിസപ്ഷനിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ മൊബൈൽ ഫോണുകൾ പൊലീസ് കൈപ്പറ്റി. രാഹുലിന്റെ ഡ്രൈവറും സഹായിയും ഹോട്ടലിൽ നിന്ന് പുറത്തുപോയതായി സ്ഥിരീകരിച്ചതിന് ശേഷമാണ് അടുത്ത ഘട്ടത്തിലേക്ക് നീങ്ങിയത്.

തുടർന്ന് രാത്രി 12.15ഓടെ രാഹുൽ താമസിച്ചിരുന്ന 2002-ാം നമ്പർ മുറിയിലെത്തി പൊലീസ് വാതിൽ തട്ടി. ആദ്യഘട്ടത്തിൽ വാതിൽ തുറക്കാതിരുന്ന രാഹുൽ, കസ്റ്റഡി രേഖപ്പെടുത്താനെത്തിയതാണെന്ന വിവരം പൊലീസ് അറിയിച്ചതിന് പിന്നാലെ 12.30ഓടെ വാതിൽ തുറക്കുകയായിരുന്നു. തുടർന്ന് ഔദ്യോഗികമായി കസ്റ്റഡി രേഖപ്പെടുത്തി.

2024 നവംബർ അഞ്ചിന് അർധരാത്രിയായിരുന്നു ‘നീല ട്രോളി ബാഗിൽ പണം’ കൊണ്ടുവന്നെന്ന ആരോപണത്തെ തുടർന്ന് രാഹുലിനെതിരായ ആദ്യ പൊലീസ് നീക്കം നടന്നത്. അന്നും കെപിഎം റീജൻസിയിലുണ്ടായിരുന്ന കോൺഗ്രസ് നേതാക്കളുടെ മുറികളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ വ്യക്തമായ തെളിവുകൾ ലഭിക്കാത്തതിനെ തുടർന്ന് രാഹുലിനെ കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞിരുന്നില്ല.

അന്ന് പൊലീസ് നീക്കം പരാജയപ്പെട്ട അതേ ഹോട്ടലിൽ നിന്നുതന്നെയാണ് ഇത്തവണ കൃത്യമായ ആസൂത്രണത്തോടെയും പഴുതടച്ച നടപടികളോടെയും പൊലീസ് രാഹുലിനെ പിടികൂടിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img