01:03am 13 November 2026
NEWS
കണക്ഷൻ കുതിപ്പിൽ കെഫോൺ മുന്നേറ്റം
17/02/2026  03:58 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കണക്ഷൻ കുതിപ്പിൽ കെഫോൺ മുന്നേറ്റം

ഇന്റർനെറ്റ് എന്നത് വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും ഭരണത്തിന്റെയും സാമ്പത്തിക വളർച്ചയുടെയും അടിത്തറയായി മാറിക്കഴിഞ്ഞു. ആ അടിത്തറയെ സംസ്ഥാനമൊട്ടാകെ സമഗ്രമായി പണിതുയർത്തുകയാണ് കേരള സർക്കാരിന്റെ സ്വന്തം ഇന്റർനെറ്റ് പദ്ധതിയായ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് അധവാ കെഫോൺ. 

കേരളത്തിൽ ഡിജിറ്റൽ അടിസ്ഥാനസൗകര്യം ആശയ രൂപത്തിൽ നിന്ന് പ്രവർത്തന യാഥാർത്ഥ്യത്തിലേക്ക് ഉയർന്നുവന്ന ഒരു പരിവർത്തനത്തിന്റെ കഥയാണ് കെഫോൺ. ഇത് ഒരു സർക്കാർ പദ്ധതി എന്ന പരിധിയിൽ മാത്രം ഒതുങ്ങുന്നില്ല; മറിച്ച്, എല്ലാവർക്കും സമാനമായ ഡിജിറ്റൽ പ്രവേശനം ഉറപ്പാക്കുന്ന സാമൂഹിക സമത്വാധിഷ്ഠിത വളർച്ചയുടെ മാതൃകയായി ഇന്ന് കെഫോൺ മാറിക്കഴിഞ്ഞു. 

സംസ്ഥാന ബഡ്ജറ്റിൽ ₹112.44 കോടി അനുവദിച്ചത്  കെഫോണിനെ ഒരു പദ്ധതി ഘട്ടത്തിൽ നിന്ന് സ്ഥാപനാത്മക ശക്തിയുള്ള പൊതുമേഖലാ ഡിജിറ്റൽ സംവിധാനമായി ഉയർത്താനുള്ള സർക്കാരിന്റെ നീക്കമായാണ് കണക്കാക്കുന്നത്. സ്ഥിരതയുള്ള സാമ്പത്തിക പിന്തുണ ലഭിക്കുന്നത് പദ്ധതിയുടെ പ്രവർത്തന തുടർച്ചയും ഗുണനിലവാരവും ഉറപ്പാക്കുന്നു. പ്രത്യേകിച്ച് സ്വകാര്യ സേവനദാതാക്കൾ എത്താത്ത പ്രദേശങ്ങളിൽ സംസ്ഥാനത്തിന്റെ ഇടപെടൽ ശക്തിപ്പെടുത്താൻ ഈ നിക്ഷേപം സഹായകമാകും.

ഇത് ഡിജിറ്റൽ അടിസ്ഥാനസൗകര്യത്തെ ഒരു സാമൂഹിക മൂലധനമായി കാണുന്ന സമീപനത്തിന്റെ പ്രതിഫലനമാണ്. റോഡുകളും പാലങ്ങളും പോലെ തന്നെ ഇന്റർനെറ്റും ഒരു അടിസ്ഥാന സൗകര്യമാണെന്ന് അംഗീകരിക്കുന്ന വികസന കാഴ്ചപ്പാട് ഇതിലൂടെ വ്യക്തമാകുന്നു. ഭാവിയിൽ ഇത് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നിലവാരം, ആരോഗ്യ സേവന വ്യാപനം, സംരംഭകത്വ വളർച്ച, എന്നിവയ്ക്കെല്ലാം പിന്തുണയാകും.

കൂടാതെ, ഈ ബഡ്ജറ്റ് പിന്തുണ ഡിജിറ്റൽ സുരക്ഷ, നെറ്റ്‌വർക്ക് വിശ്വാസ്യത, ഡാറ്റ മാനേജ്മെന്റ് എന്നിവയിൽ മെച്ചപ്പെടുത്തലുകൾക്ക് വഴിയൊരുക്കും. അതായത്, കെഫോൺ വെറും കണക്ഷൻ നൽകുന്ന സംവിധാനമല്ല; ഭാവി സാങ്കേതിക ആവശ്യങ്ങൾ ഏറ്റെടുക്കാൻ കഴിയുന്ന സുസ്ഥിര ഡിജിറ്റൽ ഇക്കോസിസ്റ്റമായി വളരാനുള്ള അടിത്തറയാണ് ഈ സാമ്പത്തിക ശക്തീകരണം.

സംസ്ഥാനത്താകെ 1,49,508 കണക്ഷനുകൾ പൂർത്തിയാക്കി കെഫോൺ നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിൽ 1,07673 FTTH കണക്ഷനുകൾ,  27640  സർക്കാർ, എന്റർപ്രൈസ്  കണക്ഷനുകൾ, കൂടാതെ സാമ്പത്തികമായി പിന്നാക്ക വിഭാഗങ്ങൾക്ക് നൽകിയ 14,195-ത്തിലധികം EWS കണക്ഷനുകൾ എന്നിവ ഉൾപ്പെടുന്നു.

ജില്ലകളിലുടനീളം സമഗ്രമായ വ്യാപനമാണ് കെഫോണിന്റെ ഏറ്റവും വലിയ ശക്തി എന്നത്  കണക്കുകളിൽ നിന്നും വ്യക്തമാണ്. വികസനം ചില പ്രധാന നഗരങ്ങളിലോ വാണിജ്യ കേന്ദ്രങ്ങളിലോ മാത്രം കേന്ദ്രീകരിക്കാതെ, സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിലേക്കും ഒരേ തരത്തിലുള്ള ഡിജിറ്റൽ അടിസ്ഥാനസൗകര്യം എത്തിക്കാൻ സാധിച്ചതാണ് പദ്ധതിയുടെ പ്രത്യേകത. FTTH കണക്ഷനുകളുടെ വ്യാപ്തി വീടുകളിലെത്തിയ സേവനത്തിന്റെ വ്യാപനത്തെ സൂചിപ്പിക്കുമ്പോൾ, സർക്കാർ കണക്ഷനുകളുടെ എണ്ണം പൊതുസേവന രംഗത്തെ ഡിജിറ്റൽ മാറ്റത്തിന്റെ ആഴം വ്യക്തമാക്കുന്നു. കൂടാതെ EWS വിഭാഗങ്ങൾക്കായി നൽകിയ കണക്ഷനുകൾ പദ്ധതിയുടെ സാമൂഹിക ഉത്തരവാദിത്വത്തെ ഊന്നിപ്പറയുന്നു. ഈ കണക്കുകൾ പരിശോധിക്കുമ്പോൾ ജില്ലകൾ തമ്മിലുള്ള വ്യത്യാസം കുറച്ച്, ഡിജിറ്റൽ സേവനങ്ങൾ സമമായി വിതരണം ചെയ്യാനുള്ള ഏകോപിത ശ്രമമാണ് കെഫോൺ നടപ്പിലാക്കുന്നത് എന്ന് വ്യക്തമാണ്. ഇത് വെറും കണക്ഷൻ വർധനവല്ല; ഓരോ ജില്ലയും ഡിജിറ്റൽ വികസന ഭൂപടത്തിൽ ഒരേ നിലയിൽ നിൽക്കാൻ നടത്തിയ ഒരു ഘടനാപരമായ ഇടപെടലാണ്.

ജില്ലാതല കണക്കുകൾ പരിശോധിക്കുമ്പോൾ, 29,534 കണക്ഷനുകളോടെ മലപ്പുറം ജില്ല ഡിജിറ്റൽ മുന്നേറ്റത്തിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അതിൽ 22,933 ഗാർഹിക കണക്ഷനുകൾ ഉൾപ്പെടുന്നുണ്ട്. സാധാരണക്കാരുടെ ഇടയിൽ വലിയ  സ്വീകാര്യത നേടാൻ കെഫോണിന് കഴിഞ്ഞുവെന്നതിന്റെ തെളിവാണിത്. വീടുകളിലേക്കുള്ള ഹൈസ്പീഡ് ഇന്റർനെറ്റ് പ്രവേശനം ശക്തിപ്പെടുത്തുന്നതിൽ മാതൃകാപരമായ മുന്നേറ്റംകുറിച്ചിരിയ്ക്കുകയാണ് മലപ്പുറം. തുടർന്ന് പാലക്കാട് 13,527 കണക്ഷനുകളുമായി രണ്ടാം സ്ഥാനത്തും, കോഴിക്കോട് 12,474 കണക്ഷനുകളുമായി മൂന്നാം സ്ഥാനത്തുമാണ്. കോട്ടയം 13,448 കണക്ഷനുകളോടെ സ്ഥിരതയുള്ള വളർച്ച രേഖപ്പെടുത്തുമ്പോൾ, എറണാകുളം 11,884 കണക്ഷനുകളുമായി നഗരവൽക്കരണവും ഡിജിറ്റൽ ആവശ്യകതയും തമ്മിലുള്ള ശക്തമായ ബന്ധം വ്യക്തമാക്കുന്നു. കൊല്ലം (10,813), തൃശൂർ (10,664), തിരുവനന്തപുരം (9,592) ജില്ലകൾ  ശ്രദ്ധേയമായ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള കണക്റ്റിവിറ്റിയിൽ 547 സർക്കാർ കണക്ഷനുകളോടെ തിരുവനന്തപുരം മുന്നിലുണ്ട്. ഭരണകേന്ദ്രങ്ങളും പൊതുസേവന സ്ഥാപനങ്ങളും ഉൾപ്പെടെ തലസ്ഥാന നഗരിയിൽ ഡിജിറ്റൽ അടിസ്ഥാനസൗകര്യം കൂടുതൽ ശക്തിപ്പെട്ടതിന്റെ തെളിവാണ് ഇത്. BEL ഇൻഫ്രാസ്ട്രക്ചർ പിന്തുണയോടെ ലഭ്യമായ കണക്ഷനുകളിൽ മലപ്പുറം (2,709), തൃശൂർ (2,392), കോട്ടയം (2,256), തിരുവനന്തപുരം (2,222) ജില്ലകൾ മുൻപന്തിയിൽ തുടരുന്നു. സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും സ്ഥിരതയുള്ള നെറ്റ്‌വർക്ക് ഉറപ്പാക്കുകയും ചെയ്യുന്ന മേഖലയിൽ ഈ ജില്ലകൾ കൈവരിച്ച പുരോഗതിയെയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

സാമൂഹിക ഉൾക്കൊള്ളലിന്റെ സൂചികയായ EWS കണക്ഷനുകളിൽ ശ്രദ്ധേയമായ പുരോഗതി കാണാം. Phase 1, Phase 2 ഉൾപ്പെടെ മലപ്പുറം ജില്ല 3,560-ത്തിലധികം EWS കണക്ഷനുകൾ നൽകി മുന്നിലാണ്. കൊല്ലം, പാലക്കാട്, വയനാട്, എറണാകുളം എന്നീ ജില്ലകളും പിന്നാക്ക വിഭാഗങ്ങളിലേക്കുള്ള ഡിജിറ്റൽ സേവന വ്യാപനത്തിൽ സജീവമാണ്. പ്രത്യേകിച്ച് വയനാട് പോലുള്ള മലയോര ജില്ലയിൽ 7,657 കണക്ഷനുകൾ പൂർത്തിയാക്കിയിരിക്കുന്നത് ഭൗമപരമായ വെല്ലുവിളികളെ മറികടന്ന് സേവനം എത്തിക്കുന്നതിന്റെ തെളിവാണ്. ഇടുക്കി (7,844), കണ്ണൂർ (6,376), ആലപ്പുഴ (6,488) എന്നീ ജില്ലകളും സ്ഥിരതയാർന്ന വളർച്ചയാണ് കാണിക്കുന്നത്.

അതേസമയം കാസർഗോഡ് (4,419), പത്തനംതിട്ട (4,136) എന്നീ ജില്ലകളിൽ കണക്ഷൻ എണ്ണം താരതമ്യേന കുറവായിരുന്നാലും, അടിസ്ഥാന സൗകര്യ വികസനം തുടരുന്നതിലൂടെ ഭാവിയിൽ വളർച്ചയ്ക്ക് വലിയ സാധ്യതകളുണ്ട്. സംഗ്രഹമായി നോക്കുമ്പോൾ, നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ജില്ലകളിലേക്കും ഡിജിറ്റൽ സേവനം വ്യാപിപ്പിക്കാനുള്ള കെഫോണിന്റെ ലക്ഷ്യം കണക്കുകൾ തെളിയിക്കുന്നു. ജില്ലാതല കണക്ഷൻ പുരോഗതി വെറും സാങ്കേതിക നേട്ടമല്ല; സംസ്ഥാനത്തിന്റെ സാമൂഹിക, സാമ്പത്തിക, ഭരണപരമായ വികസനത്തെ സമാന്തരമായി മുന്നോട്ട് നയിക്കുന്ന സമഗ്ര ഡിജിറ്റൽ വിപ്ലവത്തിന്റെ പ്രതിഫലനമാണ്.

14,000-ത്തിലധികം EWS കണക്ഷനുകൾ വിതരണം ചെയ്തിരിക്കുന്നത് കെഫോൺ ലാഭകേന്ദ്രിത പദ്ധതിയല്ലെന്നതിന് വ്യക്തമായ തെളിവാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായോ സബ്സിഡിയോടെയോ ഇന്റർനെറ്റ് ലഭ്യമാക്കുന്നത്, ഡിജിറ്റൽ പ്രവേശനം ഒരു അവകാശമായി മാറ്റാനുള്ള ഇടപെടലാണ്. ഇതിലൂടെ ഡിജിറ്റൽ സമത്വം വാക്കുകളിൽ അല്ല, പ്രവൃത്തിയിൽ നടപ്പിലാക്കുന്ന ഒരു മാതൃകയാണ് കെഫോൺ മുന്നോട്ടുവെക്കുന്നത്.

കെഫോണിന്റെ ഏറ്റവും വ്യക്തമായ സ്വാധീനം പ്രകടമായത് സർക്കാർ സേവന മേഖലയിലാണ്. സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് സർക്കാർ ഓഫീസുകൾ അതിവേഗ ഫൈബർ കണക്റ്റിവിറ്റിയിലൂടെ ബന്ധിപ്പിക്കപ്പെട്ടതോടെ ഭരണ പ്രവർത്തനങ്ങളിൽ വേഗതയും കാര്യക്ഷമതയും ഗണ്യമായി ഉയർന്നു. പഞ്ചായത്തുകൾ മുതൽ സെക്രട്ടേറിയറ്റ് വരെ ഇ-ഓഫീസ് സംവിധാനങ്ങൾ കൂടുതൽ സുഗമമായി പ്രവർത്തിക്കുന്നു; ഫയൽ നീക്കങ്ങൾ, ഡാറ്റ ഷെയറിംഗ്, ഓൺലൈൻ അനുമതികൾ എന്നിവ ഇനി സമയതാമസം കൂടാതെ സാധ്യമാകുന്നു. ബിൽഡിംഗ് പെർമിറ്റ്, ലൈസൻസ്, ജനന-മരണ സർട്ടിഫിക്കറ്റ്, ക്ഷേമപദ്ധതി അപേക്ഷകൾ തുടങ്ങിയ സേവനങ്ങൾ ജനങ്ങൾക്ക് കൂടുതൽ സുതാര്യവും ത്വരിതവുമായ രീതിയിൽ ലഭ്യമാകുന്നു. കൂടാതെ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും വിവര കൈമാറ്റവും മെച്ചപ്പെട്ടതോടെ ഭരണ സംവിധാനത്തിന്റെ പ്രതികരണ ശേഷിയും വർധിച്ചു. അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിലുള്ള ഡാറ്റ ട്രാൻസ്ഫറും നിരീക്ഷണവും സാധ്യമാക്കുന്നതിലൂടെ, കെഫോൺ ഒരു നെറ്റ്‌വർക്ക് മാത്രമല്ല  സംസ്ഥാന ഭരണത്തിന്റെ ഡിജിറ്റൽ നാഡിയായി മാറിയിരിക്കുകയാണ്.

മറ്റ് ഇന്റർനെറ്റ് സേവന ദാതാക്കൾ നിരക്കുകൾ വലിയ രീതിയിൽ ഉയർത്തുമ്പോൾ കേരളത്തിലെ ജനങ്ങൾക്ക് ആശ്വാസമാവുകയാണ് കെഫോൺ.  ഡാറ്റാ ആശ്രിതമായ ഐടി സേവനങ്ങൾക്കും ക്ലൗഡ് അധിഷ്ഠിത പ്രവർത്തനങ്ങൾക്കും തടസ്സമില്ലാത്ത കണക്റ്റിവിറ്റി നിർണായകമായ സാഹചര്യത്തിൽ, കെഫോൺ നൽകുന്ന വിശ്വസനീയ നെറ്റ്‌വർക്ക് വലിയ പിന്തുണയായി മാറിയിട്ടുണ്ട്.

സ്റ്റാർട്ടപ്പുകൾ, സോഫ്റ്റ്‌വെയർ കമ്പനികൾ, ഡാറ്റാ സെന്ററുകൾ എന്നിവയ്ക്ക് ആവശ്യമായ ഹൈസ്പീഡ് കണക്ഷനുകൾ വഴി കേരളത്തിന്റെ ഐടി ഇക്കോസിസ്റ്റം കൂടുതൽ മത്സരക്ഷമമാകുകയാണ്. പ്രധാന ഐടി പാർക്കുകളിലേക്കും കണക്ഷൻ വ്യാപിപ്പിക്കുന്നത് കെഫോണിന്റെ ദീർഘകാല ഡിജിറ്റൽ ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകുന്നു.

ടെലികോം മേഖലയിലും  നിർണായക പങ്ക് വഹിച്ചു കൊണ്ടാണ് കെഫോണിന്റെ പ്രവർത്തനങ്ങൾ. ഫൈബർ അടിസ്ഥാനസൗകര്യം വ്യാപകമാകുന്നതോടെ 4G, 5G പോലുള്ള ഉയർന്ന് വരുന്ന സാങ്കേതിക സാധ്യതകൾ കൂടുതൽ കാര്യക്ഷമമായി വ്യാപിപ്പിക്കാനുള്ള സാഹചര്യം സംസ്ഥാനത്ത് രൂപപ്പെടുന്നു. ഇത് മൊബൈൽ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതോടൊപ്പം ഭാവിയിലെ സ്മാർട്ട് സാങ്കേതികതകൾക്കും കെഫോൺ ആവശ്യമായ അടിസ്ഥാന സൗകര്യം സൃഷ്ടിക്കുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഫൈബർ വ്യാപനം, ഐടി നിക്ഷേപങ്ങൾ തലസ്ഥാന നഗരങ്ങൾക്കു പുറത്ത് വ്യാപിപ്പിക്കുന്നതിനും സഹായകമാണ്. ടയർ–2, ടയർ–3 നഗരങ്ങളിലേക്കും ഐടി പ്രവർത്തനങ്ങൾ എത്തുന്നതിലൂടെ തൊഴിൽ അവസരങ്ങളും പ്രാദേശിക സാമ്പത്തിക വളർച്ചയും ശക്തമാകുന്നു. സുരക്ഷിതവും സർക്കാർ നേതൃത്വത്തിലുള്ളതുമായ നെറ്റ്‌വർക്ക് എന്ന പ്രത്യേകത, സർക്കാർ സംവിധാനങ്ങൾക്കും സ്വകാര്യ ഐടി സ്ഥാപനങ്ങൾക്കും കെഫോണിനെ  ഒരു വിശ്വസനീയ പ്ലാറ്റ്‌ഫോമായി  മാറ്റുന്നു. ഡാറ്റാ സുരക്ഷയും നെറ്റ്‌വർക്ക് സ്ഥിരതയും ഉറപ്പാക്കുന്നതിലൂടെ ഡിജിറ്റൽ സേവനങ്ങൾ തടസ്സമില്ലാതെ പ്രവർത്തികമാക്കുവാനും കെഫോൺ വഴിയൊരുക്കുന്നു. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകുന്ന പദ്ധതിയ  കെഫോണിനെ വേറിട്ടുനിർത്തുന്നു. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, ഇ-ഗവേണൻസ് സേവനങ്ങൾ എന്നിവയിലേക്ക് ഡിജിറ്റൽ പ്രവേശനം ഉറപ്പാക്കുന്നതിലൂടെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തിൽ കെഫോൺ വലിയ മാറ്റം സൃഷ്ടിക്കുന്നു. 

കെഫോണിന്റെ വളർച്ച ഏറ്റവും കൂടുതൽ  സ്വാധീനം ചെലുത്തുന്നത് യുവജനങ്ങളിലും ഗ്രാമീണ മേഖലകളിലുമാണ് . ഒരിക്കൽ നഗരങ്ങളിലേക്കുള്ള കുടിയേറ്റം മാത്രമായിരുന്നു മികച്ച വിദ്യാഭ്യാസത്തിനും തൊഴിൽ അവസരങ്ങൾക്കും വഴിയെന്ന് കരുതപ്പെട്ടിരുന്ന കാലം മാറുകയാണ്. അതിവേഗ ഫൈബർ കണക്റ്റിവിറ്റി ഗ്രാമങ്ങളിലെത്തിയതോടെ, യുവാക്കൾക്ക് സ്വന്തം നാട്ടിൽ നിന്നുതന്നെ ആഗോള അവസരങ്ങൾ കയ്യെത്തിപ്പിടിക്കുവാൻ കഴിയുന്നു. ഓൺലൈൻ കോഴ്‌സുകൾ, സ്കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാമുകൾ, റിമോട്ട് ജോലികൾ, ഫ്രീലാൻസിംഗ് പ്ലാറ്റ്‌ഫോമുകൾ   ഇവയെല്ലാം ഇന്ന് ഗ്രാമ പ്രദേശങ്ങളിലെ യുവജനങ്ങൾക്കായി സുലഭമായി ലഭ്യമാണ്.

ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകൾക്കായുള്ള ഓൺലൈൻ പരിശീലനവും ഡിജിറ്റൽ പഠനസൗകര്യങ്ങളും ലഭ്യമാകുന്നത് വിദ്യാഭ്യാസത്തിലെ നഗര-ഗ്രാമ വ്യത്യാസം കുറയ്ക്കുന്നു. ഡിജിറ്റൽ ലൈബ്രറികളും വെബിനാറുകളും രാജ്യാന്തര പഠനാവസരങ്ങളുമായുള്ള ബന്ധവും ഇനി ഒരു സ്വപ്നമല്ല. ഇന്റർനെറ്റ് ഒരു വിനോദമാധ്യമം മാത്രമല്ല, ഭാവി നിർമിക്കാൻ സഹായിക്കുന്ന ഒരു ഉപാധിയായി മാറുകയാണ്.

ഗ്രാമീണ സംരംഭകത്വത്തിനും കെഫോൺ ഒരു പുത്തൻ ദിശ തുറക്കുന്നു. കാർഷിക ഉൽപ്പന്നങ്ങൾ നേരിട്ട് വിപണിയിലേക്കെത്തിക്കാൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാനാകുന്നത് കർഷകർക്ക് ഇടനിലക്കാരെ ഒഴിവാക്കി കൂടുതൽ വരുമാനം ഉറപ്പാക്കുന്നു. ഹോം-ബേസ്ഡ് സംരംഭങ്ങൾ, സ്ത്രീ സ്വയംസഹായ സംഘങ്ങൾ, പ്രാദേശിക ഹസ്തകലാ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ദേശീയ-അന്തർദേശീയ വിപണിയിലേക്ക് പ്രവേശനം സാധ്യമാകുന്നു. ഇത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് ശക്തമായ ഉത്തേജനമാണ് നൽകുന്നത്.

കെഫോൺ യുവജനങ്ങളുടെ സ്വപ്നങ്ങൾക്ക് ഡിജിറ്റൽ ചിറകുകൾ നൽകുകയും കേരളത്തിലെ ഗ്രാമ പ്രദേശങ്ങളെ വികസനത്തിന്റെ മുഖ്യധാരയിലേക്ക് ശക്തമായി കൂട്ടിക്കൊണ്ടുവരികയും ചെയ്യുന്നു. ഫൈബർ കണക്ഷനുകൾ വഴി സൃഷ്ടിക്കപ്പെടുന്നത് വെറും നെറ്റ്‌വർക്ക് എന്നതിലുപരി ഒരു തലമുറയുടെ ആത്മവിശ്വാസവും ഒരു ഗ്രാമത്തിന്റെ സാധ്യതകളും പടുത്തുയർത്തുന്ന ഭാവി സ്വപ്നമാണ്.

സ്ത്രീ ശാക്തീകരണ രംഗത്തും  കെഫോണിന്റെ ചെറുതല്ല. ഡിജിറ്റൽ പ്രവേശനം സ്ത്രീകളെ ഉപഭോക്താക്കളിൽ നിന്ന് സൃഷ്ടാക്കളായും സംരംഭകരായും  പങ്കാളികളായും ഉയർത്തുന്ന ഒരു പരിവർത്തനമാണ് ഇത്. അതിലൂടെ കുടുംബത്തെയും സമൂഹത്തെയും സമഗ്രമായി ശക്തിപ്പെടുത്തുന്ന ഒരു വികസന മാതൃകയായി കെഫോൺ മാറുന്നു. വീട്ടമ്മമാരായ സ്ത്രീകൾ  മുതൽ സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങൾ വരെ, ഓൺലൈൻ പരിശീലന പരിപാടികൾ, സംരംഭകത്വ കോഴ്സുകൾ, ഡിജിറ്റൽ മാർക്കറ്റിംഗ് പ്ലാറ്റ്ഫോമുകൾ എന്നിവ ഉപയോഗിച്ച് സ്വന്തം കഴിവുകൾ വളർത്തുന്നതിന് കെഫോണിന്റെ കടന്നുവരവ് സാഹായകരമായി. വീട്ടിൽ നിന്നുതന്നെ ഓൺലൈൻ ബിസിനസുകൾ ആരംഭിക്കാനും കരകൗശല വസ്തുക്കൾ, ഭക്ഷ്യവസ്തുക്കൾ, കൈത്തറി ഉൽപ്പന്നങ്ങൾ എന്നിവ ദേശീയ വിപണിയിലെത്തിക്കാനും കഴിയുന്നത് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള വലിയ ചുവടുവയ്പ്പാണ്.ബാങ്കിംഗ് സേവനങ്ങൾ, ഓൺലൈൻ പണമിടപാടുകൾ, ഡിജിറ്റൽ ഇടപാടുകൾ എന്നിവയിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിക്കുന്നത് സാമ്പത്തിക ഉൾക്കൊള്ളലിന്റെ സൂചനയാണ്. 

ഈ വര്ഷം അവസാനത്തോടെ  2.5 ലക്ഷം കണക്ഷനുകളെന്ന ലക്ഷ്യത്തിലേക്കാണ് കെഫോൺ മുന്നോട്ട് പോകുന്നത്.അതോടൊപ്പം  ഫൈബർ കണക്റ്റിവിറ്റിയിലൂടെ  ഭാവിയിലേക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ സഞ്ചരിക്കുകയാണ് കേരളം .

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img