
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയമായി നിൽക്കവെയാണ് 2024 ഡിസംബർ 29-നുണ്ടായ അപകടത്തിൽ ഉമാ തോമസ് എം എൽ എയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. എറണാകുളം കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ അവതരിപ്പിച്ച ഗിന്നസ് റെക്കോർഡ് നൃത്തപരിപാടിയിൽ അതിഥിയായി പങ്കെടുക്കാനെത്തിയ അവർ ഗ്യാലറിക്കു മുകളിൽ പണിതുയർത്തിയ താത്ക്കാലിക വേദിയിൽ നിന്നും 20 അടി താഴേക്ക് പതിക്കുകയായിരുന്നു. മാസങ്ങൾ നീണ്ട ചികിത്സയിൽ ഉമാ തോമസ് പൂർണമായി സുഖം പ്രാപിച്ചിട്ടില്ല. കൊച്ചി റിനൈ മെഡിക്കൽ സെന്ററിൽ ഉൾപ്പെടെ ചികിത്സ നടത്തിയ അവരിപ്പോൾ ആയുർവേദ ചികിത്സയ്ക്ക് ശേഷമുള്ള വിശ്രമത്തിലാണ്.
കഴിഞ്ഞ ആറുമാസമായി കേരള രാഷ്ട്രീയത്തിലോ മറ്റു പരിപാടികളിലോ സജീവമാകാൻ സാധിക്കാതിരുന്ന ഉമാ തോമസ് എം എൽ എ വിശ്രമകാലത്തിനിടയിൽ 'കേരളശബ്ദവു'മായി സംസാരിക്കുന്നു. അപകടത്തിന് ശേഷം ആദ്യമായാണ് ഉമാ തോമസ് ഒരു അച്ചടി മാധ്യമത്തിന് അഭിമുഖം അനുവദിക്കുന്നത്. പതിയെ രാഷ്ട്രീയത്തിലേക്കും തന്റെ പ്രവർത്തനങ്ങളിലേക്കും ഉമാ തോമസ് മടങ്ങി വരുന്നതിന്റെ ഭാഗമായാണ് 'കേരളശബ്ദം' ലേഖകൻ മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരിയോട് സംസാരിച്ചത്. പൊതുരംഗത്ത് നിറസാന്നിധ്യമല്ലെങ്കിലും എം എൽ എയെ കാണാൻ ആളുകൾ ഇടക്കിടെ വീട്ടിലെത്തുന്നുണ്ട്. അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ എം എൽ എ കൂടെ നിൽക്കുന്നുമുണ്ട്. ചികിത്സയിലാണെങ്കിലും പൊതുപ്രവർത്തനവും കേരള രാഷ്ട്രീയവും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് ഉമാ തോമസ് എം എൽ എ. കെ പി സി സി ഭാരവാഹിത്വ മാറ്റത്തെ അവർ സ്വാഗതം ചെയ്യുന്നത് പാർട്ടിക്ക് പുതിയ ഉണർവുണ്ടാക്കുമെന്ന് പറഞ്ഞാണ്.
? കോൺഗ്രസിലെ നേതൃമാറ്റത്തെ എങ്ങനെ കാണുന്നു
പുതിയ നേതൃത്വത്തെ സ്വാഗതം ചെയ്യുന്നു. അവർ സ്ഥാനമേറ്റെടുക്കുമ്പോൾ പോകണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ, ഇപ്പോഴത്തെ അവസ്ഥയിൽ എങ്ങോട്ടേക്കും പോകാൻ കഴിയില്ല. കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലെ വീഴ്ചയ്ക്ക് ശേഷമുള്ള ചികിത്സകൾ തുടരുകയാണ്. നിലവിൽ ആയുർവേദ ചികിത്സ പൂർത്തിയാക്കി വന്നതേയുള്ളു. അതുകഴിഞ്ഞാൽ 45 ദിവസം വീട്ടിൽ വിശ്രമിക്കണമെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്.
വീഴ്ചയ്ക്ക് ശേഷം എനിക്ക് എവിടേയും പോകാൻ സാധിച്ചിട്ടില്ല. എന്റെ മണ്ഡലത്തിലെ പരിപാടികൾ, വിവാഹങ്ങൾ, മരണങ്ങൾ... ഒന്നിലും എന്റെ സാന്നിധ്യമുണ്ടായിട്ടില്ല. 2024 ഡിസംബർ 29 നാണ് അപകടം സംഭവിച്ചത്. 2025 എന്ന വർഷമേ എനിക്കുണ്ടായിട്ടില്ല.
കെ പി സി സിയുടെ പഴയ ഭാരവാഹികൾ ആരും മോശക്കാരായിരുന്നില്ല. പക്ഷേ, പുതിയ ഭാരവാഹികൾ വരുമ്പോൾ അതിന്റേതായ മാറ്റവും ഉണർവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
? പുതിയ ഭാരവാഹികൾ ബന്ധപ്പെട്ടിരുന്നോ
തീർച്ചയായും. എല്ലാവരും ബന്ധപ്പെട്ടിരുന്നു. സണ്ണി ജോസഫ്, അടൂർ പ്രകാശ്, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ തുടങ്ങി എല്ലാവരും വിളിക്കാറും ബന്ധപ്പെടാറുമുണ്ട്. സ്ഥാനമേൽക്കുന്നതിന് മുമ്പും എല്ലാവരും വിളിച്ചിരുന്നു.
? കെ പി സി സി ഭാരവാഹിത്വവും പാർട്ടി ചുമതലയുമുള്ളവരിലും ഭൂരിപക്ഷവും ജനപ്രതിനിധികളാണ്. ഇങ്ങനെ രണ്ട് ചുമതലകൾ ഒന്നിച്ചു കൊണ്ടുപോകാനാവുമോ
മാറ്റങ്ങളുണ്ടാവുമ്പോഴാണ് എല്ലാവർക്കും തങ്ങളുടെ കഴിവുകൾ തെളിയിക്കാനാവുക. കെ പി സി സിയിൽ മൊത്തത്തിൽ മാറ്റം വന്നത് നന്നായി എന്ന അഭിപ്രായക്കാരിയാണ് ഞാൻ. പുതിയ ആളുകൾ അവരുടെ കഴിവുകൾ തെളിയിക്കട്ടെ.
സണ്ണി ജോസഫ് എല്ലാ കാര്യങ്ങളും നിരീക്ഷിച്ചും നിർദ്ദേശങ്ങൾ നൽകിയും കെ പി സി സി നിയന്ത്രിക്കട്ടെ. യുവാക്കൾ പാർട്ടിക്കായി ഓടട്ടെ. എല്ലാ കാര്യങ്ങളും സിസ്റ്റമാറ്റിക്കായി മുമ്പോട്ടു പോകുമെന്നാണ് കരുതുന്നത്. യുവാക്കൾ ഓടാൻ തയ്യാറായാൽ പാർട്ടി നല്ല രീതിയിൽ ചലിക്കും. അതിന് കഴിവുള്ളവരാണ് പുതിയ നേതൃസ്ഥാനങ്ങളിലേക്ക് എത്തിയിരിക്കുന്നത്.
വനിതകൾ മൾട്ടി സ്‌കിൽഡാണെന്ന് പറയുന്നതു പോലെ പുതിയ തലമുറയും നിരവധി കഴിവുകളുള്ളവരും ഒന്നിച്ച് കാര്യങ്ങൾ ചെയ്യാൻ കഴിയുന്നവരുമാണ്. പുതിയ തലമുറയിൽ സ്ത്രീകളും പുരുഷന്മാരുമെല്ലാം പലതരം കാര്യങ്ങൾ ചെയ്യുന്നവരാണ്. വീട്ടുജോലിയും പുറത്തെ ജോലിയുമെല്ലാം ഇരുവരും പങ്കുവെച്ച് ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ സ്ഥാനമാറ്റത്തിലും അവരുടെ പ്രകടനങ്ങളിലും നല്ല പ്രതീക്ഷയുണ്ട്. ഒന്നിലധികം ജോലികൾ ഏൽപ്പിക്കുമ്പോൾ അവരെല്ലാവരും മികച്ച രീതിയിൽ അവയെല്ലാം പൂർത്തിയാക്കും.
? സണ്ണി ജോസഫിനെ കണ്ണൂർ ജില്ലയിലല്ലാതെ അണികൾക്ക് മുഖപരിചയമില്ലെന്ന ആരോപണമുണ്ടല്ലോ.
അതൊക്കെ ആരോപണം മാത്രമാണ്. തൃക്കാക്കര തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ സണ്ണി ജോസഫിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. എന്റെ മണ്ഡലത്തിലെ എല്ലാവർക്കും സണ്ണി ജോസഫിനെ അറിയാമെന്ന കാര്യം എനിക്ക് പറയാനാവും.
? പിണറായിക്കെതിരെ കെ സുധാകരൻ ആയിരുന്നില്ലേ ശരിയായ തെരഞ്ഞെടുപ്പ്
ഇക്കാര്യത്തിൽ കെ സുധാകരനെക്കുറിച്ച് എന്താണ് പറയുക. പിണറായിക്കെതിരെ ഗർജ്ജിക്കുന്ന സിംഹമാണ് അദ്ദേഹം. കെ പി സി സിയുടെ പുതിയ ഭാരവാഹിത്വം കോൺഗ്രസിന് നഷ്ടമായ സീറ്റുകൾ ഉൾപ്പെടെ തിരികെ പിടിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്കൽബോഡി തെരഞ്ഞെടുപ്പാണ് വരുന്നത്. അതിൽ ഉൾപ്പെടെ നഷ്ടപ്പെട്ട സീറ്റുകൾ കോൺഗ്രസ് തിരിച്ചു പിടിക്കും. അതിനുള്ള പദ്ധതികളാണ് ഇനി ചെയ്യാനുള്ളത്.










