08:53am 21 July 2024
NEWS
കെ.പി.സി.സിയിൽ മിനിക്കുപണി ഉടൻ,
ക്രിസ്തീയ യുവത്വങ്ങൾക്ക് സാധ്യത

13/06/2024  03:16 PM IST
News Desk
എന്നാലും അത് ആരാകും ?
HIGHLIGHTS

സീനിയര്‍ എം.പി. എന്ന നിലയിൽ ഹൈബിക്കും സാദ്ധ്യത കൽപ്പിക്കുന്നുണ്ടെങ്കിലും സഭാതാത്പര്യം കൂടുതൽ റോജിക്കാണ്, കുഴൽനാടനാകട്ടെ പുതുമുഖവും. അതുകൊണ്ട് തന്നെ പാര്‍ട്ടിക്കുള്ളിലും മുറുമുറുപ്പുകൾക്ക് സാദ്ധ്യതയുണ്ട്

തിരുവനന്തപുരം : കെ. സുധാകരൻ കണ്ണൂരിൽ നിന്നും രണ്ടാം വട്ടവും എം.പിയായ സാഹചര്യത്തിൽ കെ.പി.സി.സിക്ക് പുതിയമുഖം ഉടനുണ്ടാകുമെന്ന് സൂചന. ക്രിസ്തീയ വിഭാഗത്തിൽ നിന്നുള്ള യുവാക്കൾക്ക് പ്രാമുഖ്യം നൽകുന്ന പുനഃസംഘടന വേണമെന്നാണ് ഹൈകമാന്റ് താത്പര്യപ്പെടുന്നത്. എറണാകുളം എം.പി. ഹൈബി ഈഡൻ, അങ്കമാലി എം.എൽ.എ. റോജി എം. ജോൺ മൂവാറ്റുപുഴ എം.എൽ.എയും അഭിഭാഷകനുമായ മാത്യു കുഴൽനാടൻ എന്നിവര്‍ക്കാണ് സാദ്ധ്യത കൽപ്പിക്കപ്പെടുന്നതെന്നറിയുന്നു. ഉമ്മൻചാണ്ടിയുടെ മരണശേഷം കോൺഗ്രസ് കേരളഘടകത്തിന് ഒരു ക്രിസ്തീയമുഖം എന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം. പി.പി. തങ്കച്ചനുശേഷം ക്രിസ്തീയ വിഭാഗത്തിൽ നിന്നാരും കെ.പി.സി.സി. തലപ്പത്ത് എത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

          മാത്രമല്ല ഇക്കുറി യുവാക്കളെ പരീക്ഷിച്ചാൽ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ഗുണകരമാകും എന്ന വിലയിരുത്തലും പാര്‍ട്ടിക്കുണ്ടത്രേ. തെലങ്കാന മോഡൽ പരീക്ഷണം ഇവിടേയും നടത്താനാണ് ഹൈമാന്റ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പാര്‍ട്ടിക്ക് അടിസ്ഥാനബലം പോലുമില്ലാതിരുന്ന തെലങ്കാനയിൽ രേവന്ത് റെഡിയെ പാര്‍ട്ടി തലപ്പത്ത് കൊണ്ടുവന്നത് ഏറെ ഗുണകരമായിരുന്നു. ഈ മോഡൽ ഇവിടെയും പരീക്ഷിക്കനാണ് നീക്കമെന്നറിയുന്നു. അതുകൊണ്ട് തന്നെ പരിഗണിക്കുന്ന പേരുകളിൽ കൂടുൽ സാദ്ധ്യത റോജിക്കാണ് എന്നും അറിയുന്നു. നിലവിൽ എ.ഐ.സി.സി. സെക്രട്ടറി കൂടിയായ റോജി സീറോ മലബാര്‍ സഭാംഗമാണ്. മാത്രമല്ല എല്ലാ സഭകളുമായും അദ്ദേഹത്തിന് നല്ല ബന്ധമാണുള്ളത്. എൻ.എസ്.യു. പ്രസിഡന്റ് എന്ന നിലയിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച റോജി അടുത്തിടെ കര്‍ണ്ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും ചുക്കാൻ പിടിച്ചിരുന്നു. മുതിര്‍ന്ന നേതാവ് ഡി.കെ. ശിവകുമാര്‍ ഉൾപ്പെടെയുള്ള നേതാക്കൻമാര്‍ അന്ന് റോജിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ശിവകുമാര്‍ ഉൾപ്പെടെയുള്ള നേതാക്കൻമാര്‍ റോജിയെ പിന്താങ്ങുന്നുണ്ട്.

          സീനിയര്‍ എം.പി. എന്ന നിലയിൽ ഹൈബിക്കും സാദ്ധ്യത കൽപ്പിക്കുന്നുണ്ടെങ്കിലും സഭാതാത്പര്യം കൂടുതൽ റോജിക്കാണ്, കുഴൽനാടനാകട്ടെ പുതുമുഖവും. അതുകൊണ്ട് തന്നെ പാര്‍ട്ടിക്കുള്ളിലും മുറുമുറുപ്പുകൾക്ക് സാദ്ധ്യതയുണ്ട്. കേരളത്തിൽ 50 വയസ്സിൽ താഴെ കെ.പി.സി.സി. അമരത്ത് എത്തിയ പ്രമുഖര്‍ എ.കെ. ആന്റണിയും (32) കെ. മുരളീധരനും (44) മാത്രമാണ്. ഇക്കുറി റോജിയിലൂടെ വീണ്ടും ചരിത്രം കുറിക്കപ്പെടും എന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. അതേസമയം, കെ. സുധാകരന് മാന്യമായ സ്ഥാനം നൽകുന്നതും ഈഴവ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതും വെല്ലുവിളിയാകും. ഈ സാഹചര്യത്തിൽ കരുതലോടെ മാത്രമേ ഐകമാന്റ് മുന്നോട്ട് പോവുകയുള്ളൂ എന്നാണ് അറിയുന്നത്. ഏറ്റവും സീനിയര്‍ എം.പി. ആയ കൊടിക്കുന്നിൽ സുരേഷ് മുതൽ ആറ്റിങ്ങൽ എം.പി. അടൂര്‍ പ്രകാശ്, മുൻമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ തുടങ്ങി ഒരുഡസനോളം സീനിയര്‍ നേതാക്കൻമാര്‍ കെ.പി.സി.സി. അദ്ധ്യക്ഷന്റെ കസേരയിൽ നോട്ടമിട്ടിട്ടുണ്ട് എന്നതും ഇവിടെ പരിഗണനാവിഷയമാണ്. ഏതായാലും യുവത്വവും ക്രിസ്ത്യാനി പ്രാതിനിധ്യവും എന്ന ഫോര്‍മുലയിൽ ഹൈകമാന്റ് ഉറച്ചുനിന്നാൽ പല പേരുകളും വെട്ടിനിരത്തപ്പെട്ടേക്കുമെന്നാണ് സൂചന.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA