01:31pm 10 November 2026
NEWS
കെ.പി.സി.സി പുനഃസംഘടന ഇന്ന് ഡൽഹിയിൽ ചർച്ച
09/07/2025  10:13 AM IST
സുരേഷ് വണ്ടന്നൂർ
കെ.പി.സി.സി പുനഃസംഘടന ഇന്ന് ഡൽഹിയിൽ ചർച്ച

തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനയും യു.ഡി.എഫ് വിപുലീകരണവും ഇന്ന് കോൺഗ്രസ് ദേശീയ നേതൃത്വവുമായി കെ.പി.സി.സി നേതാക്കൾ ചർച്ച ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും വർക്കിംഗ് പ്രസിഡന്റ് പി.സി വിഷ്ണുനാഥും ഇന്ന് ഡൽഹിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി അത്യാവശ്യമായ പുനഃസംഘടനയാണ് കെ.പി.സി.സി ലക്ഷ്യമിടുന്നത്. സമ്പൂർണ്ണ അഴിച്ചുപണിക്ക് നിലവിൽ സമയമില്ലെന്നും, മോശം പ്രകടനം കാഴ്ചവയ്ക്കുന്നവരെ മാറ്റി സജീവ പ്രവർത്തകരെ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും നേതാക്കൾ അറിയിച്ചു.

കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്നു രാത്രി തന്നെ ഇരുനേതാക്കളും കേരളത്തിലേക്ക് മടങ്ങും. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യു.ഡി.എഫ് യോഗം നാളെ കൊച്ചിയിൽ ചേരും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ വിലയിരുത്തലും യു.ഡി.എഫ് വിപുലീകരണവും യോഗത്തിലെ പ്രധാന അജണ്ടകളാണ്. പി.വി. അൻവറിനെ യു.ഡി.എഫിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗം ചർച്ച ചെയ്യും. അൻവറിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്നത് മലപ്പുറം ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img