
കെ സുധാകരനെ കെപിസിസി പ്രസിഡന്റ് പദവിയിൽ നിന്നും മാറ്റുന്ന കാര്യത്തിൽ അന്തിമ ധാരണയായെന്ന് സൂചന. കഴിഞ്ഞ ദിവസം കോൺഗ്രസ് ദേശീയ നേതൃത്വം കെ സുധാകരനെ ഡൽഹിയിലേക്ക് വിളിപ്പിച്ച് സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ കേരളത്തിലെ പാർട്ടി നേതൃത്വത്തിൽ അഴിച്ചുപണി വേണമെന്ന സന്ദേശം കെ സുധാകരന് ഹൈക്കമാൻഡ് നൽകിയെന്നും റിപ്പോർട്ടുകളുണ്ട്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും മുമ്പ് പുതിയ കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിക്കാനാണ് കോൺഗ്രസ് നീക്കം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം ഒമ്പതിന് മുമ്പ് ഉണ്ടാകുമെന്നാണ് കരുതുന്നത്.
കെ സുധാരനെ മാറ്റിയാൽ ആരാകും പുതിയ കെപിസിസി അധ്യക്ഷൻ എന്നത് സംബന്ധിച്ച ചർച്ചകളും സജീവമാണ്. ആന്റോ ആന്റണിയുടെ പേരിനാണ് മുൻതൂക്കം. ക്രിസ്ത്യൻ വിഭാഗത്തിൽനിന്ന് പ്രസിഡന്റ് വേണമെന്ന അഭിപ്രായം പരിഗണിച്ചാണ് ആന്റോ ആന്റണി കോൺഗ്രസ് നേതൃത്വത്തിലേക്ക് വരിക. മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻചാണ്ടി അന്തരിക്കുകയും എ കെ ആന്റണി അനാരോഗ്യം കാരണം സജീവ പ്രവർത്തനങ്ങളിൽ നിന്നും പിന്മാറുകയും ചെയ്തതിനുശേഷം ക്രിസ്ത്യൻ വിഭാഗത്തിൽനിന്ന് മുൻനിര നേതാക്കളില്ലെന്നത് പോരായ്മയാണെന്നാണ് വിലയിരുത്തൽ. ക്രൈസ്തവ വോട്ടുകൾ നേരിയതെങ്കിലും ബിജെപിയിലേക്ക് ചായുന്നെന്ന ചിന്തയുമുണ്ട്. സണ്ണി ജോസഫ്, റോജി എം. ജോൺ എന്നിവരുടെ പേരുകളും കെപിസിസി അധ്യക്ഷപദവിയിലേക്ക് പരിഗണിച്ചിരുന്നു.
സുധാകരനെ മാറ്റുമ്പോൾ ഈഴവ വിഭാഗത്തിൽനിന്നുണ്ടാകാവുന്ന എതിർപ്പും കണക്കിലെടുത്തു. എന്നാൽ, വി.എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. സുധാകരൻ എന്നിങ്ങനെ തുടർച്ചയായി ഈ വിഭാഗത്തിൽനിന്ന് വന്നതിനാൽ മറ്റു വിഭാഗങ്ങളെ പരിഗണിക്കുന്നതിൽ തെറ്റില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. ഈഴവ വിഭാഗത്തിൽനിന്ന് പരിഗണിക്കപ്പെട്ട അടൂർ പ്രകാശിന് സംഘടനാതലത്തിൽ മറ്റു പ്രധാന ചുമതല നൽകിയേക്കും.











