
കെ.പി.സി.സി അദ്ധ്യക്ഷനെ മാറ്റുമെന്ന് അഭ്യൂഹങ്ങൾ വ്യാപകമായ പശ്ചാത്തലത്തിൽ, കോൺഗ്രസ് പാർട്ടിയിൽ നിന്നും ശക്തമായ പ്രതികരണങ്ങളാണ് ഉയരുന്നത്. മാധ്യമങ്ങളിലുണ്ടായ വാർത്തകളെ തള്ളി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി – അദ്ധ്യക്ഷനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും, ഉചിതസമയത്ത് പാർട്ടി അദ്ധ്യക്ഷനെ പ്രഖ്യാപിക്കുമെന്നും.
"പുതിയ അദ്ധ്യക്ഷനെ ഇന്നലെ പ്രഖ്യാപിക്കുമെന്ന വാർത്തകൾ പൊരുത്തമില്ലാത്തവയും മിഥ്യാവുമാണ്. പ്രിയങ്ക ഗാന്ധിയുടെ പേരും ഇതുമായി ബന്ധപ്പെടുത്തി. എന്നാൽ പ്രിയങ്ക ഗാന്ധി കേരളത്തിലെ ഒരു സംഘടനാ വിഷയത്തിലുമൊരിക്കലും ഇടപെട്ടിട്ടില്ല," എന്നും വേണുഗോപാൽ വ്യക്തമാക്കി.
ഇതിനിടെ, കെ.പി.സി.സി അദ്ധ്യക്ഷനായ കെ. സുധാകരൻ മുതിർന്ന നേതാവായ എ.കെ. ആന്റണിയെ സന്ദർശിച്ചത് വലിയ രാഷ്ട്രീയ പ്രസക്തി കൈവരിക്കുന്നു. ആന്റണിയുമായി ആശയവിനിമയം നടത്തുന്നതിനിടെ സുധാകരൻ തന്റെ അസന്തോഷം പങ്കുവെച്ചതായാണ് സൂചന. “മാറ്റം വേണമെന്ന് പാർട്ടി ആഗ്രഹിച്ചാൽ, താൻ തന്നെ അതിന് വഴിമാറാമെന്നും, അതിനായി പൊതു വിവാദങ്ങൾ ആവശ്യമില്ലെന്നും” അദ്ദേഹം ആന്റണിയോട് വ്യക്തമാക്കിയതായാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നുള്ള വിവരം.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ,കെ.പി.സി.സി അദ്ധ്യക്ഷന്റെ മാറ്റവും അതിനനുസരിച്ചുള്ള ആഭ്യന്തര സംഘർഷങ്ങളും പരിഹരിക്കുന്നതിന് ദേശീയ നേതൃത്വവും മുതിർന്ന നേതാക്കളും പക്വത കാണിക്കേണ്ട സാഹചര്യമാണെന്ന് അഭിപ്രായപ്പെട്ടു. “യുവാക്കളെ പരിഹസിക്കുന്ന സമീപനമാണ് ചില മുതിർന്നവരിൽ കാണുന്നത്. പക്വതയില്ലാത്ത നിലപാടുകൾ പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുവെന്നും, പാർട്ടി ആശയക്കുഴപ്പത്തിൽ ആയിരിക്കുന്നതിന്റെ പ്രധാന കാരണം അതാണെന്നും" അദ്ദേഹം പറഞ്ഞു.
ഈ സംഭവവികാസങ്ങൾ, കെ.പി.സി.സി നേതൃത്യത്തിൽ മാറ്റം നേരത്തെ പ്രഖ്യാപിക്കപ്പെടുമോ എന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾ ഉണർത്തുന്നുവെങ്കിലും, ഔദ്യോഗികമായി എന്തെങ്കിലും പ്രഖ്യാപനമുണ്ടാകുന്നത് അടുത്ത ദിവസങ്ങളിൽ മാത്രമാവുമെന്ന സൂചനയാണ് ഇപ്പോഴുള്ളത്.











