08:24pm 26 June 2026
NEWS
ഭരണം കിട്ടി, പക്ഷേ പാർട്ടി 'നിർജീവം'; കെ.പി.സി.സി തലപ്പത്ത് അഴിച്ചുപണിക്ക് വഴിതുറക്കുന്നു
26/06/2026  09:22 AM IST
nila
ഭരണം കിട്ടി, പക്ഷേ പാർട്ടി നിർജീവം; കെ.പി.സി.സി തലപ്പത്ത് അഴിച്ചുപണിക്ക് വഴിതുറക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലെത്തിയെങ്കിലും സംഘടനാ പ്രവർത്തനം പൂർണ്ണമായും നിർജീവമായെന്ന ആക്ഷേപങ്ങൾ ശക്തമാകുന്നതിനിടെ, കെ.പി.സി.സി പുനഃസംഘടനയ്ക്കും ഡി.സി.സി അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പിനുമുള്ള ചർച്ചകൾക്ക് വഴിതുറക്കുന്നു. നിലവിലെ നിയമസഭാ സമ്മേളനം കഴിഞ്ഞാലുടൻ ഇതിനായുള്ള പ്രാരംഭ ചർച്ചകൾ ആരംഭിക്കുമെന്നാണ് സൂചന.
​ഭരണ പങ്കാളിത്തം വന്നതോടെ കെ.പി.സി.സി അധ്യക്ഷനും രണ്ട് വർക്കിംഗ് പ്രസിഡന്റുമാരും മന്ത്രി പദവികളിലേക്ക് മാറി. കൂടാതെ ജനറൽ സെക്രട്ടറിമാരിൽ പലരും ഡി.സി.സി അധ്യക്ഷന്മാരും എം.എ.എമാരുമായതോടെയാണ് താഴെത്തട്ടിൽ സംഘടനാ പ്രവർത്തനം മന്ദഗതിയിലായത്. പാർട്ടിക്ക് ഭരണം ലഭിക്കുമ്പോൾ സംഘടനയും അതേപോലെ ശക്തമായി മുന്നോട്ടുപോകണമെന്ന നിലപാടിലാണ് മുതിർന്ന നേതാക്കൾ. നിലവിലെ അവസ്ഥയിൽ ഹൈക്കമാൻഡിനോടുള്ള നീരസം മുതിർന്ന നേതാക്കൾ പരസ്യമാക്കിക്കഴിഞ്ഞു.
ഹൈക്കമാൻഡ് ഇടപെടൽ നിർണായകം; രാഹുൽ അടുത്ത ആഴ്ചയെത്തും
​ദേശീയ നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ മാത്രമേ പുനഃസംഘടന സാധ്യമാകൂ. നിലവിൽ വിദേശയാത്രയിലുള്ള രാഹുൽ ഗാന്ധി അടുത്ത ആഴ്ചയോടെ മടങ്ങിയെത്തുന്നതോടെ ഹൈക്കമാൻഡ് തലത്തിലുള്ള നടപടികൾക്ക് വേഗം കൂടും. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഉൾപ്പെടെയുള്ളവർ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.
​അധ്യക്ഷ കസേരയ്ക്കായി വൻ വടംവലി
​അതിനിടെ, ഒഴിവുവരുന്ന കെ.പി.സി.സി അധ്യക്ഷ പദവി മോഹിച്ച് അരഡസനിലേറെ മുൻനിര നേതാക്കളാണ് രംഗത്തുള്ളത്. മുതിർന്ന നേതാക്കളായ അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, വി.എസ്. ശിവകുമാർ, ആന്റോ ആന്റണി, ഷാഫി പറമ്പിൽ, ജോസഫ് വാഴയ്ക്കൻ എന്നിവരുടെ പേരുകളാണ് നിലവിൽ സജീവമായി കേൾക്കുന്നത്.
​കെ. സുധാകരനെ മാറ്റിയ വേളയിൽ അടൂർ പ്രകാശിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും പിന്നീട് യു.ഡി.എഫ് കൺവീനർ പദവി നൽകുകയായിരുന്നു. അതേസമയം, ദീർഘകാലമായി കെ.പി.സി.സി അധ്യക്ഷ പദവിയിൽ താല്പര്യമുള്ള കൊടിക്കുന്നിൽ സുരേഷും ശക്തമായ അവകാശവാദവുമായി രംഗത്തുണ്ട്.
​ഡൽഹി കേന്ദ്രീകരിച്ച് നീക്കങ്ങൾ സജീവം
​അധ്യക്ഷ പദവിക്കായുള്ള സമ്മർദ്ദ തന്ത്രങ്ങളുമായി നേതാക്കൾ ഇതിനകം തന്നെ ഹൈക്കമാൻഡിനെ സമീപിച്ചു തുടങ്ങി. വി.എസ്. ശിവകുമാർ മൂന്നാഴ്ച മുമ്പ് ഡൽഹിയിലെത്തി ചർച്ചകൾ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ ജോസഫ് വാഴയ്ക്കൻ ദീപാദാസ് മുൻഷിയുമായി കൂടിക്കാഴ്ച നടത്തി. മല്ലികാർജുൻ ഖർഗെ, കെ.സി. വേണുഗോപാൽ എന്നിവരെയും കണ്ട് പിന്തുണ ഉറപ്പാക്കാനാണ് നേതാക്കളുടെ ശ്രമം.
​സംസ്ഥാനത്ത് കോൺഗ്രസ് ഭരണത്തിലുള്ളതിനാൽ, പുതിയ ഭാരവാഹികളെ നിശ്ചയിക്കുമ്പോൾ മന്ത്രിമാരുടെ സാമുദായിക പ്രാതിനിധ്യം കൂടി സന്തുലിതമാക്കേണ്ടി വരും എന്നത് ഹൈക്കമാൻഡിന് മുന്നിലെ വലിയ കടമ്പയാണ്. മധ്യവേനൽ അവധിക്കു ശേഷമുള്ള രാഷ്ട്രീയ നീക്കങ്ങൾ കോൺഗ്രസ് ക്യാമ്പുകളിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നുറപ്പാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img