
തിരുവനന്തപുരം: ഡൽഹിയിലും തിരുവനന്തപുരത്തും മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ എ.ഐ.സി.സി പ്രഖ്യാപിച്ച കെ.പി.സി.സി ഭാരവാഹികളുടെ ജംബോ പട്ടികയിൽ ഈഴവർ ഉൾപ്പെടെയുള്ള പിന്നാക്ക, പട്ടിക വിഭാഗങ്ങളെ വെട്ടിനിരത്തിയതായി ഗുരുതര ആക്ഷേപം. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പ്രഖ്യാപിച്ച 77 ഭാരവാഹികളുള്ള പുതിയ പട്ടിക സംഘടനാ തലത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ അവഗണനയാണെന്ന് ഈ വിഭാഗങ്ങൾക്കിടയിൽ പൊതുവികാരം ശക്തമാണ്.
സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെ സുപ്രധാന തീരുമാനമെടുക്കുന്ന കെ.പി.സി.സി സമിതികളിൽ പ്രാതിനിധ്യം കുറഞ്ഞത് പിന്നാക്ക വിഭാഗങ്ങളുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
പ്രധാന സമിതികളിൽ ഈഴവർക്ക് ഇടമില്ല; നാടാർ, പട്ടിക വിഭാഗത്തിനും കടുത്ത അവഗണന
പുറത്തിറക്കിയ ആറ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ ഉൾപ്പെടെയുള്ള 77 ഭാരവാഹികളുടെ പട്ടികയിൽ, പ്രധാന സമിതികളിലും ഉയർന്ന പദവികളിലും ഈഴവ സമുദായത്തിന് അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നാണ് പ്രധാന ആക്ഷേപം.
പുതിയതായി ഉൾപ്പെടുത്തിയ ആറ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങളിൽ ഈഴവ സമുദായത്തിൽ നിന്ന് ഒരാളുമില്ല.
13 വൈസ് പ്രസിഡന്റുമാരിൽ 3 പേർ മാത്രം ഈഴവ സമുദായത്തിൽ നിന്നുള്ളവർ.
58 ജനറൽ സെക്രട്ടറിമാരിൽ 5 പേർ മാത്രം ഈഴവ സമുദായത്തിൽ നിന്നുള്ളവർ.
നാടാർ സമുദായത്തിൽ നിന്ന് ഒരു ജനറൽ സെക്രട്ടറി മാത്രമാണുള്ളത്.
പട്ടിക വിഭാഗങ്ങൾക്കും കടുത്ത അവഗണന നേരിട്ടതായാണ് റിപ്പോർട്ട്.
എൻ. ശക്തനും ജി. സുബോധനും തെറിച്ചു; പാലോട് രവിക്ക് സ്ഥാനക്കയറ്റം
തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റിന്റെ ചുമതല കൂടി വഹിച്ചിരുന്ന മുൻമന്ത്രി എൻ.ശക്തനെ കെ.പി.സി.സി വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി.ശബ്ദരേഖ ചോർന്നതിനെ തുടർന്ന് ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയ പാലോട് രവിക്ക് കെ.പി.സി.സി വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിച്ചു.
ഐ.എൻ.ടി.യു.സി നേതാവായ ജി. സുബോധനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി.
എം. ലിജുവിന്റെ ചിറകരിഞ്ഞു; ചാണ്ടി ഉമ്മനെയും തഴഞ്ഞു
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗമായിരുന്ന എം. ലിജുവിനെ സംഘടനാ ജനറൽ സെക്രട്ടറിയാക്കിയ ശേഷം കൈയോടെ രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് മാറ്റി. നിലവിലെ പുനഃസംഘടനയിൽ അദ്ദേഹത്തെ വൈസ് പ്രസിഡന്റായി ഒതുക്കിയതോടെ ഉന്നതതല യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടു. എന്നാൽ ലിജുവിന് ശേഷം കെ.എസ്.യു പ്രസിഡന്റുമാരായ ഷാഫി പറമ്പിലും പി.സി. വിഷ്ണുനാഥും നിലവിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരാണ്.
യു.ഡി.എഫ് കൺവീനറായ അടൂർ പ്രകാശ് എം.പി പുതിയ കെ.പി.സി.സി ഭാരവാഹി പട്ടികയിലില്ല.
എ.ഐ.സി.സി ഔട്ട് റീച്ച് സെൽ കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച ചാണ്ടി ഉമ്മനും ഭാരവാഹി പട്ടികയിൽ ഇടം ലഭിച്ചില്ല.
മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്റെ ഏക നോമിനിയായ ന്യൂനപക്ഷ സെൽ കൺവീനർ കെ.പി.ഹാരീസും പട്ടികയ്ക്ക് പുറത്തായി.











