04:52pm 10 September 2026
NEWS
പിണറായിക്കെതിരെ കേസെടുക്കാനുള്ള ഇ.ഡിയുടെ ശുപാർശയിൽ തിടുക്കം വേണ്ടെന്ന് കോൺ​ഗ്രസ്
10/09/2026  03:47 PM IST
nila
പിണറായിക്കെതിരെ കേസെടുക്കാനുള്ള ഇ.ഡിയുടെ ശുപാർശയിൽ തിടുക്കം വേണ്ടെന്ന് കോൺ​ഗ്രസ്

തിരുവനന്തപുരം: പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ശുപാർശയിൽ ഉടൻ തീരുമാനമെടുക്കേണ്ടതില്ലെന്ന് കെപിസിസി ഭാരവാഹി യോഗം. ഇ.ഡിയുടെ കത്ത് സംബന്ധിച്ച നിയമവശങ്ങൾ വിശദമായി പരിശോധിച്ച ശേഷം മാത്രം അന്തിമ നിലപാട് സ്വീകരിക്കാനാണ് യോഗത്തിലെ ധാരണ.

ഇ.ഡിയുടെ ശുപാർശയുടെ പേരിൽ സംസ്ഥാന സർക്കാർ തിടുക്കത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയോ മറ്റ് നടപടികളിലേക്ക് കടക്കുകയോ ചെയ്താൽ, ദേശീയതലത്തിൽ ഉൾപ്പെടെ അതിന് വിശദീകരണം നൽകുന്നത് പ്രതിസന്ധിയാകുമെന്ന് യോഗത്തിൽ നേതാക്കൾ ചൂണ്ടിക്കാട്ടി. വിഷയം ഏറെ സങ്കീർണമാണെന്നും എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ തീരുമാനമെടുക്കാവൂ എന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി.

ഇ.ഡി കൈമാറിയ കത്ത് നിലവിൽ നിയമ സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും പരിഗണനയിലാണ്. ഇവരുടെ നിയമോപദേശം ലഭിച്ച ശേഷമാകും തുടർനടപടികളിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കുക.

അതേസമയം, പിഎം ശ്രീ പദ്ധതി സംബന്ധിച്ചും കെപിസിസി യോഗത്തിൽ വിശദമായ ചർച്ച നടന്നു. പദ്ധതി നടപ്പാക്കുമെന്ന നിലപാടാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് യോഗത്തിലെ വിലയിരുത്തൽ. എന്നാൽ സ്കൂളുകളുടെ തിരഞ്ഞെടുപ്പിലും പാഠ്യപദ്ധതിയിലും കേന്ദ്ര ഇടപെടൽ അനുവദിക്കില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി വ്യക്തമാക്കിയതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. പദ്ധതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും വിഭജനം എത്രയും വേഗം പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി.

അതേസമയം, കെപിസിസി മുതൽ താഴെത്തട്ടുവരെയുള്ള സംഘടനാ പുനഃസംഘടന ഉടൻ പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമായി. പുനഃസംഘടന വൈകിപ്പിക്കരുതെന്നും ഉടൻ നടപടിയുണ്ടാകണമെന്നും എം. വിൻസെന്റ് യോഗത്തിൽ ആവശ്യപ്പെട്ടു. സംഘടനാ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്താൻ അടിയന്തരമായി പുനഃസംഘടന നടത്തണമെന്ന പൊതുവികാരവും യോഗത്തിൽ ഉയർന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img