
കോഴിക്കോട്: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ട് സി.പി.എം–സി.പി.ഐ തർക്കം രൂക്ഷമാകുന്നതിനിടെ സി.പി.ഐക്ക് പിന്തുണയുമായി മുസ്ലിം ലീഗ് ദേശീയ ഉപാധ്യക്ഷൻ കെ.പി.എ. മജീദ്. സി.പി.എമ്മിന്റെ നിർദേശങ്ങൾ അനുസരിക്കുന്ന ‘അടിമകൾ’ മാത്രമായി സി.പി.ഐയെ കാണാനാകില്ലെന്ന് മജീദ് വ്യക്തമാക്കി.
ലീഗ് മുഖപത്രമായ ചന്ദ്രികയിൽ എഴുതിയ ലേഖനത്തിലാണ് സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി മജീദ് രംഗത്തെത്തിയത്. ‘വലതുപക്ഷ സി.പി.എമ്മും സി.പി.ഐയുടെ നിലനിൽപ്പും’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ, ഇടതുമുന്നണിയിൽ സി.പി.എം ‘വല്ല്യേട്ടൻ’ ചമയുന്നു എന്ന ആരോപണം ഇപ്പോൾ ‘എല്ലാം തമ്പ്രാൻ കൽപിക്കും’ എന്ന നിലയിലേക്ക് എത്തിയെന്നും അദ്ദേഹം വിമർശിച്ചു.
രാജകൽപന അനുസരിക്കാൻ മാത്രം കഴിയുന്ന അടിമകളാണ് സി.പി.ഐക്കാരെന്ന് രാഷ്ട്രീയത്തെക്കുറിച്ച് സാമാന്യബോധമുള്ള ആരും പറയില്ലെന്നും മജീദ് ചൂണ്ടിക്കാട്ടി. സി.പി.എമ്മിന്റെ രാഷ്ട്രീയവലയത്തിൽ അകപ്പെട്ടതോടെയാണ് സി.പി.ഐ മുന്നണിയിൽ ‘വരാന്തയിലേക്ക്’ തള്ളപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു.
എൽ.ഡി.എഫ് ചെയർമാൻ, കൺവീനർ തുടങ്ങിയ പ്രധാന സ്ഥാനങ്ങൾ സി.പി.എമ്മിന്റെ കൈകളിലാണെന്നും ഭരണത്തിലായാലും പ്രതിപക്ഷത്തായാലും മുന്നണിയിലെ ‘ഉടമ–അടിമ’ വ്യവസ്ഥയിൽ വലിയ മാറ്റമില്ലെന്നും മജീദ് വിമർശിച്ചു.
അച്യുതമേനോൻ സർക്കാരിന്റെ കാലത്ത് മുസ്ലിം ലീഗ്, സി.പി.ഐ, കോൺഗ്രസ് തുടങ്ങിയ കക്ഷികൾ ഒന്നിച്ചുഭരിച്ച കാലഘട്ടമാണ് കേരളത്തിന്റെ വികസനത്തിന്റെ അടിത്തറ ശക്തിപ്പെടുത്തിയതെന്നും ലേഖനത്തിൽ പറയുന്നു. പിണറായി വിജയന്റെ പത്തുവർഷത്തെ ഭരണത്തിനിടെ പല കാര്യങ്ങളും ലക്ഷ്യം കാണാതെ പോയതിന് സി.പി.ഐയുടെ സാന്നിധ്യം കാരണമായെന്നും മജീദ് അഭിപ്രായപ്പെട്ടു.
അതേസമയം, സി.പി.ഐ മുന്നണി വിടണമെന്നോ യു.ഡി.എഫിൽ ചേരണമെന്നോ ഇപ്പോൾ ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും മജീദ് വ്യക്തമാക്കി. സി.പി.ഐ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയശേഷം മാത്രമേ അത്തരം ചർച്ചകൾക്ക് പ്രസക്തിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ‘കോർപ്പറേറ്റ് പാർട്ടി ഓഫ് മാഫിയ’ എന്ന തലത്തിലേക്ക് സി.പി.എമ്മിന്റെ സ്വഭാവം മാറിയെന്ന രൂക്ഷ വിമർശനവും മജീദ് ഉന്നയിച്ചു. ഇത്തരമൊരു മുന്നണിയിൽ കേരള രാഷ്ട്രീയത്തിൽ ജനപിന്തുണയ്ക്കും സീറ്റുകളുടെ എണ്ണത്തിനും അപ്പുറം സ്വാധീനം നേടിയ സി.പി.ഐക്ക് എന്താണ് പ്രസക്തിയെന്ന ചോദ്യം ഉയർത്തേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐക്ക് എൽ.ഡി.എഫിൽ തുടരുന്നത് കൂടുതൽ ദുഷ്കരമാകുമെന്നാണ് മജീദിന്റെ വിലയിരുത്തൽ. ഏകാധിപത്യ സ്വഭാവത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് മാറാൻ സി.പി.ഐ തയ്യാറാകാത്തപക്ഷം മുന്നണിയിലെ തുടരൽ പ്രയാസകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ യഥാർഥ ഇടതുപക്ഷം യു.ഡി.എഫ് ആണെന്ന് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള നൂറുദിന ഭരണം തെളിയിക്കുന്നുവെന്നും മജീദ് അവകാശപ്പെട്ടു. എൽ.ഡി.എഫ് എന്ന ലേബൽ ഒട്ടിച്ചതുകൊണ്ടുമാത്രം ഒരു മുന്നണി ഇടതുപക്ഷമാകില്ലെന്നും സി.പി.ഐക്ക് ഇക്കാര്യം മനസ്സിലാകാതിരിക്കില്ലെന്നും അദ്ദേഹം ലേഖനത്തിൽ വ്യക്തമാക്കി.










