
കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് പന്നിയങ്കരയിലെ വസതിയിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തൊണ്ണൂറാമത്തെ വയസ്സിലാണ് അന്ത്യം. അമൃതയാണ് ഭാര്യ. സുദക്ഷിണയും നിരഞ്ജനയും മക്കൾ.
1936 സെപ്റ്റംബർ 20ന് കോഴിക്കോട് കൊയിലാണ്ടിയിൽ അഭിഭാഷകനായ ഇ. കുഞ്ഞിക്കണ്ണൻ നായരുടെ മകനായി ജനിച്ച ഉണ്ണികൃഷ്ണൻ, സ്കൂൾ–കോളജ് കാലത്തുതന്നെ രാഷ്ട്രീയത്തിലേക്ക് കടന്നു. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ ആരംഭിച്ച രാഷ്ട്രീയജീവിതം പിന്നീട് കോൺഗ്രസിൽ ചേർന്നു. 1960ൽ കോൺഗ്രസ് അംഗമായ അദ്ദേഹം 1962 മുതൽ എഐസിസി അംഗമായും പ്രവർത്തിച്ചു. ചെന്നൈയിലെ ക്രിസ്ത്യൻ കോളജ്, പ്രസിഡൻസി കോളജ്, ഗവൺമെന്റ് ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
വടകരയുടെ സ്വന്തം ‘കെ.പി.’
1971 മുതൽ 1996 വരെ വടകര ലോക്‌സഭ മണ്ഡലത്തെ പ്രതിനിധീകരിച്ച് തുടർച്ചയായി ഏഴ് തവണ പാർലമെന്റിലെത്തിയതിലൂടെ കേരള രാഷ്ട്രീയ ചരിത്രത്തിൽ അപൂർവ നേട്ടം സ്വന്തമാക്കിയ നേതാവാണ് കെ.പി. ഉണ്ണികൃഷ്ണൻ. കേരളത്തിൽ ഒരേ ലോക്‌സഭ മണ്ഡലത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ വിജയിച്ച വ്യക്തി എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്.
മാധ്യമപ്രവർത്തകനായി ശങ്കേഴ്സ് വീക്‌ലി, ബ്ലിറ്റ്സ്, ടൈംസ് ഓഫ് ഇന്ത്യ, മാതൃഭൂമി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ മുംബൈയിലും ഡൽഹിയിലും പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം 1971ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി വടകരയിൽ നിന്ന് ആദ്യ വിജയം നേടുന്നത്. തുടർന്ന് 1977, 1980, 1984, 1989, 1991 തിരഞ്ഞെടുപ്പുകളിലും അദ്ദേഹം വടകരയിൽ നിന്ന് ലോക്‌സഭയിലെത്തി.
കേന്ദ്ര മന്ത്രിയും നയതന്ത്ര ദൗത്യങ്ങളും
1989–90 കാലഘട്ടത്തിൽ വി.പി. സിങ് മന്ത്രിസഭയിൽ ടെലികമ്മ്യൂണിക്കേഷൻ, ഷിപ്പിങ്, ഉപരിതല ഗതാഗതം എന്നീ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്ര മന്ത്രിയായി. ഐക്യരാഷ്ട്രസഭ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഇറാഖ്–കുവൈത്ത് സംഘർഷകാലത്ത് കുവൈത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ദൗത്യത്തിൽ നിർണായക പങ്കുവഹിച്ചതും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ശ്രദ്ധേയ അധ്യായമാണ്.
രാഷ്ട്രീയ നിലപാടുകളിലും വ്യക്തിത്വത്തിലും വ്യത്യസ്തൻ
സോഷ്യലിസ്റ്റ് നേതാവ് റാം മനോഹർ ലോഹ്യയുടെ ജവാഹർലാൽ നെഹ്റു വിരോധ രാഷ്ട്രീയത്തോട് വിയോജിച്ചാണ് ഉണ്ണികൃഷ്ണൻ കോൺഗ്രസിലേക്ക് എത്തിയത്. കോൺഗ്രസിനുള്ളിൽ ജനാധിപത്യപരമായ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടും തുറന്ന നിലപാടുകളുമായാണ് അദ്ദേഹം അറിയപ്പെട്ടത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം കോൺഗ്രസ് (യു), കോൺഗ്രസ് (എസ്) തുടങ്ങിയ ഘട്ടങ്ങൾ പിന്നിട്ടെങ്കിലും 1995ൽ അദ്ദേഹം വീണ്ടും കോൺഗ്രസിലേക്ക് മടങ്ങിയെത്തി.
എഴുത്തുകാരനും വാഗ്മിയും
രാഷ്ട്രീയത്തിനൊപ്പം എഴുത്തും വാഗ്മിത്വവും കൈവശമുണ്ടായിരുന്ന നേതാവായിരുന്നു കെ.പി. ഉണ്ണികൃഷ്ണൻ. സാഹിത്യ–സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുമായുള്ള അടുപ്പവും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ സമ്പന്നമാക്കി.
സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച ശേഷവും പൊതുപ്രവർത്തന മനസ്സോടെ നിലകൊള്ളണമെന്ന് യുവതലമുറയോട് അദ്ദേഹം ആവർത്തിച്ച് പറഞ്ഞിരുന്നു. “നേടാനാകാതെ പോയ പദവികളെക്കുറിച്ച് ഒരിക്കലും വിഷമിച്ചിട്ടില്ല” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ, അധികാരത്തേക്കാൾ മൂല്യങ്ങൾക്ക് മുൻഗണന നൽകിയ ഒരു രാഷ്ട്രീയജീവിതത്തിന്റെ സാക്ഷ്യമായി നിലനിൽക്കുന്നു.











