
കൊച്ചി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനും , മഹാത്മാഗാന്ധിയെ നിന്ദിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിലും പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം കെ പി ധനപാലൻ ഉദ്‌ഘാടനം ചെയ്തു. സാധാരണക്കാരുടെ ദാരിദ്ര്യമകറ്റുന്ന തൊഴിലുറപ്പ് പദ്ധതി തന്നെ ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമമെന്ന് ധനപാലൻ ആരോപിച്ചു. യുപിഎ സർക്കാർ കൊണ്ടുവന്ന ജനകീയമായ പദ്ധതികളെല്ലാം ബിജെപി സർക്കാർ അട്ടിമറിക്കുകയാണ്. കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ പരസ്പരം പോരടിച്ച് തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാൻ ആസൂത്രിത ശ്രമം നടക്കുന്നതായും ധനപാലൻ കുറ്റപ്പെടുത്തി.മഹാത്മാവിനെ ഇകഴ്ത്താനും നിന്ദിക്കാനുമുള്ള സംഘപരിവാറിന്‍റെ ആസൂത്രിതമായ നീക്കമാണ് ഈ പേരുമാറ്റത്തിന് പിന്നിലെന്ന് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. യുപിഎ സർക്കാർ നടപ്പാക്കിയ ജനകീയ പദ്ധതികളെ പോലും ബിജെപിക്ക് ഭയമാണെന്നും ഷിയാസ് പരിഹസിച്ചു. ഗാന്ധിയെ അവഹേളിച്ചും അപമാനിച്ചും മുന്നോട്ട് പോകാനാണ് തീരുമാനമെങ്കിൽ അതിശക്തമായ പ്രതിരോധമുയർത്തും. ഗാന്ധിയെന്ന പേര് പോലും സംഘപരിവാറിനെ ഭയപ്പെടുത്തുന്നു. ഗാന്ധിജിയെയും നെഹ്‌റുവിനെയും ഇല്ലാതാക്കാൻ എത്ര ശ്രമിച്ചാലും ജനമനസ്സിൽ നിന്ന് അവരെ മാറ്റാനാകില്ലെന്ന് കേന്ദ്രസർക്കാരും ബിജെപിയും ഓർക്കണമെന്നും ഷിയാസ് പറഞ്ഞു. ടി ജെ വിനോദ് എം എൽ എ, കെപിസിസി ഭാരവാഹികളായ വിജെ പൗലോസ് , ജയ്സൺ ജോസഫ്, ഐ കെ രാജു, അബ്ദുൽ മുത്തലിബ്, എൻ വേണുഗോപാൽ , ടോണി ചമ്മിണി, കെഎം സലിം, നേതാക്കളായ ഡൊമിനിക് പ്രസന്റേഷൻ , കെ കെ ഇബ്രാഹിംകുട്ടി, എം ഒ ജോൺ, മനോജ് മൂത്തേടൻ, സുനില സിബി, കെ ബി മുഹമ്മദ് കുട്ടി മാസ്റ്റർ, സിജോ ജോസഫ്, എം പി ശിവദത്തൻ , ജോസഫ് ആന്റണി, കെ വി പി കൃഷ്ണകുമാർ, എം ജെ ടോമി , എൻ ആർ ശ്രീകുമാർ, പോളച്ചൻ മണിയൻകോട് , എംഎ ചന്ദ്രശേഖരൻ , കെ എം റഹീം , മഹേഷ് കുമാർ, ബാബു പുത്തനങ്ങാടി എന്നിവർ പങ്കെടുത്തു.
Photo Courtesy - Google








