
പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ ഹണിട്രാപ്പ് കവർച്ചയിൽ ഒരു യുവതി കൂടി പിടിയിലായി. എറണാകുളം ചെല്ലാനം സ്വദേശിനി അപർണ പുഷ്പനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി നല്ലേപ്പിള്ളി കുറ്റിപ്പള്ളം സ്വദേശി ജിതിനുമായി ഇരുപത്തിമൂന്നുകാരിയായ അപർണക്ക് ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ജിതിൻ ഉൾപ്പെടെ നാലുപേരാണ് കേസിൽ ഇനിയും പിടിയിലാകാനുള്ളത്.
ജ്യോത്സ്യനെ ഹണിട്രാപ്പിൽ കുടുക്കിയ സംഭവത്തിൽ ആറുപേരെയാണ് പൊലീസ് ഇതുവരെ പിടികൂടിയത്. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് ഇപ്പോൾ അറസ്റ്റിലായ അപർണ. ജ്യോത്സ്യനെ വിളിച്ചുവരുത്തി നഗ്നചിത്രങ്ങൾ പകർത്തിയത് അപർണയുടെ ഫോണിലാണ്. ബംഗളൂരുവിൽ ജോലി ചെയ്യുന്ന യുവതി കൊഴിഞ്ഞാംപാറയിലെത്തിയത് ജിതിൻ വിളിച്ചതു പ്രകാരമെന്നും പൊലീസ് വെളിപ്പെടുത്തി. ജിതിനുമായി സാമൂഹിക മാധ്യമം വഴിയാണ് പരിചയമെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.











