
ലാബിനുള്ളിൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കോഴിക്കോട് ഉള്ള്യേരിയിലാണ് സംഭവം.ഹോട്ടൽ ജീവനക്കാരനായ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിനാണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെയാണ് ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതിനു പിന്നാലെ സ്ഥലത്തുനിന്നും രക്ഷപെട്ട മുഹമ്മദ് ജാസിനെ ഇന്നു രാവിലെ പതിനൊന്ന് മണിയോടെ കുന്ദമംഗലത്തുനിന്നാണ് പൊലീസ് പിടികൂടിയത്.
ഇന്നലെ രാവിലെ ആറരയോടെ ലാബ് തുറക്കാൻ എത്തിയ ജീവനക്കാരിയെ ഇയാൾ കടന്നുപിടിച്ച് അക്രമിക്കുകയായിരുന്നു. ജോലി തേടി എത്തിയ ഇയാൾ വഴിയിലൂടെ നടന്നുപോകുമ്പോൾ ജീവനക്കാരി ലാബ് തുറക്കുന്നത് കണ്ട് അകത്തുകയറി ആക്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട് പുറത്തേക്ക് ഓടിയ യുവതി ബഹളം വെച്ചതോടെ സമീപത്തെ ഹോട്ടൽ ജീവനക്കാർ ഇയാളെ പിന്തുടർന്നെങ്കിലും പ്രതിരക്ഷപ്പെട്ടു.
ഇയാൾക്കെതിരെ സമാനമായ മറ്റ് മൂന്ന് കേസുകൾ കൂടി വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവസമയത്ത് പ്രതി ഉപയോഗിച്ചിരുന്ന വസ്ത്രം ഉള്ള്യേരി ടൗണിൽ ഉപേക്ഷിച്ചിരുന്നു. ഈ വസ്ത്രത്തിൽനിന്ന് ലഭിച്ച മൊബൈൽനമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.










