04:18am 19 October 2026
NEWS
കുടുംബത്തിനൊപ്പം പോകണമെന്ന് അനുമോൾ കോടതിയിൽ; അബ്ദുൾ സമദിനെയും കുടുംബത്തിനൊപ്പം വിട്ടു
18/10/2026  12:33 PM IST
nila
കുടുംബത്തിനൊപ്പം പോകണമെന്ന് അനുമോൾ കോടതിയിൽ; അബ്ദുൾ സമദിനെയും കുടുംബത്തിനൊപ്പം വിട്ടു

കോഴിക്കോട്: തൊട്ടിൽപ്പാലത്ത് നിന്ന് കാണാതായ മൊയിലോത്തറ സർക്കാർ എൽപി സ്കൂൾ അധ്യാപിക കെ. അനുമോളെ കല്ലാച്ചി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം കുടുംബത്തോടൊപ്പം വിട്ടയച്ചു. മാതാപിതാക്കൾക്കും ഭർത്താവിനും മക്കൾക്കുമൊപ്പം പോകാനാണ് താൽപര്യമെന്ന് അനുമോൾ കോടതിയെ അറിയിച്ചതോടെയാണ് നടപടി. 12 ദിവസമായി തുടരുന്ന തിരച്ചിലിനൊടുവിൽ പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് അനുമോളെയും സുഹൃത്ത് വടകര സ്വദേശി അബ്ദുൾ സമദിനെയും പൊലീസ് കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെയാണ് തൊട്ടിൽപ്പാലം എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അനുമോളെയും അബ്ദുൾ സമദിനെയും കസ്റ്റഡിയിലെടുത്തത്. സമദ് അടുത്തിടെ എടുത്ത പുതിയ സിം കാർഡ് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇരുവരിലേക്കും പൊലീസിനെ എത്തിച്ചത്. കുടുംബം നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയായിരുന്നു പൊലീസ് നീക്കം.

കോഴിക്കോട്ടെത്തിച്ച ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. തുടർന്ന് നാദാപുരം ഡിവൈഎസ്പി ഓഫീസിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. അനുമോൾക്ക് കൗൺസിലിങ്ങും നൽകി. ഇതിനു ശേഷമാണ് ഇരുവരെയും കോടതികളിൽ ഹാജരാക്കിയത്.

അനുമോളെയും സമദിനെയും കാണാനില്ലെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ സമദിന്റെ കുടുംബം വടകര പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമദിനെ കാണാനില്ലെന്ന കേസും രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ ഹാജരാക്കുന്നതിനായി സമദിനെ വടകര കോടതിയിലും അനുമോളെ കല്ലാച്ചി കോടതിയിലും ഒരേസമയം എത്തിക്കുകയായിരുന്നു.

ഇരുവരും ഒരേ കോടതിയിൽ ഹാജരായി ഒരുമിച്ച് പോകാനുള്ള തീരുമാനം അറിയിക്കാനുള്ള സാഹചര്യം ഇതോടെ ഒഴിവായി. അനുമോളുടെ പ്രായമായ മാതാപിതാക്കൾ, ഭർത്താവ്, മക്കൾ എന്നിവരും കല്ലാച്ചി കോടതിയിലെത്തിയിരുന്നു. കുടുംബത്തോടൊപ്പം മടങ്ങാനാണ് ആഗ്രഹമെന്ന് അനുമോൾ അറിയിച്ചതോടെ അവരെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. സമദിനെയും വടകര കോടതി കുടുംബത്തോടൊപ്പം പോകാൻ അനുവദിച്ചു.

അനുമോൾക്കും സമദിനുമെതിരെ കുട്ടികളെ ഉപേക്ഷിച്ചതിന് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുക്കാനും പൊലീസ് ആലോചിച്ചിരുന്നു. 15, 10 വയസ്സുള്ള അനുമോളുടെ മക്കളുടെ മൊഴിയും വിശദമായി രേഖപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് ഈ നീക്കത്തിൽ നിന്ന് പൊലീസ് പിന്മാറി.

കുട്ടികളെ ഉപേക്ഷിച്ചതിന് കേസെടുത്താൽ ഇരുവർക്കുമെതിരെ കടുത്ത നിയമനടപടികൾ ഉണ്ടാകാനും ജയിൽവാസം ഉൾപ്പെടെയുള്ള സാഹചര്യം രൂപപ്പെടാനും സാധ്യതയുണ്ടായിരുന്നു. അനുമോളുടെ സർക്കാർ ജോലിയെയും തുടർന്നുള്ള അച്ചടക്ക നടപടികളെയും ഇത് ബാധിക്കാമായിരുന്നു. സംഭവിച്ചതെല്ലാം മറന്ന് അനുമോളെ സ്വീകരിക്കാൻ കുടുംബം തയ്യാറായതോടെയാണ് കടുത്ത വകുപ്പുകൾ ചുമത്തുന്നതിൽ നിന്ന് പൊലീസ് പിന്മാറിയതെന്നാണ് വിവരം.

കുടുംബത്തിന്റെ പിന്തുണയോടെ അനുമോൾ മടങ്ങിയതോടെ 12 ദിവസമായി നീണ്ടുനിന്ന തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങൾക്ക് പുതിയ വഴിത്തിരിവായിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img