
കോഴിക്കോട് സഹോദരിമാരുടെ കൊലപാതകത്തിന് പിന്നാലെ കാണാതായ അറുപതുകാരനും മരിച്ചെന്ന് സംശയം. നഗരത്തിൽ കരിക്കാംകുളം ഫ്ലോറിക്കൻ റോഡിനു സമീപത്തെ വാടകവീട്ടിൽ താമസിച്ചിരുന്ന ശ്രീജയ (76), പുഷ്പലളിത (66) എന്നിവരുടെ മരണത്തിന് പിന്നാലെ കാണാതായ ഇവരുടെ സഹോദരൻ പ്രമോദും മരിച്ചെന്നാണ് സംശയം ഉയരുന്നത്. ഇന്നലെ വൈകിട്ട് തലശ്ശേരി കുയ്യാലി പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം പ്രമോദിന്റേതാണോ എന്ന സംശയമാണ് പൊലീസ് പങ്കുവെക്കുന്നത്.
ഈ മാസം ഒമ്പതിനാണ് സഹോദരിമാരെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർക്കൊപ്പം കഴിഞ്ഞിരുന്ന സഹോദരൻ പ്രമോദിനെ കാണാതായിരുന്നു. ഇയാൾക്കായി തിരച്ചിൽ നടക്കുന്നതിനിടെയാണ് തലശ്ശേരിയിൽ നിന്ന് ഇയാളുടേതെന്ന് സംശയിക്കുന്ന ഒരു മൃതദേഹം കണ്ടെത്തിയത്.
സഹോദരിമാരുടെ മരണം കൊലപാതകമാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ടു പേരും ശ്വാസംമുട്ടിയാണു മരിച്ചതെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തളർന്നു കിടപ്പിലായിരുന്നു ശ്രീജയ. ശ്രീജയ മരിച്ചുവെന്നു പ്രമോദ് ബന്ധു ശ്രീജിത്ത് ബാബുവിനെ ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു. തുടർന്നു ശ്രീജിത്തും ബന്ധുക്കളും ആറോടെ വീട്ടിൽ എത്തിയപ്പോഴാണു രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സഹോദരിമാരെ പരിചരിച്ചിരുന്നത് പ്രമോദാണ്. ഇതിനു കഴിയാതായതിനെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക വിവരം. സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലായിരുന്നു.











